ഉത്തരാഖണ്ഡില്‍ വിമതരാകാന്‍ ബി.ജെ.പി 50 കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന് കോണ്‍ഗ്രസ് എം.എല്‍.എമാര്‍

0425pm 27/4/2016
images (1)

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ സര്‍ക്കാരിനെതിരെ വിമതപക്ഷം ചേരാന്‍ ബി.ജെ.പി 50 കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന് കോണ്‍ഗ്രസ് എം.എല്‍.എമാരുടെ വെളിപ്പെടുത്തല്‍. രാജേന്ദ്ര ഭണ്ഡാരി, ജീത് റാം എന്നീ കോണ്‍ഗ്രസ് എം.എല്‍.എമാരാണ് വെളിപ്പെടുത്തല്‍ നടത്തിയത്. അമ്പത് കോടി രൂപയ്ക്ക് പുറമെ, നിമയസഭാ തെരഞ്ഞെടുപ്പില്‍ ബന്ധുക്കള്‍ക്ക് സീറ്റും രാജ്യസഭാ സീറ്റും വാഗ്ദാനം ചെയ്തുവെന്ന് ഇവര്‍ വെളിപ്പെടുത്തി.
ബി.ജെ.പി നേതാവ് സത്പാല്‍ മഹാരാജുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന കോണ്‍ഗ്രസ് എം.എല്‍.എമാരാണ് വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുന്നത്. രാജേന്ദ്ര ഭണ്ഡാരിയും ജീത് റാമും വിമത കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്കൊപ്പം ചേര്‍ന്ന് ബി.ജെ.പി പാളയത്തില്‍ എത്തുമെന്ന വാര്‍ത്തകള്‍ക്കിടെയാണ് തങ്ങള്‍ക്ക് പണമടക്കം നിരവധി വാഗ്ദാനങ്ങള്‍ ലഭിച്ചിരുന്നുവെന്ന വെളിപ്പെടുത്തലുമായി ഇവര്‍ രംഗത്തു വന്നിരിക്കുന്നത്. നേരത്തെ കൂറുമാറിയ 9 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്കൊപ്പം ഇരുവരും ഡെപ്യൂട്ടി സ്പീക്കര്‍ അനുസൂയ പ്രസാദ് മൈഖുരിയും കൂറു മാറുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു.
എന്നാല്‍ തങ്ങള്‍ കോണ്‍ഗ്രസ് പക്ഷത്ത് തന്നെ ഉറച്ചു നില്‍ക്കുമെന്ന് എം.എല്‍.എമാര്‍ വ്യക്തമാക്കി. കൂറു മാറുന്നതിനായി രണ്ടര കോടി രൂപ മുതലാണ് ബി.ജെ.പി വാഗ്ദാനം ചെയ്തു തുടങ്ങിയത്. പിന്നീട് ഇത് അഞ്ച് കോടിയും പത്ത് കോടിയും അമ്പത് കോടി വരെ ആയി. എന്നാല്‍ തങ്ങള്‍ ഈ വാഗ്ദാനത്തില്‍ വീഴാന്‍ തയ്യാറായില്ലെന്ന് ഭണ്ഡാരി കൂട്ടിച്ചേര്‍ത്തു. ഒന്‍പത് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ കൂറു മാറിയതിനെ തുടര്‍ന്ന് ഉത്തരാഖണ്ഡില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് ബി.ജെ.പിയെ വെട്ടിലാക്കുന്ന വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രംഗത്തു വന്നത്.
അതേസമയം കോണ്‍ഗ്രസ് എം.എല്‍.എമാര്‍ കോഴ ആരോപണം തെളിയിക്കണമെന്ന് ബി.ജെ.പി വക്താവ് മുന്ന സിംഗ് ചൗഹാന്‍ ആവശ്യപ്പെട്ടു.