ഇന്ന് അര്‍ധരാത്രി മുതല്‍ കര്‍ണാടക ആര്‍.ടി.സി സമരം

08:33 AM 24/07/2016
download
ബംഗളൂരു: കര്‍ണാടക ആര്‍.ടി.സി ജീവനക്കാര്‍ ഞായറാഴ്ച അര്‍ധരാത്രി മുതല്‍ പണിമുടക്കും. ശമ്പള വര്‍ധന ആവശ്യപ്പെട്ട് ജീവനക്കാരുടെ സംഘടനാ നേതാക്കള്‍ സംസ്ഥാന മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് അനിശ്ചിതകാലമായി പണിമുടക്കാന്‍ തീരുമാനിച്ചത്. 35 ശതമാനം വര്‍ധനയാണ് ജീവനക്കാര്‍ ആവശ്യപ്പെട്ടത്. പത്തു ശതമാനം വരെ വര്‍ധന വരുത്താമെന്ന് സര്‍ക്കാര്‍ അറിയിച്ചെങ്കിലും ജീവനക്കാര്‍ വഴങ്ങിയില്ല. ബംഗളൂരു നഗരത്തിലെ ജീവനക്കാരും സമരത്തില്‍ പങ്കെടുക്കും.

സംസ്ഥാനത്തുടനീളം 23,000ഓളം ബസുകളാണ് സര്‍വിസ് നടത്തുന്നത്. സമരത്തില്‍ പങ്കെടുക്കുന്ന ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ഗതാഗതമന്ത്രി രാമലിംഗ റെഡ്ഡി മുന്നറിയിപ്പ് നല്‍കി. പൊതുജന താല്‍പര്യം കണക്കിലെടുത്ത് സമാന്തര മാര്‍ഗങ്ങള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കേരളത്തിലേക്കുള്ള കര്‍ണാടക ആര്‍.ടി.സി സര്‍വിസുകളും തടസ്സപ്പെടും.