ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച

07:11 pm 30/9/2016
images (8)
കൊല്‍ക്കത്ത: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ ആദ്യദിനം കളിനിര്‍ത്തുമ്പോള്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 239 റണ്‍സെന്ന നിലയിലാണ്. 14 റണ്‍സോടെ വൃദ്ധിമാന്‍ സാഹയും റണ്‍സൊന്നുമെടുക്കാതെ രവീന്ദ്ര ജഡേജയും ക്രീസില്‍.
കാണ്‍പൂരില്‍ കളിച്ച ടീമില്‍ രണ്ടു മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയത്. കെ.എല്‍.രാഹുലിന് പകരം ശീഖര്‍ ധവാനും ഉമേഷ് യാദവിന് പകരം ഭുവനേശ്വര്‍ കുമാറും ടീമിലെത്തി. മികച്ച ഫോമിലുള്ള ഗംഭീറിന് പകരം ടീമിലെത്തിയ ധവാന്‍ തുടക്കത്തിലെ ഇന്ത്യയെ നിരാശപ്പെടുത്തി. ഒരു റണ്‍സെടുത്ത് ധവാന്‍ പുറത്തായതിന് പിന്നാലെ മുരളി വിജയ്(9), ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലി(9) എന്നിവര്‍ കൂടി മടങ്ങിയതോടെ 46/3 എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യ ശരിക്കും പരുങ്ങലിലായി. എന്നാല്‍ അവിടുന്നങ്ങോട്ട് കളി കൈയിലെടുത്ത ചേതേശ്വര്‍ പൂജാരയും അജിങ്ക്യാ രഹാനെയും ചേര്‍നന്ന് സെഞ്ചുറി കൂട്ടുകെട്ടിലൂടെ ഇന്ത്യയെ മുന്നോട്ട് നയിച്ചു.
സെഞ്ചുറിയിലേക്കെന്ന് തോന്നിച്ച പൂജാരയെ 87 റണ്‍സെടുത്തു നില്‍ക്കെ വാഗ്നര്‍ ഗപ്ടിലിന്റെ കൈകളിലെത്തിച്ചതോടെ ഇന്ത്യ വീണ്ടും തകര്‍ച്ചയിലേക്ക് വീണു. 187 റണ്‍സായിരുന്നു അപ്പോള്‍ ഇന്ത്യന്‍ സ്കോര്‍. പിന്നാലെ രോഹിത് ശര്‍മ(2) ഒരിക്കല്‍കൂടി നിരാശപ്പെടുത്തി മടങ്ങി. ജിതന്‍ പട്ടേലിനായിരുന്നു വിക്കറ്റ്. നിലയുറപ്പിച്ചിരുന്ന രഹാനെയെ(77) കൂടി മടക്കി പട്ടേല്‍ ഇന്ത്യയ്ക്ക് ഇരട്ടപ്രഹരമേല്‍പ്പിച്ചതോടെ ഇന്ത്യ ശരിക്കും പ്രതിസന്ധിയിലായി. 26 റണ്‍സെടുത്ത അശ്വിന്റെ പോരാട്ടം ഇന്ത്യയെ 200 കടത്തി. അശ്വിനെ വീഴ്ത്തി ഹെന്‍റി ആദ്യദിനം ന്യൂസിലന്‍ഡിന് മേല്‍ക്കൈ നല്‍കി.
ക്യാപ്റ്റന്‍ കെയ്ന്‍ വില്യാംസണ് വൈറസ് ബാധയെത്തുടര്‍ന്ന് കളിക്കാനാകാത്തതിനാല്‍ റോസ് ടെയ്‌ലറാണ് കളിയില്‍ ന്യൂസിലന്‍ഡിനെ നയിക്കുന്നത്.