ഉത്തരാഖണ്ഡില്‍ വിശ്വാസവോട്ട്‌ മാറ്റി; രാഷ്‌ട്രപതി ഭരണം തുടരും

08:33am 28/4/2016
download

ന്യൂഡല്‍ഹി:ഉത്തരാഖണ്ഡില്‍ രാഷ്‌ട്രപതി ഭരണം തുടരാമെന്ന്‌ സുപ്രീം കോടതി. ഇതോടെ നാളെ നിശ്‌ചയിച്ച വിശ്വാസ വോട്ടെടുപ്പു നടക്കില്ല. കേസില്‍ തുടര്‍വാദം മൂന്നിനു തുടരും. എന്നാല്‍, സംസ്‌ഥാനത്ത്‌ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തിയതില്‍ കേന്ദ്ര സര്‍ക്കാരിനോടു സുപ്രീം കോടതി കൂടുതല്‍ വിശദീകരണം തേടി.
ഹിതപരിശോധനക്കു നേരിട്ട കാലതാമസം രാഷ്‌ട്രപതി ഭരണം എര്‍പ്പെടുത്താനുള്ള കാരണമാണോ എന്നതടക്കമുള്ള ഏഴ്‌ ചോദ്യങ്ങള്‍ക്ക്‌ ഉത്തരം നല്‍കാനാണു കേന്ദ്രത്തോട്‌ സുപ്രീം കോടതി ആവശ്യപ്പെട്ടത്‌. ഈ ചോദ്യങ്ങള്‍ക്ക്‌ ഉത്തരം കൂടി ഉള്‍പ്പെടുത്തി ഹര്‍ജി ഭേദഗതി ചെയ്‌ത്‌ വെള്ളിയാഴ്‌ച സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചു. ഉത്തരാഖണ്ഡിലെ രാഷ്‌ട്രപതി ഭരണം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ്‌ ജസ്‌റ്റിസ്‌ ദീപക്‌ മിശ്രയുടെ നേതൃത്വത്തിലുള്ള സുപ്രീം കോടതി ബെഞ്ച്‌ ഏപ്രില്‍ 22 നു സ്‌റ്റേ ചെയ്‌തിരുന്നു. ഹൈക്കോടതി വിധിക്കെതിരേ കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
അന്തിമ വിധിയുടെ അഭാവത്തില്‍ ഒരു പാര്‍ട്ടിയെ മാത്രം ഹിതകരമല്ലാത്ത അവസ്‌ഥയില്‍ നിര്‍ത്തി മറ്റൊരു പാര്‍ട്ടിക്കു മുഖ്യമന്ത്രിയുടെ ഓഫീസ്‌ ഏറ്റെടുക്കാന്‍ എങ്ങനെ സാധിക്കുമെന്ന ചോദ്യമാണു കേന്ദ്രം കോടതിയില്‍ ഉന്നയിച്ചത്‌. എന്നാല്‍ ഉത്തരാഖണ്ഡ്‌ മുഖ്യമന്ത്രി ഹരീഷ്‌ റാവത്തിനും നിയമസഭാ സ്‌പീക്കര്‍ ഗോവിന്ദ്‌ സിങ്‌ കുജ്‌വാലിനും വേണ്ടി ഹാജരായ അഭിഭാഷകര്‍ എതിര്‍ വാദം ഉന്നയിച്ചു. ഹൈക്കോടതി വിധി സ്‌റ്റേ ചെയ്‌ത്‌ കൊണ്ടുള്ള സുപ്രീം കോടതി വിധി തുടരാന്‍ അനുവദിക്കുന്നതു സംസ്‌ഥാനത്ത്‌ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തികൊണ്ടുള്ള കേന്ദ്ര നിലപാട്‌ സമര്‍ഥിക്കുന്നതിനു തുല്യമാണെന്നായിരുന്നു വാദം. എന്നാല്‍ വിഷയത്തില്‍ സമതുലിതമായ തീരുമാനമാണു എടുക്കേണ്ടതെന്ന നിലപാടാണ്‌ സുപ്രീം കോടതി കൈക്കൊണ്ടത്‌.
മാര്‍ച്ചില്‍ ഉത്തരാഖണ്ഡ്‌ നിയമസഭയില്‍ നടന്ന ബജറ്റ്‌ ചര്‍ച്ചയ്‌ക്കിടെ ഭരണകക്ഷിയായ കോണ്‍ഗ്രസിലെ ഒമ്പത്‌ വിമത എം.എല്‍.എമാര്‍ ബി.ജെ.പിയിലേക്കു കൂറുമാറിയതിനെ തുടര്‍ന്നാണ്‌ ഉത്തരാഖണ്ഡില്‍ ഭരണ പ്രതിസന്ധിയുണ്ടായത്‌. ഇവരെ പിന്നീട്‌ അയോഗ്യരാക്കി.