ഇ.പി ജയരാജൻ മന്ത്രിസ്ഥാനം രാജിവെച്ചു.

02:40 pm 14/10/2016
download (8)

തിരുവനന്തപുരം: സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും വ്യവസായ മന്ത്രിയുമായ ഇ.പി ജയരാജൻ മന്ത്രിസ്ഥാനം രാജിവെച്ചു. ബന്ധു നിയമന വിവാദത്തെ തുടർന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന്‍റെ തീരുമാന പ്രകാരമായിരുന്നു രാജി. സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്ത് 142 ദിവസങ്ങൾക്ക് ശേഷമാണ് മന്ത്രിസഭയിലെ രണ്ടാമനെന്നറിയപ്പെടുന്ന വ്യവസായ മന്ത്രിക്ക് രാജി വെക്കേണ്ടി വന്നിരിക്കുന്നത്.

വ്യവസായ വകുപ്പിൽ തന്‍റെ ബന്ധുവിനെ നിയമിച്ചതുമായി ബന്ധപ്പെട്ടുണ്ടായ സംഭവത്തിൽ തെറ്റുകാരനാണെന്ന് ഇ.പി. ജയരാജൻ തന്നെ സമ്മതിച്ചുവെന്ന് കൊടിയേരി ബാലകൃഷ്ണൻ വാർത്താ സമ്മേളത്തിൽ അറിയിച്ചു. പാർട്ടിയുടെയും സർക്കാറിന്‍റെയും പ്രതിച്ഛായ ഉയർത്തിപ്പിടിക്കുന്നതിനും മറ്റ് സർക്കാറുകളിൽ നിന്നും വ്യത്യസ്തമാണ് എൽ.ഡി.എഫ് സർക്കാർ എന്ന് തെളിയിക്കുന്നതിനും രാജി വെക്കാൻ അനുവദിക്കണമെന്ന് ജയരാജൻ യോഗത്തിൽ ആവശ്യപ്പെടുകയായിരുന്നുവെന്ന് കോടിയേരി പറഞ്ഞു. പാർട്ടി സെക്രട്ടേറിയേറ്റ് ഇതിന് അനുമതി നൽകി. ജയരാജൻ ഇന്ന് തന്നെ മന്ത്രിസ്ഥാനം രാജിവെക്കുമെന്നും അദ്ദേഹം അറിയിച്ചു.

ബാർ കോഴക്കേസിൽ ആരോപണ വിധേയനായ കെ.ബാബുവിന്‍റെ രാജി സ്വീകരിക്കാതെ അപ്പീൽ പോകുകയും മന്ത്രിസ്ഥാനം തുടരാൻ അവസരമുണ്ടാക്കുകയുമാണ് യു.ഡി.എഫ് സർക്കാർ ചെയ്തത്. ഇതര സർക്കാറിൽ നിന്ന് വ്യത്യസ്തമായി മാതൃകാപരമായ നടപടിയുണ്ടാകണമെന്ന പാർട്ടിയുടേയും ജയരാജന്‍റെയുംനിലപാടിനെ തുടർന്നാണ് രാജിയെന്നും കോടിയേരി വ്യക്തമാക്കി. ബന്ധു നിയമനം നടത്താനായി നിയമത്തിൽ ഭേദഗതി വരുത്തി പാരമ്പര്യമാണ് യു.ഡി.എഫ് സർക്കാറിന്‍റെത്. ഇതിൽ നിന്ന് വ്യത്യസ്തമാണ് എൽ.ഡി.എഫ് എന്ന് തെളിയിക്കേണ്ട ബാധ്യത ഇടതുസർക്കാറിനുണ്ട്.

വസുന്ധര രാജെക്കെതിരെ ആരോപണമുയർന്നിട്ടും പാർലമെന്‍റിൽ രക്ഷാവലയം തീർത്ത് ആരോപണ വിധേയരെ സംരക്ഷിക്കുന്ന സമീപനമാണ് ബി.ജെ.പി സ്വീകരിച്ചത്. പെട്രോൾ പമ്പ് കുംഭകോണത്തിൽ നിരവധി സംസ്ഥാന നേതാക്കൾ ഉൾപ്പെട്ടിട്ടും അവർക്കെതിരെ നടപടിയെടുക്കാനും ബി.ജെ.പി തയാറായില്ല.

അതേസമയം, കേന്ദ്ര കമ്മിറ്റിയംഗവും പാർട്ടിയുടെ സമുന്നതനായ നേതാക്കളിലൊരാളുമായ ഇ.പി ജയരാജൻ പാർട്ടിക്ക് വേണ്ടി നിരവധി ത്യാഗങ്ങൾ അനുഷ്ഠിച്ചിട്ടുണ്ടെന്നും കോടിയേരി ഓർമിപ്പിച്ചു. നിയമന വിവാദത്തിൽ നാട്ടിലെ സാധാരണക്കാരായ ആളുകളുടെ പ്രതികരണങ്ങൾ കൂടി കണക്കിലെടുത്താണ് ജയരാജൻ രാജിവെക്കുകയാണെന്ന നിലപാട് സ്വീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

വ്യവസായ വകുപ്പ് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയായിരിക്കും കൈകാര്യം ചെയ്യുക. ജയരാജൻ വഹിക്കുന്ന പാർട്ടി സ്ഥാനങ്ങൾ സംബന്ധിച്ച് പിന്നീട് തീരുമാനമെടുക്കുമെന്നും കോടിയേരി അറിയിച്ചു.

ജയരാജന്‍റെ ഭാര്യാസഹോദരിയും കണ്ണൂര്‍ എം.പിയുമായ പി.കെ. ശ്രീമതിയുടെ മകനായ സുധീര്‍ നമ്പ്യാരെ കെ.എസ്.ഐ.ഇ എം.ഡിയായി നിയമിച്ച് ഉത്തരവിറങ്ങിയിരുന്നു. ഇത്​​ വൻ വിവാദമായതോടെ ഉത്തരവ്​ വ്യവസായ വകുപ്പ്​ പിൻവലിക്കുകയും ചെയ്​തിരുന്നു. വ്യവസായ വകുപ്പ്​ മന്ത്രി ഇ.പി ജയരാജ​െൻറ ബന്ധുവും കേരള ക്ലേയ്​സ്​ ആൻറ്​ സെറാമിക്​സ്​ ജനറൽ മാനേജരുമായ ദീപ്​തി നിഷാദിന്‍റെ നിയമനവും വിവാദമായി. ഇ.പി ജയരാജ​െൻറ ജേഷ്​ഠ​െൻറ മക​െൻറ ഭാര്യയാണ്​ ദീപ്​തി നിഷാദ്​ . ദീപ്​തി നിഷാദിനെ നിയമിച്ചത്​ മുതൽ തന്നെ പാർട്ടിക്കുള്ളിൽ വൻ എതിർപ്പുകൾ ഉണ്ടായിരുന്നു.