09:25 AM 24/05/2016
ന്യൂഡൽഹി: വിജയകരമായ ദ്വിദിന ഇറാൻ സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിൽ മടങ്ങിയെത്തി. ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖംനഇയുമായി മോദി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ച 20 മിനിട്ട് നീണ്ടുനിന്നു. ഏഴാം നൂറ്റാണ്ടിലെ ഹസ്രത്ത് അലി തയാറാക്കിയ വിശുദ്ധ ഖുറാന്റെ കൈയെഴുത്തു പ്രതികളുടെ പകർപ്പ് മോദി അലി ഖംനഇക്ക് സമ്മാനിച്ചു.
ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനിക്ക് പേർഷ്യൻ കവി മിർസ അസദുല്ല ഖാൻ ഗാലിബിന്റെ കവിതകളുടെ കൈയെഴുത്തു പ്രതികളുടെ പകർപ്പും രാമായണത്തിന്റെ പേർഷ്യൻ തർജമയുടെ പകർപ്പും പ്രധാനമന്ത്രി സമ്മാനിച്ചു.
നയതന്ത്ര രംഗത്തും, സാമ്പത്തിക, വ്യാപാര രംഗത്തും ബഹുമുഖ സാധ്യതകള്‍ തുറക്കുന്ന 12 കരാറുകളിൽ ഇന്ത്യയും ഇറാനും ഒപ്പുവെച്ചു. തന്ത്രപ്രധാനമായ ചാബഹാര്‍ തുറമുഖ വികസനത്തിന്റെ ഒന്നാംഘട്ട വികസനത്തിനുള്ള കരാറാണ് ഇതിൽ പ്രധാനപ്പെട്ടത്. തുറമുഖ വികസനത്തിനായി 500 മില്യന്‍ ഡോളറാണ് ഇന്ത്യ നിക്ഷേപിക്കുക. കൂടാതെ, തുറമുഖത്തിലെ സ്വതന്ത്ര വ്യാപാര മേഖലയില്‍ ലക്ഷം കോടി രൂപയുടെ നിക്ഷേപവും ഇന്ത്യ നടത്തും.