ഇന്‍ഫോസിസ് ഉദ്യോഗസ്ഥയെ വെട്ടിക്കൊന്ന യുവാവിനായി അന്വേഷണം ഊര്‍ജിതമാക്കി.

08:20am 26/6/2016
murder
ചെന്നൈ: നുങ്കംപാക്കം റെയില്‍വേ സ്‌റ്റേഷനില്‍ വെള്ളിയാഴ്ച രാവിലെ ഇന്‍ഫോസിസ് ഉദ്യോഗസ്ഥ എസ്. സ്വാതിയെ വെട്ടിക്കൊന്ന യുവാവിനായി അന്വേഷണം ഊര്‍ജിതമാക്കി. ബാഗുമായി പോകുന്ന യുവാവിന്റെ സി.സി ടി.വി ദൃശ്യം പൊലീസ് പുറത്തുവിട്ടിരുന്നു.ചെന്നൈയിലെ തിരക്കേറിയ റെയില്‍വേ സ്‌റ്റേഷനുകളിലൊന്നായ ഇവിടെ സി.സി.ടി.വി കാമറകളില്ല. റെയില്‍വേ സ്‌റ്റേഷന് സമീപമുള്ള വീട്ടിലെ സി.സി.ടി.വിയിലാണ് യുവാവിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞത്. ചെങ്കല്‍പേട്ടിലേക്ക് ട്രെയിന്‍ കയറാന്‍ കാത്തുനില്‍ക്കുമ്പോള്‍ രാവിലെ 6.35നായിരുന്നു സംഭവം. സമീപത്തെ സൗരാഷ്ട്ര നഗര്‍ റോഡ് കടന്നാണ് അക്രമി പോയത്.

സ്വാതിയുടെ മൊബൈല്‍ ഫോണുമായാണ് യുവാവ് കടന്നുകളഞ്ഞത്. ചില സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. 24കാരിയായ സ്വാതി ശ്രീപെരുമ്പത്തൂരിലെ ധനലക്ഷ്മി കോളജില്‍നിന്നാണ് എന്‍ജിനീയറിങ് ബിരുദം പൂര്‍ത്തിയാക്കിയത്.ഇന്‍ഫോസിസിന്റെ മൈസൂരു കാമ്പസിലാണ് ആദ്യം ജോലിക്ക് ചേര്‍ന്നത്. പിന്നീട് ചെങ്കല്‍പേട്ടിലെ ഓഫിസിലേക്ക് മാറുകയായിരുന്നു. ചൂളൈമേട്ടിലാണ് സ്വാതിയുടെ വീട്.