ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ് നിയമയുദ്ധത്തിന്

1:19pm 28/3/2016

download (3)
ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയതിനെതിരെ കോണ്‍ഗ്രസ് ഹൈകോടതിയെ സമീപിക്കും. നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് കോടതിയെ സമീപിക്കുന്നത്. വിശ്വാസവോട്ട് തേടുന്നതിന്റെ 24 മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ ബി.ജെ.പി നടത്തിയ നാടകീയ നീക്കം ജനാധിപത്യത്തിന്റെ കൊലപാതകമാണെന്ന് മുന്‍മുഖ്യമന്ത്രി ഹരീഷ് റാവത്ത് പറഞ്ഞു.

മോഡിയും അമിത് ഷായും ചേര്‍ന്ന് തന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ എന്തുവില കൊടുത്തും അട്ടിമറിക്കാന്‍ ശ്രമിച്ചു. ഉത്തരാഖണ്ഡിലെ ജനങ്ങളുടെ വികാരം പോലും മാനിക്കാതെയുള്ള നടപടിയായിരുന്നു ഇതെന്നും റാവത്ത് പറഞ്ഞു. റാവത്ത് സര്‍ക്കാര്‍ ഇന്ന് വിശ്വാസവോട്ട് നേരിടാനിരിക്കെയാണ് സംസ്ഥാനത്ത് ഞായറാഴ്ച രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്.

സംസ്ഥാനത്ത് കടുത്ത ഭരണപ്രതിസന്ധി നിലനില്‍ക്കുന്നു എന്ന് ഗവര്‍ണര്‍ കെ.കെ പോള്‍ കേന്ദ്ര മന്ത്രിസഭക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രപതിയോട് ആവശ്യപ്പെട്ടത്.

എം.എല്‍.എമാര്‍ കൂറുമാറിയതിനെ തുടര്‍ന്നാണ് ഹരീഷ് റാവത്തിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രതിസന്ധിയിലായത്. സര്‍ക്കാര്‍ രൂപവത്കരണത്തിന് ബി.ജെ.പി അവകാശവാദം ഉന്നയിക്കുകയും ചെയ്തു. ഒമ്പത് വിമത എം.എല്‍.എമാരെ സ്പീക്കര്‍ ഗോവിന്ദ് സിങ് കുഞ്ച്വാള്‍ ശനിയാഴ്ച രാത്രി അയോഗ്യരാക്കിയതായി റിപ്പോര്‍ട്ട് വന്നിരുന്നു. ഇവരെ പുറത്താക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഹരീഷ് റാവത്ത് സ്പീക്കറെ കണ്ടിരുന്നു. കേന്ദ്ര മന്ത്രിസഭാ യോഗം രാത്രി ചേര്‍ന്നതിന് പിന്നാലെയായിരുന്നു സ്പീക്കറുടെ നാടകീയ നീക്കം.