ഇന്ത്യന്‍ അമേരിക്കന്‍ നഴ്‌സസ് അസ്സോസിയേഷന്‍ ഓഫ് ആല്‍ബനി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു

08:10 pm 21/10/2016

– മൊയ്തീന്‍ പുത്തന്‍ചിറ
Newsimg1_12190418
ആല്‍ബനി (ന്യൂയോര്‍ക്ക്): ഇന്ത്യന്‍ അമേരിക്കന്‍ നഴ്‌സസ് അസ്സോസിയേഷന്‍ ഓഫ് ആല്‍ബനി (ഐ.എ.എന്‍.എ.എ) യുടെ ഔദ്യോഗിക ഉദ്ഘാടനം ഒക്ടോബര്‍ 8 ശനിയാഴ്ച െ്രെകസ്റ്റ് ഔര്‍ ലൈറ്റ് ചര്‍ച്ച് (Christ Our Light Church, 1 Maria Drive, Albany, NY) ഹാളില്‍ വെച്ച് നടന്നു. കോണ്‍ഗ്രസ്മാന്‍ പോള്‍ ടോംഗോ, ഡോ. ആനി പോള്‍ (റോക്ക്‌ലന്റ് കൗണ്ടി ലെജിസ്ലേറ്റര്‍), സാറാ ഗബ്രിയേല്‍ (പ്രസിഡന്റ്, നാഷണല്‍ അസ്സോസിയേഷന്‍ ഓഫ് ഇന്ത്യന്‍ നഴ്‌സസ് ഓഫ് അമേരിക്ക) എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.

ആല്‍ബനിയിലെ സെന്റ് മേരീസ് സിറിയക് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് വികാരി റവ. ഫാ. ജോസഫ് വര്‍ഗീസിന്റെ പ്രാര്‍ത്ഥനയോടെ ഉദ്ഘാടന സമ്മേളനം ആരംഭിച്ചു. ഐ.എ.എന്‍.എ. പ്രസിഡന്റ് സുജാ തോമസ് എല്ലാവര്‍ക്കും സ്വാഗതമാശംസിച്ചതോടൊപ്പം ഇങ്ങനെയൊരു സംഘടന രൂപീകരിക്കാനുണ്ടായ കാരണങ്ങളും വിശദീകരിച്ചു. കുടുംബത്തില്‍ മാത്രമല്ല, സമൂഹത്തിലും ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ നിരവധിയാണ്. അജ്ഞത കൊണ്ടോ അശ്രദ്ധ കൊണ്ടോ പലരും അതില്‍ ശ്രദ്ധിക്കാറില്ല. ഒരു പ്രൊഫഷണല്‍ നഴ്‌സ് ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ ആല്‍ബനിയിലുള്ള 50 നഴ്‌സുമാര്‍ക്ക് ചെയ്യാന്‍ കഴിയും. ഐ.എ.എന്‍.എ. വഴി സമൂഹത്തിന് ഗുണകരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെയ്ക്കാനാകുമെന്ന പ്രതീക്ഷയാണ് ഞങ്ങള്‍ക്കുള്ളതെന്ന് സുജ വ്യക്തമാക്കി. ആല്‍ബനി സെന്റ് പീറ്റേഴ്‌സ് ഹോസ്പിറ്റല്‍ വഴി ഇന്ത്യയില്‍ നിന്ന് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാന്‍ സാധിച്ചത് തന്റെ നേട്ടമാണെന്ന് സുജ വ്യക്തമാക്കി. കൂടാതെ പ്രദേശത്തെ വിവിധ സംഘടനകളുമായി യോജിച്ച് ഹെല്‍ത്ത് അവബോധ ക്യാമ്പുകളും സംഘടിപ്പിച്ചത് സമൂഹത്തിന് വളരെയേറെ ഗുണം ചെയ്തുവെന്നും സുജ പറഞ്ഞു. അസ്സോസിയേഷന്റെ സുഗമമായ നടത്തിപ്പിന് ആല്‍ബനിയിലെ എല്ലാ നഴ്‌സുമാരും മുന്നോട്ടു വരണമെന്നും സുജ അഭ്യര്‍ത്ഥിച്ചു.

