കൃത്രിമ’ ഭൂകമ്പമല്ല; ആണവ പരീക്ഷണമെന്ന് ഉത്തര കൊറിയ

08:52 AM 09/09/2016
images</a

സിയൂൾ: റിക്ടർ സ്കെയിലിൽ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉത്തര കൊറിയ ആണവ ബോംബ് പരീക്ഷണം നടത്തിയതാണെന്ന് ദക്ഷിണ കൊറിയ. 'കൃത്രിമ' ഭൂകമ്പമാണിതെന്നും അഞ്ചാമത്തെ ആണവ പരീക്ഷണമാണ് ഉത്തര കൊറിയ നടത്തിയതെന്നും ദക്ഷിണ കൊറിയൻ സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസി യോനാപ് റിപ്പോർട്ട് ചെയ്തു. വാർത്ത് പുറത്തുവന്ന് മണിക്കൂറുകൾക്ക് ശേഷം ആണവ പരീക്ഷണ വിവരം ഉത്തര കൊറിയൻ അധികൃതർ സ്ഥിരീകരിച്ചു.

ഉപഗ്രഹ ചിത്രങ്ങളുടെയും രഹസ്യാന്വേഷണ വിവരത്തിന്‍റേയും അടിസ്ഥാനത്തിൽ പരീക്ഷണം നടന്നത് ഉത്തര കൊറിയയിലെ പംഗീരിയിലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. മുമ്പും ഇവിടെ തന്നെയാണ് ഉത്തര കൊറിയ ആണവ പരീക്ഷണം നടത്തിയിട്ടുള്ളത്. ഭൂകമ്പത്തിന് സമാനമായുള്ള പ്രകമ്പനം ഉത്തര കൊറിയൻ മേഖലയിൽ അനുഭവപ്പെട്ടതായി യു.എസ് ജിയോളജിക്കൽ സർവേയും സ്ഥിരീകരിച്ചിട്ടുണ്ട്.

ആണവ, മിസൈൽ പരീക്ഷണം നടത്തുന്നതിന് ഉത്തര കൊറിയക്ക് യു.എൻ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ജനുവരിയിൽ ഹൈഡ്രജൻ ബോംബ് പരീക്ഷണം നടത്തിയതായി വാർത്തകൾ ഉണ്ടായിരുന്നെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ ദിവസം യു.എൻ വിലക്ക് ലംഘിച്ച് ഉത്തര കൊറിയ ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തിയിരുന്നു.

രാജ്യം സ്ഥാപിതമായതിന്‍റെ വാർഷികാഘോഷ വേളയിലാണ് ഉത്തര കൊറിയ. 1948ലാണ് ഉത്തര കൊറിയ സ്ഥാപിതമായത്.