സിയൂള്‍: ഉത്തരകൊറിയ നടത്തിയ മധ്യദൂര മുസുദാന്‍ മിസൈല്‍ പരീക്ഷണം വീണ്ടും പരാജയപ്പെട്ടു. വിക്ഷേപണം നടന്ന് നിമിഷങ്ങള്‍ക്കകം പൊട്ടിത്തകരുകയായിരുന്നു എന്ന് ദക്ഷിണകൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ വാര്‍ത്തയോട് പ്രതികരിക്കാന്‍ ഉത്തരകൊറിയ തയാറായില്ല.
അതേസമയം, ഉത്തരകൊറിയ മിസൈല്‍ പരീക്ഷണം നടത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് സൈന്യത്തിനു ജപ്പാന് ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. ജപ്പാന് അതിര്‍ത്തിയില്‍ കടക്കുന്ന മിസൈലുകളും റോക്കറ്റുകളും ഉടനടി വെടിവച്ചിടാനാണു സൈന്യത്തിനു നിര്‍ദേശം നല്‍കിയിരുന്നത്.
മേയില്‍ ഉത്തരകൊറിയ നടത്തിയ മുസുദാന്‍ മിസൈല്‍ പരീക്ഷണം പരാജയപ്പെട്ടിരുന്നു. ഇതിനകം പലതവണ മുസുദാന്‍ മിസൈലുകള്‍ ഉത്തരകൊറിയ പരീക്ഷിച്ചെങ്കിലും ഒന്നും വിജയിച്ചില്ല. ഉത്തരകൊറിയയുടെ പക്കല്‍ 30 മുസുദാന്‍ മിസൈലുകള്‍ ഉണെ്ടന്നാണു കണക്ക്. 2007ലാണ് ഇത്തരത്തിലുള്ള ആദ്യ മിസൈല്‍ വിന്യസിച്ചത്. ഈ വര്‍ഷമാണ് ഇതിന്റെ വിക്ഷേപണ പരീക്ഷണം ആരംഭിച്ചത്. വിവിധ ദൂരപരിധികളിലുള്ള മുസുദാന്‍ മിസൈലുകളില്‍ ചിലതിന് അമേരിക്കവരെ ചെന്നെത്താന്‍ ശേഷിയുണെ്ടന്നാണ് ഉത്തരകൊറിയയുടെ അവകാശവാദം.