ഉത്തരാഖണ്ഡില്‍ കനത്ത മഴ തുടരുന്നു

07:50am 03/07/2016
images (8)
ഡറാഡൂണ്‍: മേഘവിസ്ഫോടനത്തെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും കൊടും ദുരിതംവിതച്ച ഉത്തരാഖണ്ഡിലെ ഗ്രാമങ്ങളില്‍ രക്ഷാപ്രവര്‍ത്തനം പുരോഗിക്കുന്നു. എന്നാല്‍, കനത്ത മഴയും മൊബൈല്‍ ടവറുകള്‍ തകരാറിലായതും രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചു. തകര്‍ന്ന വീടുകളുടെയും മറ്റും അവശിഷ്ടങ്ങളില്‍നിന്ന് 14 മൃതദേഹങ്ങള്‍ കണ്ടെടുത്തു.പിത്തോറഘട്ട്, ചമോലി ജില്ലകളില്‍ കണാതായ 15 പേരെക്കുറിച്ച് വിവരമില്ല.

കൂടുതല്‍പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. ചമോലി, പിത്തോറഘട്ട് ജില്ലകളിലെ ആറുഗ്രാമങ്ങളില്‍ 39 പേര്‍ മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്.നിലക്കാതെ പെയ്യുന്ന മഴയില്‍ സംസ്ഥാനത്തെ 10 നദികള്‍ കരകവിഞ്ഞൊഴുകുകയാണ്. റോഡുകളടക്കമുള്ള ഗതാഗതസംവിധാനം പൂര്‍ണമായി തകര്‍ന്നതിനത്തെുടര്‍ന്ന് നിരവധി ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടിരിക്കുകയാണ്. തകര്‍ന്ന വീടുകളുടെയും പാലങ്ങളുടെയും ടണ്‍ കണക്കിന് അവശിഷ്ടങ്ങളാണ് മഴയില്‍ കുത്തിയൊലിച്ചത്തെുന്നത്.

ബല്‍താല്‍ ബേസ് ക്യാമ്പില്‍ കുടുങ്ങിയ അമര്‍നാഥ് തീര്‍ഥാടകസംഘം ശനിയാഴ്ച രാവിലെ യാത്ര പുനരാരംഭിച്ചു.അടുത്ത 48 മണിക്കൂറില്‍ കനത്ത മഴയുണ്ടാകുമെന്ന മുന്നറിയിപ്പ് ആശങ്കയുയര്‍ത്തുന്നു. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ, സംസ്ഥാനത്ത് വെള്ളപ്പൊക്കത്തില്‍ 6000 പേരാണ് മരിച്ചത്.അതിനിടെ, അരുണാചല്‍പ്രദേശിലെ ബലുക്പോങ്ങിലുണ്ടായ മണ്ണിടിച്ചിലില്‍ 10 പേര്‍ മരിച്ചു.

അഞ്ചു മൃതദേഹങ്ങള്‍ കണ്ടെടുത്തു. രണ്ടുദിവസമായി തുടരുന്ന പേമാരിയില്‍ സംസ്ഥാനത്തൊട്ടാകെ വന്‍ നാശനഷ്ടമുണ്ടായി. കഴിഞ്ഞ ഏപ്രില്‍ 22നുണ്ടായ മണ്ണിടിച്ചിലില്‍ 15 തൊഴിലാളികള്‍ കൊല്ലപ്പെട്ടിരുന്നു