തുടര്‍ന്ന് മുഖ്യാതിഥികളായ കോണ്‍ഗ്രസ്മാന്‍ പോള്‍ ടോംഗോ, ഡോ. ആനി പോള്‍, സാറാ ഗബ്രിയേല്‍ എന്നിവരോടൊപ്പം, റവ. ഫാ. ജോസഫ് വര്‍ഗീസ്, ഡോ. മഞ്ജുനാഥ് (മെഡിക്കല്‍ ഡയറക്ടര്‍, ആല്‍ബനി മെഡിക്കല്‍ സെന്റര്‍), രാം മോഹന്‍ ലാലുക്കോട്ട (പ്രസിഡന്റ്, െ്രെടസിറ്റി ഇന്ത്യാ അസ്സോസിയേഷന്‍), ജേക്കബ് സിറിയക് (പ്രസിഡന്റ്, ക്യാപിറ്റല്‍ ഡിസ്ട്രിക്റ്റ് മലയാളി അസ്സോസിയേഷന്‍), സുജാ തോമസ് എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി ഐ.എ.എന്‍.എ.എ.യുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ആതുരശുശ്രൂഷാ രംഗത്ത് നഴ്‌സുമാര്‍ ചെയ്യുന്ന സേവനം വിലമതിക്കാനാവാത്തതാണെന്ന് കോണ്‍ഗ്രസ്മാന്‍ പോള്‍ ടോംഗോ തന്റെ പ്രസംഗത്തില്‍ സൂചിപ്പിച്ചു. പ്രത്യേകിച്ച് ഇന്ത്യന്‍ നഴ്‌സുമാരുടെ സേവനം പ്രശംസനീയമാണ്. ഇന്ത്യന്‍ കമ്മ്യൂണിറ്റിയുമായി തനിക്കുള്ള അഭേദ്യമായ ബന്ധം എല്ലാവര്‍ക്കും അറിയാവുന്നതാണ്. ചിക്കാഗോയില്‍ നിന്ന് പ്രത്യേക താല്പര്യമെടുത്ത് ആല്‍ബനിയിലെത്തുകയും, നാഷണല്‍ അസ്സോസിയേഷന്‍ ഓഫ് ഇന്ത്യന്‍ നഴ്‌സസ് ഓഫ് അമേരിക്കയുടെ 14ാമത്തെ ചാപ്റ്റര്‍ ആല്‍ബനിയില്‍ ആരംഭിക്കുകയും ചെയ്ത സാറാ ഗബ്രിയേലിനെ കോണ്‍ഗ്രസ്മാന്‍ പോള്‍ ടോംഗോ പ്രത്യേകം അഭിനന്ദിച്ചു. ഈ സംഘടന ഇനിയും വളര്‍ന്നു വലുതാകട്ടേ എന്നും അദ്ദേഹം ആശംസിച്ചു. അതുപോലെ നഴ്‌സിംഗ് പ്രൊഫഷനില്‍ നിന്ന് റോക്ക്‌ലാന്റ് കൗണ്ടി ലെജിസ്ലേറ്റര്‍ പദവിയിലേക്ക് ചുവടുവെച്ച ഡോ. ആനി പോളിനേയും അദ്ദേഹം അഭിനന്ദിച്ചു. ഡോ. ആനി പോള്‍ സമൂഹത്തിന് ഒരു മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ കമ്മ്യൂണിറ്റിക്കു മാത്രമല്ല എല്ലാ പൗരന്മാര്‍ക്കും ഇന്ത്യന്‍ അമേരിക്കന്‍ നഴ്‌സുമാരുടെ സേവനം ലഭ്യമാകട്ടേ എന്നും അദ്ദേഹം ആശംസിച്ചു. ഇന്ത്യന്‍ അമേരിക്കന്‍ നഴ്‌സസ് അസ്സോസിയേഷന്‍ എന്ന ബാനറില്‍ സംഘടിക്കുന്ന നിങ്ങള്‍ തീര്‍ച്ചയായും സമൂഹത്തിനാവശ്യമായ ഹെല്‍ത്ത്‌കെയര്‍ സിസ്റ്റത്തിന് ശക്തി പകരുമെന്നുറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തുടര്‍ന്ന് ഇന്ത്യന്‍ അമേരിക്കന്‍ നഴ്‌സസ് അസ്സോസിയേഷന്‍ ഓഫ് ആല്‍ബനിയുടെ വെബ്‌സൈറ്റ് അദ്ദേഹം ഉദ്ഘാടനം ചെയ്തു.

