ഇരട്ട കുട്ടികളെ മദ്യ ലഹരയില്‍ പുറത്തേക്ക് വലിച്ചെറിഞ്ഞ മാതാവ് അറസ്റ്റില്‍

08:54 pm 21/9/2016

– പി. പി. ചെറിയാന്‍
Newsimg1_22703554
റോഡ് ഐലന്റ് : അപ്പാര്‍ട്ട്‌മെന്റിന്റെ ഒന്നാം നിലയിലെ ജനലിലൂടെ ഇരട്ടക്കുട്ടികളെ പുറത്തേക്ക് വലിച്ചെറിഞ്ഞ മാതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സെപ്റ്റംബര്‍ 19 തിങ്കളാഴ്ചയാണ് രണ്ട് വയസ്സു പ്രായമുള്ള ആണ്‍കുട്ടികളെ മാതാവ് പുറത്തേയ്ക്ക് വലിച്ചെറിഞ്ഞത്.

മുപ്പത്തിയേഴ് വയസ്സുളള ബെനിറ്റ ബാര്‍ബറെ പൊലീസ് അറസ്റ്റ്‌ചെയ്തു പ്രൊവിഡന്റ്‌സ് ഡിസ്ട്രിക്റ്റ് കോടതിയില്‍ ഹാജരാക്കി.സമീപ വാസിയാണ് കുട്ടികളെ പുറത്തേയ്ക്ക് വലിച്ചെറിഞ്ഞ വിവരം പൊലീസിനേയും ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ചില്‍ഡ്രനേയും അറിയിച്ചത്.

സംഭവത്തിന്റെ വീഡിയോ ചിത്രവും പൊലീസിന് ലഭിച്ചിട്ടുണ്ട്. മദ്യ ലഹരിയിലാണ് ബാര്‍ബറ കൃത്യം നിര്‍വ്വഹിച്ചതെന്നും പൊലീസ് പറഞ്ഞു. കുട്ടികളെ ഹസ് ബ്രൊ ചില്‍ഡ്രന്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവ സമയത്തു സ്ഥലത്തുണ്ടായിരുന്ന കുട്ടികളുടെ പിതാവിനെ പൊലീസ് തിരയുന്നു. പൊലീസ് എത്തുന്നതിനു മുമ്പ് ഇയ്യാള്‍ സ്ഥലം വിട്ടിരുന്നു.

കുട്ടികളുടെ ജീവന്‍ അപകടപ്പെടുത്തും വിധം പെരുമാറിയതിനാണ് പൊലീസ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. കേസിനെക്കുറിച്ചു അന്വേഷണം നടത്തി കൂടുതല്‍ വകുപ്പ് ഉള്‍പ്പെടുത്തി േകസ് രജിസ്റ്റര്‍ ചെയ്യുമെന്നും പൊലീസ് അറിയിച്ചു