ഇന്ത്യന്‍ – അമേരിക്കന്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു

11:35 am 16/11/2016

പി.പി. ചെറിയാന്‍
Newsimg1_12408839
സാക്രമെന്റോ: ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ത്ഥി ഗുര്‍ണൂര്‍ സിംഗ് നഹല്‍ (17) വീടിനു മുന്നിലുള്ള ഗാരേജിനു സമീപം വെടിയേറ്റ് മരിച്ചു. നവംബര്‍ എട്ടിനായിരുന്നു സംഭവം.

ഇന്റര്‍കും ഹൈസ്കൂളില്‍ നിന്നും 2017 സ്പ്രീംഗില്‍ ഗ്രാജ്വേറ്റ് ചെയ്യാനിരിക്കെയാണ് നഹല്‍ കൊല്ലപ്പെട്ടത്. പിതാവിന്റെ കടയില്‍ നിന്നും രാത്രി പത്തുമണിയോടെ വീടിനു സമീപം എത്തി, കാറില്‍ നിന്നും ഇറങ്ങുന്നതിനിടെയാണ് നഹാലിന് അക്രമിയുടെ വെടിയേറ്റത്.

വലിയ ശബ്ദം കേട്ട് പുറത്തിറങ്ങി വന്ന നഹലിന്റെ മുത്തശ്ശിയാണ് വെടിയേറ്റ് കിടക്കുന്ന കൊച്ചുമകനെ ആദ്യം കണ്ടത്. നഹല്‍ സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചതായി പോലീസ് അറിയിച്ചു. കടയില്‍ നിന്നുള്ള കളക്ഷനുമായാണ് നഹല്‍ വീട്ടിലേക്ക് തിരിച്ചത്. കൊലയാളി നഹലിനെ പിന്തുടര്‍ന്ന് വീടിനു സമീപമെത്തിയപ്പോള്‍ വെടിവെച്ചതാകാമെന്ന് പോലീസ് പറഞ്ഞു.

കാറില്‍ സൂക്ഷിച്ചിരുന്ന പണം നഷ്ടപ്പെട്ടിട്ടില്ല. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. വീട്ടുലുള്ളവര്‍ തെരഞ്ഞെടുപ്പിന്റെ വാര്‍ത്ത കേള്‍ക്കുന്ന തിരക്കിലായതിനാല്‍ പുറത്തു നടന്ന സംഭവം അറിഞ്ഞില്ല. കവര്‍ച്ചാ ശ്രമമാണോ, അതോ മറ്റു കാരണങ്ങളാണോ വെടിവെയ്ക്കാന്‍ കൊലയാളിയെ പ്രേരിപ്പിച്ചതെന്നു വ്യക്തമല്ല.