ഉത്തരാഖണ്ഡിലെ ഭരണം: പാര്‍ലമെന്റ് പ്രക്ഷുബ്ദം

02:03pmm 25/4/2016
map-districts
ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിലെ രണ്ടാംഘട്ടവും പ്രക്ഷുബ്ദമാകുമെന്ന് സൂചന. ഉത്തരാഖണ്ഡിലെ ഭരണപ്രതിസന്ധി പ്രതിപക്ഷം പ്രധാനവിഷയമാക്കാന്‍ തീരുമാനിച്ചു. രാവിലെ പാര്‍ലമെന്റ് ചേര്‍ന്നയുടന്‍ ഇരുസഭകളിലും ബഹളം തുടങ്ങി. ലോക്‌സഭയില്‍ മല്ലികാര്‍ജുന ഖാര്‍ഗെ, കെ.സി വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തില്‍ 20 ഓളം കോണ്‍ഗ്രസ് അംഗങ്ങള്‍ സ്പീക്കറുടെ ചേംബറിനു മുന്നിലേക്ക് പ്രതിഷേധവുമായി എത്തി. സംസ്ഥാന സര്‍ക്കാരുകളെ അസ്ഥിരമാക്കാനാണ് കേന്ദ്രനീക്കമെന്ന് ഖാര്‍ഗെ ആരോപിച്ചു. എം.എല്‍.എമാരെ വിലയ്‌ക്കെടുത്ത് കേന്ദ്രസര്‍ക്കാര്‍ ഭരണകഘടനയെ കശാപ്പ് ചെയ്യുകയാണെന്നും ഖാര്‍ഗെ വിമര്‍ശിച്ചു. എന്നാല്‍ ഉത്തരാഖണ്ഡ് പ്രതിസന്ധിയില്‍ സര്‍ക്കാരിന് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും അത് കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്‌നമാണെന്നും ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് മറുപടി നല്‍കി.
എന്നാല്‍ കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമായതിനാല്‍ ചര്‍ച്ചയ്ക്ക് കഴിയില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. ഉത്തരാഖണ്ഡിലേത് ജനാധിപത്യത്തിന്റെ കശാപ്പാണെന്ന് ജനതാദള്‍ നേതാവ് പവന്‍ വര്‍മ ആരോപിച്ചു. ബഹളത്തിനിടെ ലോക്‌സഭ 2.10 വരെ നിര്‍ത്തിവച്ചു. ബഹളത്തിനിടെ രാജ്യസഭ രണ്ടു മണിവരെ നിര്‍ത്തിവച്ചിരുന്നു.
അതിനിടെ, ലോക്‌സഭയില്‍ വരള്‍ച്ച വിഷയത്തില്‍ ചര്‍ച്ച ആരംഭിച്ചു. പ്രശ്‌നം പരിഹരിക്കാന്‍ ഒരുമിച്ചിരുന്ന ചര്‍ച്ച ചെയ്യണമെന്ന് പാര്‍ലമെന്ററി കാര്യമന്ത്രി വെങ്കയ്യ നായിഡു ആവശ്യപ്പെട്ടു