ഇന്ത്യ പ്രസ്ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക ന്യൂയോര്‍ക്ക് ചാപ്റ്റര്‍ സ്മാര്‍ട്ട് ഫോണ്‍ ഫോട്ടോഗ്രഫി മത്സരം: അജിത് പ്രഭാകര്‍ വിജയി

07:16 am 13/9/2016
Newsimg1_98472156
അമേരിക്കയിലെ സമ്മര്‍ എന്ന ആശയത്തെ ആസ്പദമാക്കിയാണ് പ്രസ് ക്ലബ് ന്യൂ യോര്‍ക്ക് ചാപ്റ്റര്‍ മത്സരം സംഘടിപ്പിച്ചത്. സമ്മര്‍ കാലത്തെ ദൃശ്യങ്ങള്‍, ജീവിത ശൈലികള്‍ ഉള്‍പ്പെടയുള്ള സ്മാര്‍ട്ട് ഫോണില്‍ മാത്രം പകര്‍ത്തിയ ദൃശ്യങ്ങളാണ് മത്സരത്തിന് പരിഗണിച്ചത്.

അമേരിക്കയിലെ മലയാളികളില്‍ നിന്ന് ആവേശകരമായ പ്രതികരണമാണ് ഈ ഫൊട്ടോഗ്രഫി മത്സരത്തിനു ലഭിച്ചത്. ഇന്ന് നാമെല്ലാം ഏറ്റവും അധികം ഫോട്ടോകള്‍ എടുക്കുന്നത് ഫോണിലൂടെയാണ്. അത് കൊണ്ട് തന്നെയാണ് പ്രസ് ക്ലബ് ന്യൂ യോര്‍ക്ക് ചാപ്റ്റര്‍ ഇത്തരം ഒരു പുതിയ ആശയം, ജനങ്ങളെ പങ്കാളികളാക്കി അവതരിപ്പിച്ചതെന്ന് പ്രസിഡന്റ് ഡോ: കൃഷ്ണ കിഷോര്‍ പറഞ്ഞു.

ന്യൂ ജേഴ്‌­സിയില്‍ താമസിക്കുന്ന അജിത് പ്രഭാകര്‍ മത്സരത്തിന് അയച്ച ഫോട്ടോകള്‍ മികച്ചതായിരുന്നുവെന്നു ജൂറി വിലയിരുത്തി. സമ്മര്‍ ദൃശ്യങ്ങള്‍ സ്മാര്‍ട്ട് ഫോണ്‍ ലെന്‌സിലൂടെ പകര്‍ത്തിയ അദ്ദേഹത്തിന്റെ ഫോട്ടോകള്‍ ദൃശ്യ മനോഹാരിതയും, ജീവിത ലാളിത്യവും, കൃത്യതയും പ്രകടമാക്കി. ഫൊട്ടോഗ്രഫി ഒരു കലയായി മനസ്സില്‍ സൂക്ഷിക്കുന്ന അജിത് ഐ ടി മേഖലയില്‍ അപ്ലിക്കേഷന്‍ ഡെവലപ്പര്‍ ആയി ജോലി ചെയ്യുകയാണ് . അദ്ദേഹത്തിന്റെ നല്ല ഫോട്ടോകള്‍ ഫേസ്ബുക്കിലൂടെ അവതരിപ്പിക്കാറുമുണ്ട്.

ഫൈനല്‍ റൗണ്ടില്‍ എത്തിയ എല്ലാ ഫോട്ടോകളും മികച്ച നിലവാരം പുലര്‍ത്തിയതായി ജൂറി അംഗങ്ങളായ പ്രശസ്ത മാധ്യമപ്രവര്‍ത്തകരായ താജ് മാത്യു, പ്രിന്‍സ് മാര്‍ക്കോസ്, സുനില്‍ െ്രെടസ്റ്റാര്‍, ഷിജോ പൗലോസ് എന്നിവര്‍ അഭിപ്രായപ്പെട്ടു.

തുടക്കം മുതല്‍ മികച്ച പ്രവര്‍ത്തനങ്ങുളുമായി മുന്നോട്ടു പോകുന്ന പ്രസ് ക്ലബ് ന്യൂ യോര്‍ക്ക് ചാപ്റ്റര്‍ ഇതിനകം തന്നെ നൂതനമായ പുതിയ പദ്ധതികള്‍ നടപ്പിലാക്കി കഴിഞ്ഞു. പുതിയ ആശയങ്ങളില്‍ ഊന്നിയ കര്‍മ്മ പദ്ധതികളും, ജനങ്ങളുമായി സമ്പര്‍ക്കം വര്‍ധിപ്പിക്കുന്ന പരിപാടികള്‍ക്കുമാണ് ഈ വര്ഷം ഊന്നല്‍ കൊടുക്കുന്നതെന്ന് പ്രസിഡന്റ് കൃഷ്ണ കിഷോറും, സെക്രട്ടറി സണ്ണി പൗലോസും പറഞ്ഞു. ‘പോസിറ്റീവ് ആക്ഷന്‍സ്’ ആണ് ഈ പ്രസ് ക്ലബ്ബിന്റെ ഊര്‍ജം.

സെപ്റ്റംബര്‍ പതിനെട്ടിന് നാല് മണിക്ക് ന്യൂ യോര്‍ക്ക് ഓറഞ്ചബെര്‍ഗിലെ സിത്താര്‍ പാലസില്‍ പ്രശസ്ത നടനും, സംവിധായകനുമായ പദ്മശ്രീ ബാലചന്ദ്ര മേനോന് പ്രസ് ക്ലബ് ന്യൂ യോര്‍ക്ക് സ്വീകരണം നല്‍കും. തദവസരത്തില്‍ ഫോട്ടോ, ഇലക്ഷന്‍ പ്രവചന മത്സര വിജയികള്‍ക്ക് പുരസ്കാരങ്ങള്‍ നല്‍കും.