08:50am 21/5/2016
കെയ്റോ: 66 യാത്രക്കാരുമായി കാണാതായ ഈജിപ്ഷ്യന്‍ യാത്രാവിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. പാരീസില്‍ നിന്ന് കെയ്റോയിലേക്ക് പോയ വിമാനത്തിന്റെ അവശിഷ്ടങ്ങളാണ് മെഡിറ്ററേനിയന്‍ കടലിന് മുകളില്‍ കണ്ടെത്തിയത്. ഈജിപ്ത് എയറിന്റെ എയര്‍ബസ് എ 320 ആണ് കഴിഞ്ഞ ദിവസം കാണാതായത്.
മെഡിറ്ററേനിയലന് കടലില്‍ ഒഴുകി നടക്കുന്ന നിലയിലാണ് വിമാനത്തിന്റെ അവശിഷ്ടങ്ങളും യത്രക്കാരുടെ വസ്തുവകകളും കണ്ടെത്തിയത്. വിമാനം യാത്രക്കാരുമായി കടലില്‍ തകര്‍ന്നുവീഴുകയായിരുന്നുവെന്നാണ് നിഗമനങ്ങള്‍. വിമാനത്തിലുണ്ടായിരുന്നവരില്‍ ആരും രക്ഷപെട്ടിരിക്കാനിടയില്ലെന്നാണ് വിവരങ്ങള്‍. വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെത്താനായാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ.
ഭീകരാക്രമണ സാധ്യതകളും തള്ളിക്കളയുന്നില്ല. ഈജിപ്തിലെ തീരനഗരമായ അലക്സാന്‍ഡ്രിയയില്‍ നിന്നും 290 കിലോമീറ്റര്‍ അകലെ ഉള്‍ക്കടലിലാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. പാരീസിലെ റൊയ്സി വിമാനത്താവളത്തില്‍ നിന്നും ബുധനാഴ്ച്ചയാണ് വിമാനം പുറപ്പെട്ടത്. ഗ്രീക്ക് അതിര്‍ത്തിയില്‍ നിന്ന് ഈജിപ്തിന്റെ ആകാശത്തേക്ക് കടക്കുന്നതിന് ഏഴു മൈല്‍ മാത്രമുള്ളപ്പോള്‍ വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു.