ഇന്ത്യക്ക് ചുണയുണ്ടെങ്കില്‍ ദാവൂദിനെ പിടികൂടൂ’ ഛോട്ടാ ഷക്കീല്‍

11:47 AM 12/05/2016
download (4)
ന്യൂഡല്‍ഹി: ചുണയുണ്ടെങ്കില്‍ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിനെ പിടിക്കൂവെന്ന് അടുത്ത അനുയായി ഛോട്ടാ ഷക്കീലിന്റെ വെല്ലുവിളി. ദാവൂദിന്റെ പാകിസ്താനിലെ വീടിന്റെ ദൃശ്യങ്ങള്‍ പ്രമുഖ ചാനല്‍ പുറത്തുവിട്ടതിന് പിന്നാലെയാണ് ഛോട്ടാ ഷക്കീല്‍ വെല്ലുവിളിയുമായി രംഗത്തെത്തിയത്. ദാവൂദ് പാകിസ്താനിലാണെന്ന വാദവും ഷക്കീല്‍ തള്ളിക്കളഞ്ഞു.

‘നിങ്ങള്‍ എന്തുകൊണ്ട് ദാവൂദിനെ പിടികൂടുന്നില്ല. നിങ്ങള്‍ പറയുന്നതുപോലെ അദ്ദേഹം പാകിസ്താനിലുണ്ടെങ്കില്‍ പോയി പിടികൂടണം.’ ഛോട്ടാ ഷക്കീല്‍ പറഞ്ഞു. കറാച്ചിയില്‍ നിരവധി പേര്‍ക്ക് ദാവൂദ് ഇബ്രാഹിം എന്ന പേരുണ്ടെന്നും വിഡിയോയില്‍ പറയുന്ന പേര് നിങ്ങളുദ്ദേശിക്കുന്ന ദാവൂദ് ഇബ്രാഹിമിനെയല്ലെന്നും ഷക്കീല്‍ ഫോണിലൂടെ അറിയിച്ചു.

1993ലെ മുംബൈ സ്‌ഫോടന പരമ്പര കേസില്‍ ഇന്ത്യ അന്വേഷിക്കുന്ന പിടികിട്ടാപ്പുള്ളിയാണ് ദാവൂദ് ഇബ്രാഹിം. ഇയാള്‍ പാകിസ്താനിലുണ്ടെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ നിരവധി തവണ അറിയിച്ചെങ്കിലും പാകിസ്താന്‍ അംഗീകരിച്ചിരുന്നില്ല.

ദക്ഷിണ കറാച്ചിയിലെ ക്‌ളിഫ്ടണ്‍ റോഡില്‍ സമ്പന്നര്‍ താമസിക്കുന്ന മേഖലയിലാണ് ദാവൂദ് താമസിക്കുന്നതെന്നാണ് ചാനല്‍ പുറത്തുവിട്ട വാര്‍ത്തയിലുള്ളത്. ദാവൂദിന്റെ വീടിന്റെ ദൃശ്യങ്ങളെന്ന് വ്യക്തമാക്കിയുള്ള വിഡിയോയും പുറത്തുവന്നിരുന്നു. പാകസ്താനിലെ പ്രമുഖ വ്യക്തിത്വങ്ങളാണ് അയല്‍ക്കാര്‍ എന്നാണ് വാര്‍ത്തയില്‍ പറയുന്നത്.