ഇന്ത്യന്‍ വിജയം റോസ്റ്റ് ചെയ്ത് ചേസ്; വെസ്റ്റ് ഇന്‍ഡീസിന് സമനില

03:01pm 4/8/2016

download
കിംഗ്സ്റ്റണ്‍: ഇന്ത്യ-വെസ്റ്റിന്‍ഡീസ് രണ്ടാം ടെസ്റ്റ് സമനിലയില്‍. അഞ്ചാം ദിനം തോല്‍വി ഒഴിവാക്കാന്‍ പൊരുതിക്കളിച്ച വെസ്റ്റ് ഇന്‍ഡീസ് ആറു വിക്കറ്റ് നഷ്ടത്തില്‍ 388 റണ്‍സ് നേടി. സെഞ്ചുറി നേടി പുറത്താകാതെനിന്ന റോസ്റ്റണ്‍ ചേസിന്റെയും (137), അര്‍ദ്ധസെഞ്ചുറി നേടിയ ജേസണ്‍ ഹോള്‍ഡറുടെയും (64) ബാറ്റിംഗാണ് ആതിഥേയര്‍ക്ക് കരുത്തായത്.

നാല് വിക്കറ്റിന് 48 എന്ന നിലയില്‍ അഞ്ചാം ദിനം ഇറങ്ങിയ ആതിഥേയര്‍ക്കായി ബ്ലാക്‌വുഡ് 63 റണ്‍സും ഷെയിന്‍ ഡൗറിച്ച് 74 റണ്‍സും നേടി മികച്ച പ്രകടനം കാഴ്ചവച്ചു. പിന്നീട് ഇരുവരും പുറത്തായെങ്കിലും ഹോള്‍ഡര്‍-ചേസ് സഖ്യം പുറത്താകാതെ അതിഥേയരെ പിടിച്ചുനിര്‍ത്തി. റോസ്റ്റണ്‍ ചേസിന്റെ ആദ്യ ടെസ്റ്റ് സെഞ്ചുറിയാണ് മത്സരത്തില്‍ പിറന്നത്. നാലാം ദിനം മഴ പെയ്തതിനെത്തുര്‍ന്ന് വിന്‍ഡീസ് സ്‌കോര്‍ നാലു വിക്കറ്റിന് 48ലെത്തിയപ്പോളാണ് മത്സരം നിര്‍ത്തേണ്ടിവന്നത്.

അഞ്ചാം ദിനം ഇന്ത്യന്‍ ബൗളര്‍മാര്‍ വിക്കറ്റിനായി കിണഞ്ഞു പരിശ്രമിച്ചിട്ടും വിന്‍ഡീസ് ബാറ്റ്‌സ്മാന്‍മാര്‍ അവരെ നിരാശപ്പെടുത്തുന്നതാണ് കാണാന്‍ കഴിഞ്ഞത്. ഇന്ത്യ ഒന്നാം ഇന്നിംഗ്‌സ് ഒമ്പത് വിക്കറ്റിന് 500 റണ്‍സ് എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തിരുന്നു. വിന്‍ഡീസ് ആദ്യ ഇന്നിംഗ്‌സില്‍ 196നു പുറത്തായിരുന്നു.