ഇന്ത്യ ഹിന്ദു രാഷ്ട്രമാണെന്ന് മുന്‍ പ്രധാനമന്ത്രി പി.വി. നരസിംഹ റാവു: മണി ശങ്കര്‍ അയ്യര്‍

09:55am 08/07/2016
download (3)
ന്യൂഡല്‍ഹി: ഇന്ത്യ ഹിന്ദു രാഷ്ട്രമാണെന്ന് മുന്‍ പ്രധാനമന്ത്രി പി.വി. നരസിംഹ റാവു തന്നോട് പറഞ്ഞതായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണി ശങ്കര്‍ അയ്യര്‍. 1992 ഒക്ടോബറില്‍, രാമേശ്വരത്തുനിന്ന് അയോധ്യയിലേക്ക് അയ്യര്‍ നടത്തിയ 44 ദിവസത്തെ റാം റഹിം യാത്രക്കിടെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചാണ് റാവു ഈ അഭിപ്രായ പ്രകടനം നടത്തിയത്.
അയ്യരുടെ യാത്രയെക്കുറിച്ച് എതിര്‍പ്പില്ളെങ്കിലും മതേതരത്വത്തിന് നല്‍കിയ നിര്‍വചനത്തോട് യോജിക്കുന്നില്ളെന്ന് റാവു പറഞ്ഞു. ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണെന്ന് നിങ്ങള്‍ മനസ്സിലാക്കുന്നില്ളെന്ന് റാവു പറഞ്ഞത് ആശ്ചര്യത്തോടെയാണ് കേട്ടതെന്ന് എന്‍.ഡി.ടി.വി വെബ്സൈറ്റില്‍ എഴുതിയ ലേഖനത്തില്‍ അയ്യര്‍ പറയുന്നു. ബി.ജെ.പിയും ഇതുതന്നെയാണ് പറയുന്നതെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ റാവു മറുപടിയൊന്നും പറഞ്ഞില്ല. മറിച്ച്, യാത്ര തുടരാന്‍ അനുവദിക്കുകയാണ് ചെയ്തത്.
ബാബരി മസ്ജിദ് തകര്‍ക്കുന്നത് തടയാന്‍ റാവു രാഷ്ട്രീയ ഇടപെടലുകള്‍ നടത്താതിരുന്നതിന് കാരണം, അത് രാഷ്ട്രീയ വിഷയമല്ല, മറിച്ച് മതപരമാണെന്ന് അദ്ദേഹം കരുതിയതുകൊണ്ടാണെന്നും മണി ശങ്കര്‍ അയ്യര്‍ പറയുന്നു. അതുകൊണ്ടാണ് മസ്ജിദ് തകര്‍ക്കുന്നതില്‍നിന്ന് ഹിന്ദുത്വ ശക്തികളെ പിന്തിരിപ്പിക്കാന്‍ അദ്ദേഹം സന്യാസിമാരുടെ സഹായം തേടിയത്. ശിവസേനയുമായോ ബജ്റംഗ്ദളുമായോ ബന്ധപ്പെടാനും അദ്ദേഹം തയാറായില്ല. വിഷയത്തിന്‍െറ രാഷ്ട്രീയ മാനങ്ങള്‍ക്കുനേരെ അദ്ദേഹം കണ്ണടക്കുകയാണ് ചെയ്തത്.
പുരാതന കാലത്ത് രാജാക്കന്മാര്‍ സന്യാസിമാരുടെ ഉപദേശം തേടിയിട്ടുണ്ടെന്ന് പറഞ്ഞാണ് മസ്ജിദ് തകര്‍ത്തതിനുശേഷം, കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ റാവു തന്‍െറ നടപടിയെ ന്യായീകരിച്ചതെന്നും അയ്യര്‍ വ്യക്തമാക്കുന്നു.