ചങ്ങനാശേരി: മന്നത്ത് പത്മനാഭന്റെ 46-ാമത് സമാധിദിനാചരണം നായര്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഇന്നു സംസ്ഥാന വ്യാപകമായി ആചരിക്കും. പെരുന്നയിലെ എന്‍.എസ്.എസ്. ആസ്ഥാനത്തും താലൂക്ക് യൂണിയന്, കരയോഗം കേന്ദ്രങ്ങളിലും സമാധിദിനാചരണം നടക്കും.
വിവിധ ജില്ലകളില്‍നിന്നായി ആയിരങ്ങള്‍ പദയാത്രയായി പെരുന്നയിലെ സമാധിമണ്ഡപത്തില്‍ എത്തും. പെരുന്നയിലെ മന്നം സമാധിമണ്ഡപത്തില്‍ രാവിലെ മുതല്‍ ഭക്തി ഗാനാലാപനവും പുഷ്പാര്‍ച്ചനയും ഉപവാസവും സമൂഹപ്രാര്‍ഥനയും ഉണ്ടാകും. രാവിലെ ആറിനു തുടങ്ങുന്ന പരിപാടികള്‍ക്ക് എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ നേതൃത്വം നല്‍കും. സംസ്ഥാനത്തെ എല്ലാ എന്‍.എസ്.എസ്. യൂണിയനുകളുടെയും കരയോഗങ്ങളുടെയും നേതൃത്വത്തില്‍ രാവിലെ ആറു മുതല്‍ 11.45 വരെ സമുദായാചാര്യന്റെ ചിത്രത്തിനു മുന്നില്‍ പുഷ്പാര്‍ച്ചനയും സമൂഹപ്രാര്‍ഥനയും സംഘടിപ്പിക്കും. സമാധിദിനാചരണത്തിന്റെ ഭാഗമായി എന്‍.എസ്.എസ്. പ്രതിജ്ഞ എല്ലാവരും പുതുക്കും.