ഇന്ത്യൻ സൈന്യം തിരിച്ചടിക്കുന്നു; രണ്ട് പാക് സൈനികർ കൊല്ലപ്പെട്ടു

09:45 am 2/11/2016

images

ജമ്മു: വെടിനിര്‍ത്തല്‍ ലംഘിച്ച് പാകിസ്താന്‍ സൈന്യത്തിന്‍െറ കടന്നാക്രമണം തുടരുന്നു. ചൊവ്വാഴ്ച രാവിലെ തുടങ്ങിയ വെടിവെപ്പിലും മോര്‍ട്ടാര്‍ ആക്രമണത്തിലും എട്ട് സിവിലിയന്മാര്‍ കൊല്ലപ്പെടുകയും 22 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സാംബ, ജമ്മു, പൂഞ്ച്, രജൗരി ജില്ലകളിലെ അന്താരാഷ്ട്ര അതിര്‍ത്തിയിലും നിയന്ത്രണരേഖയിലുമാണ് പാക് സൈന്യം ആക്രമണം തുടരുന്നത്.

അതേസമയം, രജൗരി ജില്ലയിലെ നൗഷേറ സെക്ടറില്‍ സൈന്യം നടത്തിയ തിരിച്ചടിയില്‍ രണ്ട് പാക് സൈനികരെ വധിച്ചതായി കരസേനാ വൃത്തങ്ങള്‍ പറഞ്ഞു. രജൗരി, ജമ്മു, പൂഞ്ച് ജില്ലകളില്‍ 82-120 എം.എം ബോംബുകള്‍ പതിച്ചാണ് രണ്ട് സ്ത്രീകള്‍ കൊല്ലപ്പെടുകയും 13പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത്. സാംബ ജില്ലയിലെ രാംഗഡ് സെക്ടറിലുണ്ടായ ഷെല്‍വര്‍ഷത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടതിനൊപ്പം ഒമ്പതുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി സാംബ ഡെപ്യൂട്ടി കമീഷണര്‍ ശീതള്‍ നന്ദ പറഞ്ഞു. ഇതേ സ്ഥലത്ത് ഷെല്‍ പതിച്ചപ്പോഴുണ്ടായ ആഘാതത്തിലാണ് മറ്റൊരാള്‍ മരിച്ചത്. പരിക്കേറ്റ മൂന്നുപേരെ രാംഗഡ് ആശുപത്രിയിലും മറ്റുള്ളവരെ ജമ്മു ജി.എം.സി ആശുപത്രിയിലും പ്രവേശിപ്പിച്ചു. നൗഷേര സെക്ടറില്‍ ഷെല്‍പതിച്ച് മൂന്ന് സൈനിക പോര്‍ട്ടര്‍മാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. അതിനിടെ, ബന്ദിപ്പൊരയിലെ അജാറില്‍ സുരക്ഷാസേനയും ഭീകരരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായതായി റിപ്പോര്‍ട്ടുണ്ട്.