തെഹ്റാന്: പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് അഞ്ചുകോടിയോളം വരുന്ന വോട്ടര്‍മാര്‍ ഇന്ന് പോളിങ്ബൂത്തിലേക്ക്. ലോകം ജനത ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പാണ് . യൂറോപ്യന്‍, അമേരിക്കന്‍ ശക്തികള്‍ക്കെതിരെ ശക്തമായ നിലപാടുള്ള ഇറാനിലെ തെരഞ്ഞെടുപ്പ് അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നത്. അന്തര്‍ദേശീയ രാജ്യങ്ങളുമായി നല്ല ബന്ധം പുലര്‍ത്തണമെന്ന ചിന്താഗതിക്കാരനാണ് പരിഷ്കരണവാദികളുടെ പിന്തുണയുള്ള ഹസന് റൂഹാനി. പരിഷ്കരണവാദികളായ അലി മുതഹ്ഹരിയും മുഹമ്മദ് റസയും പാര്‍ലമെന്റ് ടിക്കറ്റിനായി മത്സരരംഗത്തുണ്ട്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനു പുറമെ, വിദഗ്ധ സമിതി സഭയിലേക്കുള്ള തെരഞ്ഞെടുപ്പും വെള്ളിയാഴ്ച നടക്കും. ഇരു സഭയിലേക്കും ഒന്നിച്ച് തെരഞ്ഞെടുപ്പ് നടക്കുന്നത് ഇതാദ്യമായാണ്.
ഹസന് റൂഹാനി തെരഞ്ഞെടുക്കപ്പെട്ടാല്‍ സാധാരണജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനുള്ള അവസരമൊരുങ്ങുമെന്നാണ് പരിഷ്കരണവാദികളുടെ പക്ഷം. ഇറാനെ സാമ്പത്തിക മാന്ദ്യത്തില്‍നിന്ന് കരകയറ്റാന്‍ ശ്രമം നടത്തിയ റൂഹാനിക്ക് വോട്ട് ചെയ്യണമെന്ന് മുന്‍ പ്രസിഡന്റ് അക്ബര്‍ ഹഷ്മി റഫ്സഞ്ചാനിയുടെ മകള്‍ ഫായിസ ജനങ്ങളെ ഉണര്‍ത്തുന്നു. പാര്‍ലമെന്റില്‍ പാരമ്പര്യവാദികള്‍ ഭൂരിപക്ഷം നേടിയാല്‍ രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ മാറ്റമില്ലാതെ തുടരുമെന്ന് അവര്‍ പറയുന്നു.
ഇറാനില്‍ നിലവിലുള്ള പാര്‍ലമെന്റില്‍ പാരമ്പര്യവാദികള്‍ക്കാണ് മേധാവിത്വം. പരമോന്നത നേതാവ് ആയത്തുല്ല ഖാംനഇക്കാണ് തീരുമാനമെടുക്കാനുള്ള അധികാരം. 586 വനിതകളുള്‍പ്പെടെ 12,000 സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്. രാജ്യത്തെ ജനസംഖ്യയില്‍ 49 ശതമാനം വനിതകളാണ്.
290 അംഗ പാര്‍ലമെന്റില്‍ 285 സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. ബാക്കി അഞ്ച് സീറ്റ് വിവിധ ന്യൂനപക്ഷവിഭാഗങ്ങള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. 196 മണ്ഡലങ്ങളില്‍നിന്നാണ് 285 സീറ്റിലേക്കുള്ള മത്സരം.