ഇന്ത്യൻ കരാർ ലഭിക്കുന്നതിന് റോൾസ് റോയ്സ് കോഴ നൽകിയത് 10 ദശലക്ഷം പൗണ്ട

03:56 PM 01/11/2016
download (6)
ന്യൂഡൽഹി: പ്രതിരോധ രംഗത്തെ ഭീമൻമാരായ റോൾസ് റോയ്സ് ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്ന് കരാറുകൾ ലഭിക്കാനായി പത്ത് ദശലക്ഷം പൗണ്ട് കൈക്കൂലി നൽകിയതായി വെളിപ്പെടുത്തൽ. ഇന്ത്യൻ വ്യോമസേന വിമാനമായ ഹോക്ക് എയർക്രാഫ്റ്റിന്‍റെ എൻജിനുകളുടെ കരാർ ലഭിക്കുന്നതിനായി ഇന്ത്യൻ ഏജന്‍റിന് വലിയ തുക കോഴയായി നൽകിയതെന്നാണ് ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

തങ്ങളുടെ വരുമാനം വർധിപ്പിക്കാനായി വർഷങ്ങളായി ഇത്തരം വഴിവിട്ട ഇടപാടുകൾ റോൾസ് റോയ്സ് നടത്തിയതായി ഇതിലൂടെ തെളിഞ്ഞിരിക്കുകയാണ്. ഗാർഡിയനും ബി.ബി.സിയും നടത്തിയ അന്വേഷണത്തിലാണ് വിവരങ്ങൾ പുറത്തുവന്നത്.

ഇന്ത്യൻ ആയുധ വ്യാപാരിയായ സുധീർ ചൗധരിക്കാണ് ഇത്തരത്തിൽ പണം ലഭിച്ചതെന്ന് ബി.ബി.സി റിപ്പോർട്ട് ചെയ്യുന്നു. നേരത്തേ തന്നെ ഇന്ത്യൻ സർക്കാറിന്‍റെ കരിമ്പട്ടികയിൽ ഉൾപ്പെട്ട ഇയാൾ ലണ്ടനിലാണ് സ്ഥിരതാമസം. എന്നാൽ സുധീർ ചൗധരി ഇന്ത്യൻ സർക്കാറിന് കോഴ നൽകുകയോ നിയമവിധേയമല്ലാത്ത ആയുധ വ്യാപാരത്തിന് ഇടനിലക്കാരനായി പ്രവർത്തിക്കുകയോ ചെയ്തിട്ടില്ലെന്ന് ഇയാളുടെ അഭിഭാഷകൻ വ്യക്തമാക്കി.

അതേസമയം, റോൾസ് റോയ് ആരോപണങ്ങളോട് പ്രതികരിക്കാൻ തയാറായില്ല. ഇക്കാര്യങ്ങൾ അന്വേഷിക്കുന്ന ഏജൻസികളോട് പൂർണമായി സഹകരിക്കുമെന്നും അതേക്കുറിച്ച മറ്റാരോടും പ്രതികരിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും അവർ വ്യക്തമാക്കി.