തുടര്‍ന്ന് ഡോ. ആനി പോള്‍ തന്റെ പ്രവര്‍ത്തന മേഖലയെക്കുറിച്ച് വിശദമായി സംസാരിച്ചു. നഴ്‌സിംഗ് പ്രൊഫഷനില്‍ നിന്ന് രാഷ്ട്രീയവേദിയിലെക്കുള്ള ചുവടുവെയ്പില്‍ വേണ്ട അറിവോ പരിശീലനമോ ഇല്ലാതെയാണ് താന്‍ മുന്നിട്ടിറങ്ങിയതെന്നും, ദൃഢമായ വിശ്വാസമുണ്ടെങ്കില്‍ ഏതു മേഖലയും നമുക്ക് പിടിച്ചടക്കാവുന്നതേ ഉള്ളൂ എന്നും ഡോ. ആനി പോള്‍ ഉദാഹരണമായി ചൂണ്ടിക്കാട്ടി. നഴ്‌സുമാര്‍ക്ക് ഒരു സംഘടന എന്ന ആശയം മനസ്സിലുദിച്ചപ്പോള്‍ ഷിക്കാഗോയിലുള്ള സാറാ ഗബ്രിയേലുമായി സംസാരിച്ചതും ആ ആശയം വളര്‍ന്നു വലുതായി ഇന്ന് 14 ചാപറ്ററുകളിലായി പന്തലിച്ചു നില്‍ക്കുന്നതു കാണുമ്പോള്‍ ആത്മസംതൃപ്തിയാണുള്ളതെന്നും ഡോ. ആനി പോള്‍ പറഞ്ഞു. ഏതു കാര്യങ്ങള്‍ക്കും ഇറങ്ങിപ്പുറപ്പെടുന്നതിനു മുന്‍പ് ഹോംവര്‍ക്ക് വളരെ അത്യാവശ്യമാണ്. അങ്ങനെ സൂക്ഷ്മമായി പ്ലാന്‍ ചെയ്താല്‍ എല്ലാം ഭംഗിയായി നടക്കും. പഠനത്തോടൊപ്പം അറിവും ലഭിക്കണം. എങ്കിലേ ഏതു മേഖലയിലും വിജയിക്കാന്‍ സാധിക്കൂ. ആല്‍ബനിയില്‍ സുജ തോമസിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ അമേരിക്കന്‍ നഴ്‌സസ് അസ്സോസിയേഷന്‍ രൂപീകരിച്ചതിലും ആ വേദിയില്‍ നിങ്ങളെ അഭിസംബോധന ചെയ്യാന്‍ ഭാഗ്യം സിദ്ധിച്ചതിലും ഏറെ കൃതാര്‍ത്ഥതയാണെന്ന് ഡോ. ആനി പോള്‍ പ്രസ്താവിച്ചു.

