ഇളംകാവ് ആറ്റുവേല അഥവാ ഒരു ദേശക്കൂട്ടായ്മയുടെ ഉത്സവം

12:41pm 4/4/2016
കെ.പി വൈക്കം

DSC_0441
ഐതീഹ്യങ്ങളും വിശ്വാസങ്ങളും ഏറെയുണ്ടെങ്കിലും ഈഉത്സവങ്ങള്‍ എന്നത് ഒരു ദേശക്കൂട്ടയാമയുടെ ഭഗമാണ്. അത്തരത്തിലുള്ള ഒരു ഉത്സവമാണ് വടയാര്‍ ഇളംകാവ് ദേവിക്ഷേത്രത്തില്‍ നടക്കുന്ന ആറ്റുവേല മഹോത്സവം.ഒരു ദേശത്തിന്റെ മുഴുവന്‍ കൂട്ടായ്മയാണ് ഈ ഉത്സത്തിന്റെ പ്രത്യേകത. വരുന്ന ഏപ്രില്‍ ഏഴിനാണ് ഈ വര്‍ഷത്തെ ആറ്റുവേല മഹോത്സവം നടക്കുന്നത്. ചരിത്രമുറങ്ങുന്ന വൈക്കം ക്ഷേത്രത്തില്‍ നിന്ന് തലയോലപ്പറമ്പ് റോഡില്‍ എകദേശം ആറ് കിലോമിറ്റര്‍ മാറിയാണ് വടയാര്‍ ഇളംകാവ് ദേവിക്ഷേത്രം. മൂവാറ്റുപുഴയാറിന്റെ ഇരുവശങ്ങളിലുമുള്ള കരക്കാരുടെ ദേശിയോത്സവമെന്നാണ് ആറ്റുവേല മഹോത്സവം അറിയപ്പെടുന്നത്. രണ്ട് വലിയ കേവ് വള്ളങ്ങളില്‍ തട്ടിട്ട് അതില്‍ ക്ഷേത്രമാതൃകയില്‍ മൂന്നുനിലകളിലായി നിര്‍മ്മിച്ച ആറ്റുവേലച്ചാടാണ് ഈ ഉത്സവത്തിവന്റെ മുഖ്യ ആകര്‍ഷണം. ചാട് നിര്‍മ്മിക്കുന്നതിനുള്ള അവകാശികളുടെ നിര്‍ദേശാനുസരണം ദേശക്കാര്‍ തന്നെയാണ് ആറ്റുവേലച്ചാട് നിര്‍മ്മിക്കുന്നത്. മീനമാസത്തിലെ അശ്വതിനാളിലാണ് ആറ്റുവേല ഉത്സവം നടക്കുന്നത്. അന്നേദിവസം രാവിലെ ഇളം കാവി ക്ഷേത്രത്തില്‍ നിന്ന് പ്രത്യേക പൂജകള്‍ക്ക് ശേഷം പണിപൂര്‍ത്തിയായ ചാട് രണ്ട് കിലോമീറ്റര്‍ അകലെയുള്ള ആറ്റുവേലക്കടവിലേക്ക് കൊണ്ടുപോയി അവിടെ നിന്നാണ് മീനമാസത്തിലെ അശ്വതിനാള്‍ 18 നാഴിക പുലരുമ്പോള്‍ ശ്രീകോവിലില്‍ സര്‍വ്വാഭരണവിഭൂഷിതയായ കൊടുങ്ങല്ലൂര്‍ ഭഗവതിയെ ആവാഹിച്ചിരുത്തി ആറ്റുവേല ക്ഷേത്രത്തിലെ പുറക്കളത്തില്‍ ഗുരുതിയെ തുടര്‍ന്ന് ഇളങ്കാവിലേക്ക് പുറപ്പെടുക. നിലവിളക്കുകളും, കുത്തുവിളക്കുകളും തറവിളക്കുകളും വൈദ്യുത ദീപങ്ങളുംകൊണ്ടലംകൃതമായ ആറ്റുവേലക്ഷേത്രം മൂവാറ്റുപുഴയാറിന്റെ ഓളപ്പരപ്പിനെ വര്‍ണ്ണദീപ്തമാക്കി കറങ്ങിയും തിരിഞ്ഞും ഇളങ്കാവിലേക്ക് നീങ്ങുന്ന ദൃശ്യം ഏറെ ആകര്‍ഷകമാണ്. ദീപാലംകൃതമായ തൂക്കച്ചാടുകളില്‍ വാദ്യമേളങ്ങളുടെ അകമ്പടിയോടെ നിരവധി ഗരുഡന്‍തൂക്കങ്ങളും ആറ്റുവേലയെ അനുഗമിക്കും.
