ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഗുജറാത്ത് ലയണ്‍സിന് മൂന്നു വിക്കറ്റിന്റെ ജയം

01:15pm 30/4/2016
download (8)
പുനെ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്നലെ നടന്ന ആവേശകരമായ മത്സരത്തില്‍ ഗുജറാത്ത് ലയണ്‍സിന് മൂന്നു വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന ജയം. സ്റ്റീവന്‍ സ്മിത്തിന്റെ സെഞ്ചുറി(101)ക്ക് ടീം ഗെയിമിലൂടെ മറുപടി നല്‍കിയപ്പോള്‍ 195 റണ്‍സ് എന്ന കൂറ്റന്‍ ലക്ഷ്യം ഏഴു വിക്കറ്റ് നഷ്ടത്തില്‍ ഗുജറാത്ത് മറികടന്നു.
ലീഗില്‍ ഏഴു മത്സരങ്ങളില്‍ നിന്ന് അവരുടെ ആറാം ജയമാണിത്. പോയിന്റ് നിലയില്‍ ഒന്നാം സ്ഥാനത്തുള്ള അവര്‍ക്ക് 12 പോയിന്റായി.
പുനെയുടെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പുനെ സ്മിത്തിന്റെ കരുത്തില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ പുനെ അവസാന പന്തില്‍ 196 റണ്‍സ് നേടി ലക്ഷ്യം കണ്ടു.
ഓപ്പണര്‍മാരായ ഡ്വെയ്ന്‍ സ്മിത്തിന്റെയും ബ്രണ്ടന്‍ മക്കല്ലത്തിന്റെയും മികച്ച പ്രകടനമാണ് ഗുജറാത്തിനെ ജയത്തിലേക്ക് നയിച്ചത്. സ്മിത്ത് 37 പന്തില്‍ നിന്ന് ഒമ്പതു ബൗണ്ടറികളുടെയും ഒരു സിക്‌സറിന്റെയും അകമ്പടിയോടെ 63 റണ്‍സ് നേടിയപ്പോള്‍ 22 പന്തില്‍ നിന്ന് അഞ്ചു ബൗണ്ടറികളും ഒരു സിക്‌സറുമടക്കം 43 റണ്‍സാണ് മക്കല്ലം അടിച്ചത്.
ഒന്നാം വിക്കറ്റില്‍ എട്ടോവറില്‍ നിന്ന് ഇവര്‍ കൂട്ടിച്ചേര്‍ 93 റണ്‍സാണ് വിജയത്തിലേക്ക് കുതിക്കാന്‍ ഗുജറാത്തിന് കരുത്ത് പകര്‍ന്നത്. ഇവര്‍ പുറത്തായ ശേഷം നായകന്‍ സുരേഷ് റെയ്‌നയും(28 പന്തില്‍ 34) ദിനേഷ് കാര്‍ത്തിക്കും(20 പന്തില്‍ 33) ചേര്‍ന്ന് ടീമിനെ വിജയത്തിന് അരികെ എത്തിച്ചു.
എന്നാല്‍ അവസാന ഓവറുകളില്‍ തുടരെ വിക്കറ്റ് നഷ്ടമായത് ഗുജറാത്ത് കുതിപ്പിന് കടിഞ്ഞാണിട്ടു. ഒടുവില്‍ അവസാന ഓവറില്‍ അഞ്ചു വിക്കറ്റ് ശേഷിക്കെ ഒമ്പത് റണ്‍സ് ജയിക്കാന്‍ വേണമെന്നിരിക്കെ രണ്ടു വിക്കറ്റ് കൂടി നഷ്ടപ്പെടുത്തി അവസാന പന്തില്‍ ഗുജറാത്ത് ജയം പിടിച്ചെടുക്കുകയായിരുന്നു.
നേരത്തെ തകര്‍പ്പന്‍ സെഞ്ചുറി നേടിയ സ്റ്റീവന്‍ സ്മിത്തിന്റെ ബാറ്റിങ് കരുത്താണ് പുനെയ്ക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. 54 പന്തില്‍ നിന്ന് എട്ടു ബൗണ്ടറികളും അഞ്ചു സിക്‌സറുകളും പറത്തിയാണ് സ്മിത്ത് 101 റണ്‍സ് നേടിയത്.
സ്മിത്തിനു പുറമേ 45 പന്തില്‍ നിന്ന് അഞ്ചു ബൗണ്ടറിളോടെ 53 റണ്‍സ് നേടിയ ഓപ്പണര്‍ അജിന്‍ക്യ രഹാനെയും 18 പന്തില്‍ നിന്ന് രണ്ടു വീതം ബൗണ്ടറികളും സിക്‌സറുകളും പായിച്ച് 30 റണ്‍സ് നേടിയ നായകന്‍ മഹേന്ദ്ര സിങ് ധോണിയും തിളങ്ങി.
തകര്‍ച്ചയോടെയായിരുന്നു പുനെയുടെ തുടക്കം സ്ഥാനക്കയറ്റം കിട്ടിയെത്തിയ ഓപ്പണര്‍ സൗരഭ് തിവാരിയുടെ(1) അവര്‍ക്ക് ആദ്യമേ നഷ്ടമായി. ഗുജറാത്ത് നായകന്‍ സുരേഷ് റെയ്‌നയുടെ നേരിട്ടുള്ള ഏറില്‍ സൗരഭ് റണ്ണൗട്ടാകുകയായിരുന്നു.
എന്നാല്‍ രണ്ടാം വിക്കറ്റില്‍ സ്മിത്തും രഹാനെയും ഒന്നിച്ചതോടെ ഗുജറാത്ത് ബൗളിങ് തന്ത്രങ്ങള്‍ പിഴച്ചു. ഇരുവരും ചേര്‍ന്ന് 111 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.