ചെറിയ സംരംഭത്തില്‍ തുടങ്ങി അമേരിക്കയിലങ്ങോളമിങ്ങോളം പതിമൂന്ന് ചാപ്റ്ററുകള്‍ രൂപീകരിച്ച് ആല്‍ബനിയില്‍ പതിനാലാമത്തെ ചാപ്റ്റര്‍ രൂപീകരിക്കുന്ന ഇന്ത്യന്‍ അമേരിക്കന്‍ നഴ്‌സസ് അസ്സോസിയേഷനും, ഇതിന്റെ പുറകില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും നാഷണല്‍ അസ്സോസിയേഷന്‍ ഓഫ് ഇന്ത്യന്‍ നഴ്‌സസ് ഓഫ് അമേരിക്ക പ്രസിഡന്റ് സാറാ ഗബ്രിയേല്‍ കൃതജ്ഞത രേഖപ്പെടുത്തി. വളരെയധികം പ്രയത്‌നങ്ങളും പ്രയാസങ്ങളും സഹിച്ച്, എല്ലാ നഴ്‌സുമാരേയും ഒരു കുടക്കീഴില്‍ കൊണ്ടുവരണമെന്ന സദുദ്ദേശത്തോടെ തുടങ്ങിവെച്ച പ്രസ്ഥാനം ഇത്രയധികം വളര്‍ന്നു വലുതാകണമെങ്കില്‍ തീര്‍ച്ചയായും അതിന്റെ പുറകില്‍ നിരവധി പേരുടെ അദ്ധ്വാനമുണ്ടെന്ന് സാറാ ഗബ്രിയേല്‍ തന്റെ ആശംസാപ്രസംഗത്തില്‍ പറഞ്ഞു.

കഴിവും പ്രാപ്തിയുമുള്ള, ഊര്‍ജ്ജസ്വലരായ അനേകം നഴ്‌സുമാര്‍ നമ്മുടെ സമൂഹത്തിലുണ്ട്. അവരെ പ്രോത്സാഹിപ്പിക്കുകയും അവര്‍ക്കുവേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി ഉന്നതിയിലേക്ക് എത്തിക്കുകയും ചെയ്യുക എന്നതാണ് ഈ കൂട്ടായ്മയുടെ ലക്ഷ്യം. അതോടൊപ്പം ഇന്ന് ലോകമൊട്ടാകെ അംഗീകരിക്കുന്ന, ആദരിക്കുന്ന, പ്രൊഫഷനായി നഴ്‌സിംഗ് രംഗം മാറിക്കഴിഞ്ഞു.

ആതുരശുശ്രൂഷാ രംഗത്ത് പുരോഗമനപരമായ പല മാറ്റങ്ങളും കൊണ്ടുവരാന്‍ നഴ്‌സുമാര്‍ക്ക് കഴിയും. ഒരു സംഘടനയുടെ കീഴിലാണെങ്കില്‍ പൊതുസമൂഹത്തിനും അതിന്റെ ഗുണങ്ങളും ലഭിക്കും. നഴ്‌സുമാര്‍ക്ക് മാത്രമല്ല, എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഉപകാരപ്രദമായ പദ്ധതികളാണ് ലക്ഷ്യമെന്നും സാറാ ഗബ്രിയേല്‍ പറഞ്ഞു. ഇന്ത്യന്‍ സമൂഹം പൊതുവെ പുരുഷാധിപത്യത്തില്‍ ജീവിക്കുന്നവരാണ്. അതുകൊണ്ടു തന്നെ സ്ത്രീകള്‍ നിബന്ധനകളുടെ ചട്ടക്കൂടുകളില്‍ ജീവിക്കാന്‍ നിര്‍ബ്ബന്ധിതരാകുന്നു. നഴ്‌സുമാര്‍ എത്ര ജോലി വേണമെങ്കിലും ചെയ്ത് ഏത് പാതിരാത്രിക്കും വരാം. എന്നാല്‍, ഏതെങ്കിലും മീറ്റിംഗിനോ സമ്മേളനത്തിനോ പോകണമെന്നു പറഞ്ഞാല്‍ അത് നിരാകരിക്കുകയും ചെയ്യും. ഈ പ്രവണത ഒരു പരിധിവരെ നല്ലതാണെന്നും സാറ ഗബ്രിയേല്‍ പറഞ്ഞു.

