ഇന്ത്യ പ്രസ് ക്ലബിന് മൂക്കു കയറിടാനുള്ള ഫോമാ നേതാക്കള്‍ക്ക് ഒരു മുന്നറിയിപ്പ് ­ തോമസ് കൂവള്ളൂര്‍

08:35am 5/6/2016

തോമസ് കൂവള്ളൂര്‍
ചെയര്‍മാന്‍, ജസ്റ്റിസ് ഫോര്‍ ഓള്‍.
Newsimg1_54399177
ന്യൂയോര്‍ക്ക്: ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക എന്ന മാധ്യമ പ്രസ്ഥാനത്തിന് നേരേ ഈയിടെ ഫോമായിലെ ചില നേതാക്കള്‍ ഉയര്‍ത്തി വിട്ടു കൊണ്ടിരിക്കുന്ന വിമര്‍ശന ശരങ്ങള്‍ മാധ്യമങ്ങളിലൂടെ കാണാനിടയായി. മാധ്യമങ്ങള്‍ക്കു നേരേയുള്ള ഇത്തരത്തിലുള്ള കടന്നാക്രമണങ്ങള്‍ വെറും കൈയോടെ നോക്കി നില്‍ക്കാന്‍ സാമൂഹ്യ പ്രതിബദ്ധതയുള്ളവര്‍ക്ക് കഴിഞ്ഞെന്നു വരികയില്ല.
മാധ്യമങ്ങളുടെ അന്തസത്ത മനസ്സിലാക്കാതെ അവരുടെ സ്വതന്ത്ര പൂര്‍ണ്ണമായ പ്രവര്‍ത്തനങ്ങള്‍ക്കു നേരേയുള്ള കടന്നാക്രമണം പക്വതയുള്ള ഒരു സംഘടനയ്ക്കും ചേര്‍ന്നതല്ല. ദിശാബോധം നഷ്ടപ്പെട്ട രീതിയില്‍ പ്രവര്‍ത്തിക്കുകയും, സമൂഹത്തിന്റെ നേര്‍വഴികളില്‍ വഴിപ്പന്തങ്ങളാണെന്ന് വീമ്പിളക്കുകയും ചെയ്യുന്ന ഉത്തരം മൗഢ്യങ്ങളെ എങ്ങിനെ കണ്ടില്ലെന്നു നടിക്കാനാവും.

നാവിനു മൂര്‍ച്ചയുള്ള, കാമ്പുള്ള വാക്കുകളോടെ, സമൂഹ മനഃസാക്ഷിയുടെ നേര്‍വഴിക്കായി മാറുന്ന മാധ്യമ പ്രവര്‍ത്തകരുടെ കരളിനു നേരേ കടത്തി വിടുന്ന കൂരമ്പുകളാണ് ഇത്തരക്കാരുടെ അപക്വപരമായ വിമര്‍ശനങ്ങള്‍.

മാധ്യമ പ്രവര്‍ത്തനവും, സംഘടനകളുടെ നേതൃത്വ പാടവങ്ങളും, തോളോട് തോള്‍ ചേര്‍ന്ന് ഒരു നല്ല സമൂഹം വാര്‍ത്തെടുക്കുവാന്‍ ശ്രമിക്കേണ്ടതിന് പകരം, ചരടു പൊട്ടിയ പട്ടങ്ങളെപ്പോലെ ലക്ഷ്യമില്ലാതെ പായുന്ന ചില നേതാക്കളുടെ പ്രവര്‍ത്തന ദൂഷ്യങ്ങള്‍ മാധ്യമ പ്രവര്‍ത്തകര്‍ എങ്ങിനെ വിമര്‍ശിക്കാതിരിക്കും.

പറയുന്നതു പ്രവര്‍ത്തിക്കുകയും, പ്രവര്‍ത്തിച്ചതു മാത്രം പറയുകയും ചെയ്യുന്ന സത്യസന്ധമായ ഒരു പ്രവര്‍ത്തന ശൈലി ഓരോ സംഘടനാ നേതാക്കള്‍ക്കും ഉണ്ടാകേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
അനുദിന വൃത്താന്തങ്ങള്‍ ഊറ്റം ചോരാതെ തന്മയത്വത്തോടെ സുമനസ്സുകളില്‍ എത്തിക്കാന്‍ ഓരോ മാധ്യമ പ്രവര്‍ത്തകരേയും പ്രോത്സാഹിപ്പിക്കേണ്ടവരായിരിക്കണം സംഘടനാ നേതാക്കള്‍. അതിനു പകരം അവരുടെ സര്‍ഗ്ഗവാസനയ്ക്ക് തുരങ്കം വയ്ക്കുന്ന രീതിയില്‍ ക്രൂര വിമര്‍ശനങ്ങള്‍ അഴിച്ചു വിട്ട് പുതുനാമ്പുകള്‍ കരിച്ചു കളയുന്ന നിഷ്ഠൂര വിനോദം ഇനിയെങ്കിലും മതിയാക്കിയില്ലെങ്കില്‍ അത് തങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന സംഘടനകളുടെ കടയ്ക്കല്‍ കത്തി വയ്ക്കുന്നതിനു തുല്യമായിരിക്കും എന്നോര്‍ത്തു കൊള്ളുക.

