04:31PM 25/06/2016
ഹൈദരാബാദ്: സെന്‍സര്‍ ബോര്‍ഡ് അനുമതി ലഭിക്കാത്തതിനെ തുടർന്ന് വിവാദത്തിലായ ബോളിവുഡ് ചിത്രം ‘ഉഡ്താ പഞ്ചാബ്’ പാകിസ്താനിലെ തീയേറ്ററുകളിൽ പ്രദർശിപ്പിക്കില്ല. ചിത്രത്തിൽ നിന്ന് 100 രംഗങ്ങൾ നീക്കം ചെയ്യണമെന്ന് പാക് സെൻസർ ബോർഡ് നിർദേശിച്ചതിനെ തുടർന്നാണ് നിർമാതാക്കൾ റിലീസ് വേണ്ടെന്ന തീരുമാനമെടുത്തത്. ചിത്രം വലിയ സന്ദേശമാണ് സമൂഹത്തിന് നൽകുന്നതെന്നും അതിനാൽ രംഗങ്ങൾ നീക്കാൻ സാധിക്കില്ലെന്നും സംവിധായകൻ അഭിഷേക് ചൗെബ പറഞ്ഞു.
പാകിസ്താനിൽ പ്രദർശിപ്പിക്കാത്തത് വഴി വലിയ വരുമാന നഷ്ടം ചിത്രത്തിന് ഉണ്ടാകും. ഇത് ചിത്രത്തിലെ രംഗങ്ങൾ നീക്കം ചെയ്യുന്നതിലും വലുതല്ല. പാക് സെൻസർ ബോർഡ് തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കാം. പക്ഷെ നിയമനടപടി വേണ്ടെന്നാണ് തീരുമാനമെന്നും ചൗബെ ചൂണ്ടിക്കാട്ടി.
ഇന്റർനെറ്റ് വഴി ചിത്രം പുറത്തുവന്നെങ്കിലും അത് വരുമാനത്തെ ബാധിച്ചിട്ടില്ല. ഇതിലെ കഥാപാത്രങ്ങൾ യഥാർഥ ജീവിതത്തെ പ്രതിനിധീകരിക്കുന്നു. ലഹരി മരുന്നുകളുടെ വിൽപനക്കും ലഹരി ഉപയോഗിക്കുന്നത് വഴിയുള്ള കുറ്റകൃത്യങ്ങൾക്കും എതിരായ സന്ദേശമാണ് ‘ഉഡ്താ പഞ്ചാബ്’. യഥാർഥ്യത്തെയാണ് ചിത്രം തുറന്നു കാട്ടുന്നതെന്നും അഭിഷേക് ചൗെബ വ്യക്തമാക്കി.
‘ഉഡ്താ പഞ്ചാബി’ലെ 89 രംഗങ്ങൾ നീക്കം ചെയ്യണമെന്ന ഇന്ത്യൻ സെൻസർ ബോർഡിന്റെ നിർദേശം വലിയ വിവാദങ്ങൾക്കും നിയമനടപടികൾക്കും വഴിവെച്ചിരുന്നു. സെൻസർ ബോർഡ് നടപടിക്കെതിരെ നിർമാതാക്കൾ മഹരാഷ്ട്ര ഹൈകോടതിയെ സമീപിക്കുകയും ചെയ്തു. സെൻസർ ബോർഡിനെ രൂക്ഷമായി വിമർശിച്ച ഹൈകോടതി ചിത്രത്തിലെ ഒരു രംഗം ഒഴിവാക്കി പ്രദർശിപ്പിക്കാൻ അനുമതി നൽകുകയാണ് ചെയ്തത്.