നിരവധി ഐതിഹ്യങ്ങളാണ് ഈറ്റുവേലയെ ചുറ്റിപ്പറ്റിയുള്ളത്. അതിലൊന്ന് ഇങ്ങിനെയാണ്. കൊടുങ്ങല്ലൂര്‍ ഭക്തനായ ഒരു വടക്കുംകൂര്‍ രാജാവ് കൊടുങ്ങല്ലൂരമ്മയെ പ്രസാദിപ്പിക്കാന്‍ വഴിപാടായി ഒരു തേര് (ആറ്റുവേല) തയ്യാറാക്കി വേമ്പനാട്ട് കായലില്‍ കൂടി കൊടുങ്ങല്ലൂര്‍ക്കയച്ചു. രാജാവും സമൂഹവും കൊടുങ്ങല്ലൂരെത്തിയിട്ടും ആറ്റുവേലയെത്തിയില്ല. കൊച്ചി കായലില്‍ പാറാവ് നടത്തിയിരുന്ന പറങ്കികളുടെ കപ്പലുകള്‍ ആറ്റുവേലയെ യുദ്ധക്കപ്പലായി തെറ്റിദ്ധരിച്ച് തട്ടിക്കൊണ്ടുപോയി. രാജാവിന്റെ ദുഃഖം തീര്‍ക്കാന്‍ ചെമ്മനത്തുകരയിലുള്ള മഹാമാന്ത്രികനായ പറേക്കാട്ട് പണിക്കര്‍ തന്റെ മാന്ത്രിക വിദ്യ കൊണ്ട് അവരെ പരാജയപ്പെടുത്തി. ആറ്റുവേലയെ കൊടുങ്ങല്ലൂരെത്തിച്ചു. ദേവിയുടെ വരവിനെ സൂചിപ്പിക്കുന്ന ആഘോഷമായി മാറി പിന്നീട് ആറ്റുവേല എന്ന ജലോത്സവം. വടക്കുംകൂര്‍ രാജവംശത്തിന്റെ ഭരദേവതയായ ഇളങ്കാവ് ഭഗവതിയെ കാണാന്‍ മീനമാസത്തിലെ അശ്വതിനാളില്‍ സഹോദരിയായ കൊടുങ്ങല്ലൂരമ്മ ജലമാര്‍ഗ്ഗം എഴുന്നള്ളിയെത്തുന്നതാണ് ആറ്റുവേലയുടെ മറ്റൊരു ഐതിഹ്യം.
ഇളങ്കാവിലമ്മയുടെ ആറ്റുവേലച്ചാട് നിര്‍മ്മിക്കുന്നതിന് ദേശക്കാരില്‍ ചിലര്‍ക്ക് മഹാരാജാവിന്റെ കാലത്ത് കരമൊഴിവായി ഭൂമിയും മറ്റ് ആനുകൂല്യങ്ങളും നല്‍കിയിരുന്നു. തലമുറകളില്‍ നിന്ന് തലമുറകളിലേക്ക് പകര്‍ന്നുവരുന്ന ആചാരങ്ങള്‍ മുറതെറ്റാതെ പാലിച്ച് അവകാശികളായ കുടുംബങ്ങളിലെ ഇളമുറക്കാരാണ് ഇപ്പോഴും ആറ്റുവേലച്ചാട് നിര്‍മ്മിക്കുന്നത്. രണ്ടു വലിയ കേവ്‌വള്ളങ്ങള്‍ ചേര്‍ത്തുവച്ച് ചങ്ങാടം തീര്‍ത്ത് അതില്‍ 18കോല്‍ ഉയരത്തിലും 11കോല്‍ ചുറ്റളവിലും തേക്കിന്‍കഴകള്‍ കൊണ്ടാണ് ചാട് നിര്‍മിക്കുന്നത്. മൂന്നു നിലകളുള്ള ചാടിന്റെ മുകളിലത്തെ നില ശ്രീകോവില്‍ മാതൃകയിലാണ്. അതില്‍ കൊടുങ്ങല്ലൂര്‍ ഭഗവതി, വെളിച്ചപ്പാട്, ഭീഷ്മര്‍ എന്നിവരുടെ വിഗ്രഹങ്ങള്‍ അലങ്കരിച്ചുവെക്കും. 1008 കുത്തുവിളക്കുകള്‍, 108 തൂക്കുവിളക്കുകള്‍ എന്നിവകൊണ്ട് ആറ്റുവേലച്ചാട് അലംകൃതമാക്കും.
അറ്റുവേലച്ചാടിനെ അനുഗമിക്കുന്ന തൂക്കച്ചാടുകള്‍ നിര്‍മ്മിക്കുന്നത് അതാത് ദേശക്കാരാണ്. രണ്ട് വള്ളങ്ങളില്‍ തട്ടിട്ടാണ് ഇതും നിര്‍മ്മിക്കുന്നത്. പണ്ട്കാലത്ത് മുള ഉപയോഗിച്ചായിരുന്നു തൂക്കച്ചാടുകള്‍ നിര്‍മ്മിച്ചിരുന്നതെങ്കില്‍ ഇന്നത് തടിക്ക് വഴിമാറി. അറ്റുവേലദിവസം ദേശത്ത് വിരുന്നാകാരില്ലാത്ത വീടുകളുണ്ടാവില്ല. ദുരദേശങ്ങളില്‍ ജോലിക്കപോയവര്‍പോലും ഈ ദിവസം തങ്ങളുടെ വീടുകളിലെത്തും. ജാിമത ഭേതമന്യെ വയടാര്‍, ഇടവട്ടം വൈക്കപ്രയാര്‍ തുടങ്ങിയ കരകളിലെ ജനങ്ങല്‍ ഒന്നിക്കുന്ന ഉത്സവം കൂടിയാണിത്.
അക്ഷരാര്‍ത്ഥത്തില്‍ തന്നെ നാടിന്റെ ഉത്സവമായ ആറ്റുവേല കാണാന്‍ ആയിരങ്ങളാണ് നാനാദേശങ്ങളില്‍ നിന്നായി വടയാറില്‍ എത്തുക. പക്ഷേ ആറ്റുവേലയുടെ പ്രശസ്തി ഇപ്പോഴും വടയാറിലും പരിസരങ്ങളിലും മാത്രമായി ഒതുങ്ങി നില്‍ക്കുന്നുവെന്നത് അധികൃതരുടെ അവഗണനയായി വിലയിരുത്തപ്പെടുന്നു. ദേവസ്വം ബോര്‍ഡിന്റെ അധീനതയിലുള്ളതാണ് പുരാതനമായ ഇളങ്കാവ് ദേവീക്ഷേത്രം. ആറ്റുവേലയുടെ പ്രശസ്തി പുറംലോകത്തെ അറിയിക്കുവാന്‍ ദേവസ്വം ബോര്‍ഡോ, ടൂറിസം വകുപ്പോ ഒന്നും വലിയ താല്പര്യം കാണിക്കുന്നില്ല എന്നതാണ് വസ്തുത.