ഇന്‍ഫോസിസ് ജീവനക്കാരിയെ വെട്ടികൊലപ്പെടുത്തിയ പ്രതി അറസ്റ്റിൽ.

08:27 AM 02/07/2016
download (1)
ചെന്നൈ: നൂങ്കംപാക്കം റെയില്‍വേ സ്റ്റേഷനില്‍വെച്ച് ഇന്‍ഫോസിസ് ജീവനക്കാരിയെ വെട്ടികൊലപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റിൽ. എൻജിനീയറായ 24കാരൻ രാംകുമാറിനെ തിരുനെൽവേലിയിലെ ലോഡ്ജിൽ നിന്നാണ് പൊലീസ് പിടികൂടിയത്. പ്രതിയുടെ മൊബൈൽ ലൊക്കേഷൻ പിന്തുടർന്നാണ് പൊലീസ് ലോഡ്ജിലെത്തിയത്. കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കവെ രാംകുമാർ ആത്മഹത്യക്ക് ശ്രമിച്ചു. കൊല്ലപ്പെട്ട സ്വാതിയുടെ വീടിന് സമീപത്താണ് പ്രതി താമസിച്ചിരുന്നതെന്നും സ്വാതിയെ ഇയാൾ നിരന്തരം ശല്യപ്പെടുത്തിയിരുന്നതായും പൊലീസ് പറഞ്ഞു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇന്‍ഫോസിസ് ജീവനക്കാരി ചോലൈമേട് സൗത്ത് ഗംഗൈയമ്മ കോവില്‍ സ്ട്രീറ്റിലെ സ്വാതി എസ് (24)നെ നൂങ്കംപാക്കം റെയില്‍വെ സ്റ്റേഷനില്‍വെച്ച് വെട്ടികൊലപ്പെടുത്തിയത്. മരമലൈ നഗറിലുള്ള മഹീന്ദ്ര ടെക് പാര്‍ക്കിലെ ജീവനക്കാരിയായ സ്വാതി ഓഫീസിലെത്തുന്നതിന് ട്രെയിൻ കാത്തുനില്‍ക്കെയായിരുന്നു സംഭവം.

പ്ലാറ്റ്ഫോമില്‍ നില്‍ക്കുകയായിരുന്ന യുവതിയുടെ അടുത്തേക്ക് ട്രാവല്‍ ബാഗ് തൂക്കിയ യുവാവ് നടന്നുപോകുകയും ഇരുവരും തമ്മില്‍ വാക്കു തര്‍ക്കമുണ്ടാവുകയുമായിരുന്നു. പ്ലാറ്റ്ഫോമിലെ കടകളിലെ ജീവനക്കാരും മറ്റ് യാത്രക്കാരും നോക്കി നില്‍ക്കെ പ്രതി യുവതിയെ വെട്ടി വീഴ്ത്തുകയായിരുന്നു.

കൃത്യം നടത്തിയ ഉടന്‍ അക്രമി ആളുകള്‍ക്കിടയിലൂടെ കടന്നുകളഞ്ഞു. മുഖത്തും കഴുത്തിലും മാരകമായി വെട്ടേറ്റ യുവതി സംഭവസ്ഥത്തുവെച്ചു തന്നെ മരിച്ചു.