ഇന്‍ഡോ-കനേഡിയന്‍ ഗ്രന്ഥകാരന്‍-നോവലിസ്റ്റ്, ജോണ്‍ ഇളമതയുടെ -ദി ജേര്‍ണി പുസ്തകം പ്രകാശനം ചെയ്തു

09:15am 17/7/2016
bookrelese_pic
പ്രശസ്ത എഴുത്തുകാരന്‍ ജോണ്‍ ഇളമതയുടെ “”ദി ജേര്‍ണി’ (The Journey) എന്ന ഇംഗ്ലീഷ് പുസ്തകം എക്‌സ്‌ലിബ്രിസ് (Xlibris) എന്ന ഓണ്‍ലൈന്‍ പ്രസാധകര്‍ ഈയിടെ പ്രകാശനം ചെയ്തു. പുസ്തകത്തിന്റെ കോപ്പികള്‍ ആമസോണ്‍, ഗൂഗ്ഗിള്‍ എന്നീ സൈറ്റുകളില്‍ നിന്നും, ബാണ്‍സ് ആന്‍ഡ് നോബിള്‍സ്,എക്‌സ്‌ലിബ്രിസിന്റെ പുസ്തകശാലകള്‍ എന്നിവിടങ്ങളില്‍ നിന്നും വാങ്ങാവുന്നതാണ്. ഭാഗ്യം തേടി മാതൃരാജ്യം വിടുന്ന പ്രവാസികളുടെ കഥ പറയുന്ന ഈ പുസ്തകം കുടിയേറ്റകാരുടേയും, പ്രവാസികളുടേയും പ്രശ്‌നങ്ങള്‍ വെവ്വേറെ വിവരിക്കുന്നു. ഓരോ യാത്രയുടേയും ലക്ഷ്യം വ്യത്യസ്തമാണു. പണവും, ജീവിതസൗകര്യങ്ങളും, മക്കളുടെ വിദ്യാഭ്യാസവും എന്നതില്‍ ഉപരി ഓരോ പ്രവാസിയും ഓരൊ തരത്തിലുള്ള മോഹങ്ങള്‍ മനസ്സില്‍ താലോലിക്കുന്നു. ജീവിതത്തിന്റെ അന്ത്യത്തില്‍ അവര്‍ ലക്ഷ്യസ്ഥാനത്ത് എത്തുന്നുണ്ടോ? ആരാണ് പ്രവാസി ആരാണു കുടിയേറ്റകാരന്‍ എന്ന തിരിച്ചറിവിലേക്ക് ഈ പുസ്തകം എത്തി നോക്കുന്നു, ഒപ്പം ആ വ്യത്യാസം കൊണ്ടുണ്ടാകുന്ന സംഭവവികാസങ്ങള്‍വിശകലനം ചെയ്യുന്നു. മലയാളത്തില്‍ ധാരാളം നോവലുകള്‍ എഴുതീട്ടുള്ള ശ്രീ ഇളമതയുടെ ഇംഗ്ലീഷ് ഭാഷയിലുള്ള ഈ പുസ്തകവും താന്‍ ജീവിക്കുന്ന ലോകവും അതിന്റെ ചുറ്റുപാടും വിവരിക്കുന്നു.

കേരളത്തില്‍ നിന്നും വെസ്റ്റ് ജര്‍മ്മനിയിലേക്കും അവിടെ നിന്നും കാനഡയിലേക്കും കുടിയേറിയ ജോണ്‍ സാഹിത്യത്തിലെ മിക്കമേഖലകളിലും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. തൊലിക്കട്ടി, എനി വെ യുവര്‍ വൈഫ് ഇസ് നൈസ്, അച്ചായന്‍ അമേരിക്കയില്‍, മന്നപൊഴിയുന്ന മണ്ണില്‍, നെന്മാണിക്യം,മോശ, ബുദ്ധന്‍, മരണമില്ലാത്തവരുടെ താഴ്‌വര, സോക്രട്ടീസ് ഒരു നോവല്‍, മാര്‍ക്കോപോളോ തുടങ്ങിയവ ഇളമതയുടെ മലയാളത്തിലുള്ള നോവലുകളാണ്. കൂടാതെ അനവധി ചെറുകഥകളും, ഹാസ്യരചനകളും ഇദ്ദേഹത്തിന്റേതായുണ്ട്.

പുസ്തകത്തിന്റെ കോപ്പികള്‍ ആമസോണ്‍ വഴിയോ, ബാണ്‍സ് ആന്‍ഡ് നോബിള്‍സ്,എക്‌സ്‌ലിബ്രിസിന്റെ പുസ്തകശാലകള്‍ വഴിയോ ഇളമതയുമായി ബന്ധപ്പെട്ടോ (905-848-0698) നേടാവുന്നതാണ്.