ഷിക്കാഗോയില്‍ നിന്ന് ആല്‍ബനി വരെ യാത്ര ചെയ്ത് ഈ സമ്മേളനത്തില്‍ പങ്കെടുത്ത സാറാ ഗബ്രിയേലിനെ സദസ്സിന് പരിചയപ്പെടുത്തിയത് മിനി തരിയന്‍ ആയിരുന്നു.

ഡോ. ജെന്നി റൊമേരോ എം.ഡി. (ഒങ്കോളജിസ്റ്റ്) ക്യാന്‍സര്‍ സ്ക്രീനിംഗിനെക്കുറിച്ച് സംസാരിച്ചു. ക്യാന്‍സര്‍ രോഗനിവാരണം, പ്രതിവിധി, പ്രതിരോധം എന്നിവയെക്കുറിച്ച് ഡോ. ജെന്നി വിശദീകരിച്ചു. അതോടൊപ്പം നഴ്‌സുമാര്‍ക്ക് സമൂഹത്തിനു നല്‍കാവുന്ന സേവനങ്ങളെക്കുറിച്ചും പരാമര്‍ശിച്ചു. ആല്‍ബനിയിലെ നഴ്‌സ് സമൂഹത്തിന് എല്ലാ ആശംസകളും അവര്‍ നേര്‍ന്നു.

തുടര്‍ന്ന് ഡോ. മഞ്ജുനാഥ് (മെഡിക്കല്‍ ഡയറക്ടര്‍, ആല്‍ബനി മെഡിക്കല്‍ സെന്റര്‍), റവ. ഫാ. ജോസഫ് വര്‍ഗീസ് (വികാരി, സെന്റ് മേരീസ് സിറിയക് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, ആല്‍ബനി), പീറ്റര്‍ തോമസ് (ബോര്‍ഡ് ചെയര്‍മാന്‍, െ്രെടസിറ്റി ഇന്ത്യാ അസ്സോസിയേഷന്‍, ആല്‍ബനി), ജേക്കബ് സിറിയക് (പ്രസിഡന്റ്, ക്യാപിറ്റല്‍ ഡിസ്ട്രിക്റ്റ് മലയാളി അസ്സോസിയേഷന്‍, ആല്‍ബനി) എന്നിവര്‍ ആശംസാപ്രസംഗം നടത്തി.

രചനാ മാത്യുവിന്റെ ഭരതനാട്യം (എന്നും എപ്പോഴും), അന്നാബെല്‍ ട്രീസാ ജിജി, അന്നലിസ് തെരേസാ ജിജി, ജിയ മരിയ ജോബ് എന്നീ കുട്ടികളുടെ സംഘഗാനം, ആല്‍ഫാ മത്തായി, അഞ്ജന കുരിയന്‍, അഞ്ജലി കുരിയന്‍, അന്നാബെല്‍ ട്രീസാ ജിജി, അന്നലിസ് തെരേസാ ജിജി എന്നീ കുട്ടികളുടെ ഗ്രൂപ്പ് ഡാന്‍സ്, ആന്‍ഡ്രിയാ തോമസിന്റെ ഫ്യൂഷന്‍ ഡാന്‍സ് എന്നിവ സമ്മേളനത്തിന് മാറ്റുകൂട്ടി.

ആന്‍ തോമസ് (കള്‍ച്ചറല്‍ പ്രോഗ്രാം), അമല്‍ തോമസ് എന്നിവര്‍ എം.സി.മാരായി പ്രവര്‍ത്തിച്ചു.

ഇന്ത്യന്‍ അമേരിക്കന്‍ നഴ്‌സസ് അസ്സോസിയേഷന്‍ ഓഫ് ആല്‍ബനി സെക്രട്ടറി സപ്ന മത്തായി നന്ദിപ്രകടനം നടത്തി.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സുജ തോമസ് 518 542 0276, സപ്‌ന മത്തായി 518 428 5061.
വെബ്: www.ianaa.nursingnetwork.com