ഇന്ത്യൻ ടി.വി, റേഡിയോ പരിപാടികൾക്ക് പാകിസ്താനിൽ സമ്പൂർണ വിലക്ക്

12:34 PM 20/10/2016

download (8)

ഇസ്ലാമാബാദ്: ഇന്ത്യൻ ടി.വി, റേഡിയോ പരിപാടികൾക്ക് വെള്ളിയാഴ്ച മുതൽ പാകിസ്താനിൽ സമ്പൂർണ വിലക്ക്. പാകിസ്താനിലെ ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റി (പി.ഇ.എം.ആർ.എ) യാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. ഈ ഉത്തരവ് ലംഘിക്കുന്ന മാധ്യമങ്ങളുടെ ലൈസന്‍സ് റദ്ദാക്കുമെന്നും അതോറിറ്റി അധികൃതര്‍ മുന്നറിയിപ്പു നല്‍കി. ഒക്ടോബർ 21 വെള്ളിയാഴ്ച വൈകീട്ട് മൂന്നു മുതലാണ് നിരോധം ആരംഭിക്കുക. ഇത് ലംഘിക്കുന്നവരുടെ ലൈസൻസുകൾ മറ്റൊരു മുന്നിയിപ്പില്ലാതെ തന്നെ റദ്ദ് ചെയ്യുമെന്നും പ്രസ്താവനയിൽ പറയുന്നു. ഫെഡറൽ ഗവൺമെന്‍റിന്‍റെ അഭ്യർഥന പ്രകാരമാണ് നടപടിയെന്നും അതോറിറ്റി അറിയിച്ചു. പാകിസ്താന്‍ മാധ്യമങ്ങളില്‍ അഞ്ച് ശതമാനം വിദേശ ഉള്ളടക്കം മാത്രമാണ് അനുവദിക്കപ്പെട്ടിരുന്നത്. പാകിസ്താനിലെ പ്രാദേശിക ചാനലുകളില്‍ ഇന്ത്യയില്‍ നിന്നുള്ള ഉള്ളടക്കം വർധിക്കുന്നു എന്ന പരാതിയെ തുടർന്നാണ് നടപടി. വിദേശ ചാനലുകൾ പരമാവധി നിയന്ത്രിക്കാൻ ആഗസ്റ്റിൽ തന്നെ പാകിസ്താൻ തീരുമാനിച്ചിരുന്നു. അതിർത്തിയിൽ ഇന്ത്യ–പാക് ബന്ധം വഷളായതിന്‍റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനമെന്നും പി.ഇ.എം.ആർ.എ അറിയിച്ചു. പാക് മുന്‍ പ്രസിഡന്‍റ് പര്‍വേശ് മുശർറഫിന്‍റെ കാലത്ത് 2006 ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് പാകിസ്താനില്‍ സംപ്രേഷണാനുമതി നല്‍കിയത്. ഈ ലൈസന്‍സ് റദ്ദാക്കാനാണ് തീരുമാനം.