എന്തു കണ്ടാലും ആരോഗ്യപരമായി വിമര്‍ശിക്കുകയും, അതിനെ ശരിയായ രീതിയില്‍ വിലയിരുത്തുകയും ചെയ്യുക എന്നുള്ളതാണല്ലോ മാധ്യമ പ്രവര്‍ത്തകരുടെ കടമ. അമേരിക്കന്‍ ഇലക്ഷന്‍ കാമ്പയിനില്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളുടെ ഓരോ വാക്കിനെയും, അവരുടെ മുന്‍കാല പ്രവര്‍ത്തനങ്ങളെപ്പോലും നിരീക്ഷിച്ചു അവയെ വിമര്‍ശിക്കുന്ന നിര്‍ദയരും, നിഷ്പക്ഷമതികളുമായ മാധ്യമ പ്രവര്‍ത്തകരാണ് നമുക്ക് ഉദാഹരണളായി മുന്നിലുള്ളത്. അങ്ങിനെ പ്രവര്‍ത്തിക്കുന്ന മാധ്യമ പ്രവര്‍ത്തകരെ ഓരോന്നോരോന്നായി തരം കിട്ടുമ്പോള്‍ മാനസിക പീഡനങ്ങള്‍ വഴി നിര്‍വീര്യരാക്കാന്‍ ഫോമയിലെ എന്നല്ല ഏതു സംഘടനയിലെ നേതാക്കള്‍ ശ്രമിച്ചാലും അത് അവര്‍ പ്രതിനിധാനം ചെയ്യുന്ന സംഘടനയുടെ നാശത്തിനു കാരണമായി ഭവിക്കുമെന്ന് ഓര്‍മ്മിക്കുന്നത് നന്നായിരിക്കും.
ഫോമായുടെ മുന്‍കാല നേതാക്കളെല്ലാം തന്നെ ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക എന്ന മഹത്തായ പ്രസ്ഥാനത്തോട് കൂറു പുലര്‍ത്തിയിരുന്നതായി കാണാന്‍ കഴിയും. അങ്ങിനെ പ്രസ് ക്ലബ്കാരെ മാനിച്ചിരുന്ന ഫോമായ്ക്ക് ഇത്ര പെട്ടെന്ന് ഒരു മാറ്റം വരാനുള്ള കാരണം ഒരു പക്ഷെ പുതിയ നേതാക്കളുടെ അറിവില്ലായ്മ ആയിരിക്കാം. ഈയിടെ ഫോമയ്ക്ക് വേണ്ടി ഒരു നേതാവു എഴുതിയിരിക്കുന്നത് ശ്രദ്ധിക്കാന്‍ ഈ ലേഖകന് ഇടയായി. “ഫോമാ പ്രസിഡന്റും കമ്മറ്റിയും കണ്‍വന്‍ഷന്‍ വിജയിപ്പിക്കാനുള്ള ശ്രമത്തിലാണെന്നും പ്രസ് ക്ലബിന്റെ കാര്യങ്ങളില്‍ ശ്രദ്ധിക്കാന്‍ അവര്‍ക്ക് സമയമില്ലെന്നും, പ്രസ് ക്ലബ് നേതൃത്വം കൂടുതല്‍ വിമര്‍ശിക്കാതെ മര്യാദയ്ക്ക് നില്ക്കണം” എന്നൊക്കെയാണ് എഴുതിയിരിക്കുന്നത്. അതേ സമയം ഫൊക്കാനയുടെ പ്രസിഡന്റിന്റെ ഒരു പ്രസ്ഥാവനയില്‍ മാധ്യമ പ്രവര്‍ത്തകരെ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്നും എഴുതിയിരിക്കുന്നതു കാണാനിടയായി.

ഈ സാഹചര്യത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ആവശ്യകതയും, മാധ്യമ പ്രവര്‍ത്തകന്റെ സ്വാതന്ത്ര്യവും, വാര്‍ത്തകളുടെ അന്തസത്തകളും പൂര്‍ണ്ണമായി ഉള്‍ക്കൊള്ളാന്‍ കഴിയുന്ന പക്വമതികളുടെ നേതൃത്വനിര ഫോമാപോലുള്ള സംഘടനകളില്‍ ഉയര്‍ന്നു വരുന്നില്ലെങ്കില്‍ അത് സംഘടനയുടെ ഭാവിയെത്തന്നെ സാരമായി ബാധിക്കുന്നതിനിടയായിത്തീരും എന്നുള്ള കാര്യത്തിന് സംശയമില്ല. വായില്‍ തോന്നുന്നതു മുഴുവന്‍ വിളിച്ചു പറഞ്ഞു സ്വയം ഇളിഭ്യരായിത്തീരുന്ന പ്രവണതയ്ക്കു ഇനിയെങ്കിലും വിരാമമിടുക. മാധ്യമങ്ങള്‍ക്കും, മാധ്യമ പ്രവര്‍ത്തകര്‍ക്കും, അവര്‍ ഏതു വിഭാഗത്തില്‍പ്പെട്ടവരായാല്‍ പോലും, അര്‍ഹമായ ആദരവു നല്‍കി അവരെ പ്രോത്സാഹിപ്പിക്കാന്‍ ശ്രമിച്ചാല്‍ അത് നമ്മുടെ സംസ്ക്കാരത്തിന്റെ വളര്‍ച്ചയ്ക്കു തന്നെ കാരണമായിത്തീരുമെന്നുള്ള തിരിച്ചറിവ് ഒരോരുത്തരിലും ഉണ്ടാവട്ടെ എന്ന് ആശിക്കുന്നു.