ഇന്ത്യന്‍ വനിത പര്‍വി പട്ടേല്‍ ജയില്‍ വിമോചിതയായി

11.50 AM 07-09-2016
unnamed (2)
പി.പി. ചെറിയാന്‍
ഇന്ത്യാനപൊലീസ് : സ്വയം ഗര്‍ഭചിദ്രത്തിന് വിധേയയായി പൂര്‍ണ്ണ വളര്‍ച്ചയെത്താത്ത ജീവനുളള കുഞ്ഞിനെ വീടിനു പുറകിലുളള ട്രാഷ് കാനില്‍ നിക്ഷേപിച്ച കേസില്‍ ഇന്ത്യന്‍ വനിത പര്‍വി പട്ടേലിന് (35) നല്‍കിയിരുന്ന 20 വര്‍ഷത്തെ തടവ് ശിക്ഷ അവസാനിപ്പിച്ചു സ്വതന്ത്രയാക്കുന്നതിന് കോടതി ഉത്തരവിട്ടു. ചൈല്‍ഡ് നെഗ് ലറ്റിന് ഓഗസ്റ്റ് 31 ന് സെന്റ് ജോസഫ്‌സ് കൗണ്ടി ജഡ്ജി 18 മാസം തടവ് ശിക്ഷ വിധിച്ചിരുന്നു. ഇതിനകം 18 മാസം ശിക്ഷ അനുഭവിച്ചു കഴിഞ്ഞതായി കോടതി കണ്ടെത്തി.
കോടതി ഉത്തരവിനെ തുടര്‍ന്ന് സെപ്റ്റംബര്‍ 1 ന് പര്‍വി പട്ടേലിനെ ജയില്‍ വിമുക്തയാക്കിയതായി ഇന്ത്യാന ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കറക്ഷന്‍ വക്താവ് ഡഗ് ഗാരിസണ്‍ അറിയിച്ചു. ഇന്ത്യാനയില്‍ സ്ത്രീകള്‍ക്ക് വേണ്ടിയുളള ജിയിലില്‍ നിന്നും രാവിലെ പത്ത് മണിക്ക് പുറത്തിറങ്ങിയ പര്‍വി പട്ടേലിനെ സ്വീകരിക്കുവാന്‍ കുടുംബാംഗങ്ങളും സുഹൃത്തുക്കളും എത്തിച്ചേര്‍ന്നിരുന്നു.
2013 ജൂലൈ മാസമായിരുന്നു സംഭവം. ഇന്റര്‍നെറ്റുവഴി ഗുളികകള്‍ ഓര്‍ഡര്‍ ചെയ്താണ് പര്‍വി ഗര്‍ഭ ചിദ്രം നടത്തിയത്. 25 മാസം പ്രായമായ കുഞ്ഞു ജനിച്ചതിനുശേഷം ശ്വാസോച്ഛ്വാസം ചെയ്തിരുന്നതായി ഡോക്ടര്‍മാര്‍ പറയുന്നു. ഗര്‍ഭ ചിദ്രത്തിനുശേഷം ഉണ്ടായ രക്ത സ്രാവം തടയുന്നതിന് പര്‍വി ആശുപത്രിയില്‍ ചികിത്സ തേടിയതോടെയാണ് വിവരം പുറത്തറിയുന്നത്.
കുഞ്ഞ് പുറത്തുവരുമ്പോള്‍ തന്നെ മരിച്ചിരുന്നു എന്ന വാദം കോടതി തളളിയാണ് 2015 ല്‍ 20 വര്‍ഷത്തെ തടവിന് ശിക്ഷിച്ചത്. ഗര്‍ഭചിദ്രം നടത്തുന്നതിന് സ്ത്രീകള്‍ക്ക് അവകാശമുണ്ടെന്ന് വാദം ഉയര്‍ത്തി നിരവധി സംഘടനകള്‍ പര്‍വിയുടെ ശിക്ഷയ്‌ക്കെതിരെ രംഗത്തെയിരുന്നു. കോടതി വിധിക്കെതിരെ സംസ്ഥാനം അപ്പീല്‍ നല്‍കുന്നതല്ലെന്നു അറ്റോര്‍ണി അറിയിച്ചു.