ഉത്തർപ്രദേശിൽ ട്രെയിൻ പാളം തെറ്റി 91മരണം.

09:00 am 20/11/2016

images (1)
പറ്റ്ന: ഉത്തർപ്രദേശിൽ ട്രെയിൻ പാളം തെറ്റിയുണ്ടായ അപകടത്തില്‍ മരണം 91 ആയി. 150 പേർക്ക് പരിക്ക്. കാണ്‍പൂരില്‍ പട്‌ന-ഇന്‍ഡോര്‍ എക്‌സ്പ്രസിന്‍റെ 14 കോച്ചുകളാണ് പാളം തെറ്റിയത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചവരിൽ അറുപതോളം പേരുടെ നില ഗുരുതരം. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് പ്രാഥമിക വിവരം.

പുലർച്ചെ മൂന്നോടെ കാൺപൂരിൽ നിന്ന് 100 കിലോമീറ്റർ അകലെ പൊക്രയാൻ പട്ടണത്തിലാണ് സംഭവം. അപകട സമയത്ത് യാത്രക്കാർ ഉറക്കത്തിലായിരുന്നു. യാത്രക്കാരാണ് തകർന്ന ബോഗികളിൽ നിന്ന് മരണപ്പെട്ടവരെയും പരിക്കേറ്റവരെയും പുറത്തെടുത്തത്. കൂടാതെ ഉൾഗ്രാമത്തിലായതിനാൽ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ വൈകുകയും ചെയ്തു.

സംഭവസ്ഥലത്തു നിന്ന് ഇതുവരെ 20 മൃതദേഹങ്ങള്‍ കണ്ടെത്തിയതായി കാണ്‍പൂര്‍ ഐ.ജി. സാകി അഹ്മദ് അറിയിച്ചു. രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കാൺപൂർ എസ്.പിയോട് മുഖ്യമന്ത്രി അഖിലേഷ് യാദവ് നിർദേശം നൽകി.

രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണെന്നും കൂടുതല്‍ വൈദ്യസംഘവും മുതിര്‍ന്ന ഉദ്യോഗസ്ഥരും സംഭവ സ്ഥലത്തേക്ക് തിരിച്ചതായി റെയില്‍വേ വക്താവ് എ. സക്‌സേന അറിയിച്ചു. സംഭവത്തിൽ റെയിൽവേ മന്ത്രി സുരേഷ് പ്രഭു അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു

സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, തുടർപ്രവർത്തനങ്ങൾക്കായി റെയിൽവേ മന്ത്രിയെ ചുമതലപ്പെടുത്തിയതായും അറിയിച്ചു.

ഹെൽപ്പ് ലൈൻ നമ്പർ: ജാൻവി-05101072, ഒറൈ-051621072, കാൺപുർ-05121072, പൊക്രയാൻ-05113-270239

വെള്ളിയാഴ്ച രാജസ്ഥാനിലെ ശ്രീഗംഗാനഗർ ജില്ലയിൽ ഭാട്ടിൻഡ-ജോധ്പുർ പാസഞ്ചർ പാളംതെറ്റി 12ലധികം പേർക്ക് പരിക്കേറ്റിരുന്നു.