ഉത്തരാഖണ്ഡ്: രാഷ്ട്രപതിഭരണം റദ്ദാക്കിയത് സുപ്രീംകോടതി സ്‌റ്റേ ചെയ്തു

06:58pm 22/04/2016
download
ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ രാഷ്ട്രപതി ഭരണം റദ്ദാക്കിയ ഹൈകോടതി നടപടി സുപ്രീംകോടതി സ്‌റ്റേ ചെയ്തു. താല്‍ക്കാലികമായാണ് ഹൈകോടതി വിധി സ്‌റ്റേ ചെയ്തത്. കേസ് 27ന് വീണ്ടും പരിഗണിക്കും. 27 വരെ രാഷ്ട്രപതി ഭരണം തുടരാനും സുപ്രീംകോടതി നിര്‍ദേശിച്ചു. കേന്ദ്രസര്‍ക്കാറിന്റെ അപേക്ഷ പരിഗണിച്ചാണ് സുപ്രീംകോടതി ഹൈകോടതി നടപടി സ്‌റ്റേ ചെയ്തത്. രാഷ്ട്രപതി ഭരണം റദ്ദാക്കാന്‍ ഹൈകോടതിക്ക് അധികാരമില്ലെന്ന് കേന്ദ്രം വാദിച്ചു.

ഇന്നലെയാണ് ഉത്തരാഖണ്ഡിലെ രാഷ്ട്രപതി ഭരണം ഉത്തരാഖണ്ഡ് ഹൈകോടതി റദ്ദാക്കിയത്. കോണ്‍ഗ്രസ് സര്‍ക്കാറിനെ താഴെയിറക്കി സര്‍ക്കാര്‍ രൂപവത്കരണത്തിനുള്ള ശ്രമങ്ങള്‍ ബി.ജെ.പി നേതൃത്വം നടത്തുന്നതിനിടയിലാണ് രാഷ്ട്രപതിഭരണം തന്നെ ഹൈകോടതി റദ്ദാക്കിയത്. ഇതോടെ കേന്ദ്രം സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

കേന്ദ്രസര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശം ഉന്നയിച്ചുകൊണ്ടായിരുന്നു ഹൈകോടതിയുടെ നടപടി. കേന്ദ്രസര്‍ക്കാര്‍ നിര്‍ലജ്ജം കളവുപറഞ്ഞുവെന്നും സുപ്രീംകോടതി നിഷ്‌കര്‍ഷിച്ച നിയമത്തിന് വിരുദ്ധമായിട്ടാണ് രാഷ്ട്രപതി ഭരണത്തിനായുള്ള ഭരണഘടനയുടെ 356ാം അനുച്ഛേദം പ്രയോഗിച്ചതെന്നും കോടതി നിരീക്ഷിച്ചിരുന്നു. മലയാളിയായ ചീഫ് ജസ്റ്റിസ് കെ.എം ജോസഫ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റെതായിരുന്നു വിധി. ഹരീഷ് റാവത്തിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാറിനെ പുനഃസ്ഥാപിച്ച ഹൈകോടതി ഈമാസം 29ന് നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാനും ആവശ്യപ്പെട്ടു.

മാര്‍ച്ച് 18ന് ഉത്തരാഖണ്ഡ് നിയമസഭയില്‍ ബില്‍ പാസ്സാക്കാന്‍ കഴിയാതെ വന്നതോടെയാണ് സര്‍ക്കാറിന് ഭൂരിപക്ഷം നഷ്ടപ്പെട്ടെന്ന് വിമത കോണ്‍ഗ്രസ് എം.എല്‍.എമാരും ബി.ജെ.പിയും ചേര്‍ന്ന് ആരോപണമുന്നയിച്ചത്. തുടര്‍ന്ന് മാര്‍ച്ച് 28ന് സഭയില്‍ വിശ്വാസവോട്ട് തേടാന്‍ ഹൈകോടതി ഉത്തരവിട്ടു. എന്നാല്‍ ഇതിന് ഒരു ദിവസം മുമ്പ് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുകയായിരുന്നു. ഇതേതുടര്‍ന്ന് മുഖ്യമന്ത്രി ഹരീഷ് റാവത്ത് ഹൈകോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുകയായിരുന്നു. വാദങ്ങള്‍ക്കിടെ കേന്ദ്ര സര്‍ക്കാറിനെതിരെ ശക്തമായ ഭാഷയിലാണ് കോടതി വിമര്‍ശിച്ചിരുന്നത്.

71 അംഗ നിയമസഭയില്‍ 36 എം.എല്‍.എമാരുണ്ടായിരുന്ന കോണ്‍ഗ്രസിന് നിലവില്‍ സ്പീക്കര്‍ അടക്കം 27 സാമാജികരാണുള്ളത്. ആറ് എം.എല്‍.എമാരുള്ള പി.ഡി.എഫും ഒരു നോമിനേറ്റഡ് അംഗവും കോണ്‍ഗ്രസിനെ പിന്തുണക്കുന്നവരാണ്. ബി.ജെ.പിക്കും 27 എം.എല്‍.എമാരാണുള്ളത്. എന്നാല്‍, ഏക ബി.ജെ.പി വിമതന് വോട്ടവകാശമുണ്ട്.