ഇന്‍സാറ്റ് 3 ഡിആറിന്റെ വിക്ഷേപണം വിജയകരം

02.03AM 09-09-2016
INSAT3DR_760x400
ഇന്ത്യയുടെ ഏറ്റവും പുതിയ കാലാവസ്ഥാനിരീക്ഷണഉപഗ്രഹമായ ഇന്‍സാറ്റ് 3 ഡി ആറിനെയും വഹിച്ചുള്ള ജിഎസ്എല്‍വി എഫ്അഞ്ച് വിജയകരമായി വിക്ഷേപിച്ചു. ഐഎസ്ആര്‍ഒ തദ്ദേശീയമായി വികസിപ്പിച്ച ക്രയോജനിക് എന്‍ജിന്‍ ഉപയോഗിച്ചായിരുന്നു വിക്ഷേപണം. അടുത്ത വര്‍ഷം ഇന്ത്യയുടെ രണ്ടാം ചാന്ദ്രയാന്‍ ദൗത്യം വിക്ഷേപിയ്ക്കുന്നതിന്റെ ആദ്യപടിയായാണ് ഐഎസ്ആര്‍ഒ ക്രയോജനിക് എന്‍ജിന്‍ പരീക്ഷണാടിസ്ഥാനത്തിലല്ലാതെ ഉപയോഗിച്ചത്.
വൈകിട്ട് നാലേ പത്തിനായിരുന്നു ജിഎസ്എല്‍വി എഫ്അഞ്ചിന്റെ വിക്ഷേപണം നിശ്ചയിച്ചിരുന്നത്. എന്നാല്‍ ക്രയോജനിക് എഞ്ചിനിലേയ്ക്കുള്ള ഇന്ധനം നിറയ്ക്കുന്നതിനിടെയുണ്ടായ ചെറിയ ചോര്‍ച്ച മൂലം വിക്ഷേപണം നാല്‍പത് മിനിറ്റ് നീണ്ടു. ആശങ്കകള്‍ക്കൊടുവില്‍ 4.50ഓടെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയില്‍ നിന്ന് ഇന്‍സാറ്റ് ത്രി ഡി ആറിനെയും വഹിച്ചുകൊണ്ട് ജിഎസ്എല്‍വി എഫ്അഞ്ച് പറന്നുയര്‍ന്നു.
വിക്ഷേപണത്തിന്റെ മൂന്നാംഘട്ടത്തില്‍ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ക്രയോജനിക് എന്‍ജിന്‍ ഉപഗ്രഹത്തെ പ്രതീക്ഷിച്ചതു പോലെത്തന്നെ, കൃത്യതയോടെ ഭ്രമണപഥത്തിലെത്തിച്ചതോടെ ആശങ്കകള്‍ ആഹ്ലാദത്തിന് വഴി മാറി. ഉപഗ്രഹവിക്ഷേപണരംഗത്ത് ഇന്ത്യയുടെ സുപ്രധാനചുവടുവെയ്പ്. സോവിയറ്റ് യൂണിയനുമായി കരാര്‍ ഒപ്പുവെച്ചതു വഴി അമേരിക്കയുള്‍പ്പടെയുള്ള രാജ്യങ്ങള്‍ ചുമത്തിയ ഉപരോധത്തെ അതിജീവിച്ച് ഇന്ത്യ സ്വന്തമായി വികസിപ്പിച്ചെടുത്ത ക്രയോജനിക് എന്‍ജിന്റെ വിജയം. മുന്‍ഗാമിയായ ഇന്‍സാറ്റ് ത്രി ഡിയെ അപേക്ഷിച്ച് കാലാവസ്ഥാ, സമുദ്ര, അന്തരീക്ഷപഠനത്തില്‍ വിപ്ലവകരമായ മാറ്റങ്ങളുണ്ടാക്കാന്‍ കഴിയുന്ന ഉപഗ്രഹമെന്നാണ് ഇന്‍സാറ്റ് 3 ഡി ആറിനെ ഐഎസ്ആര്‍ഒ വിശേഷിപ്പിയ്ക്കുന്നത്.