ഉത്തർപ്രദേശിൽ ബലാൽസംഗ ദൃശ്യങ്ങൾ വിൽപ്പനക്ക്

02:50pm 04/08/2016
download (4)
ലക്നോ: ഉത്തർപ്രദേശിലെ കണ്ണെത്താ ദൂരത്തോളം പരന്ന് കിടക്കുന്ന കരിമ്പിന്‍തോട്ടത്തില്‍ 15 വയസ് മാത്രം പ്രായം തോന്നിക്കുന്ന പെണ്‍കുട്ടിക്ക് ചുറ്റും നില്‍ക്കുന്ന അഞ്ച് യുവാക്കള്‍. അരുതേ എന്ന് കൈകൂപ്പി യാചിക്കുന്ന പെണ്‍കുട്ടിയുടെ കണ്ണുകൾ പേടി കാരണം തുറിച്ചിരിക്കുന്നു. ആരെങ്കിലും തന്നെ രക്ഷിക്കുമെന്ന പ്രതീക്ഷയോടെ അവൾ ചുറ്റും നോക്കുന്നുണ്ട്. പൊട്ടിച്ചിരിക്കുകയും അസഭ്യം പറയുകയും ചെയ്യുന്ന യുവാക്കളും ‍അവരുടെ ശബ്ദത്തില്‍ അലിഞ്ഞില്ലാതാകുന്ന പെണ്‍കുട്ടിയുടെ നിലവിളിയും.

സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചു ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഒരു പീഡനത്തിന്‍റെ ദൃശ്യങ്ങളാണിവ.

സംസ്ഥാനത്ത് പൊലീസിന്‍റെ മൂക്കിന് താഴെ പെണ്‍കുട്ടികളെ പീഡനത്തിന് ഇരയാക്കുന്ന വിഡിയോകള്‍ വ്യാപകമായി വിൽക്കുന്നതായാണ് റിപ്പോര്‍ട്ട്. ആഗ്രയിലെ കസ്ഗഞ്ച് മാര്‍ക്കറ്റില്‍ ഇത്തരം ദൃശ്യങ്ങള്‍ വില്‍പ്പന നടത്തുന്ന അനേകം കടകളുണ്ടെന്നും 30 സെക്കന്‍റ് മുതല്‍ അഞ്ച് മിനിറ്റുകള്‍ വരെ നീളുന്ന ദൃശ്യങ്ങളാണ് ദിനംപ്രതി വിറ്റു പോകുന്നതെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

100 മുതൽ 1000 വരെ വിഡിയോകൾക്ക് ദിവസവും ആവശ്യക്കാരുണ്ട്. 30 സെക്കന്‍റ് മുതൽ അഞ്ച് മിനിറ്റ് വരെ ദൈർഘ്യമുള്ള വിഡിയോകൾ വിശ്വസ്തരായ കസ്റ്റമേഴ്സിന് മാത്രമേ ലഭിക്കുകയുള്ളൂ. സ്മാർട്ട് ഫോണിലോ പെൻ ഡ്രൈവിലോ ഡൗൺലോഡ് ചെയ്യാനുള്ള സൗകര്യവും ലഭിക്കും. കുറ്റവാളികള്‍ തന്നെ പകര്‍ത്തിയ ദൃശ്യങ്ങളാണ് മിക്കതിലും ഉപയോഗിച്ചിരിക്കുന്നത്. കൗമാരക്കാരാണ് വാങ്ങാന്‍ എത്തുന്നവരില്‍ കൂടുതലും.

പോണ്‍ വീഡിയോകളുടെ വില്‍പ്പന സാധാരണമാണെങ്കിലും ഇത്തരം യഥാര്‍ത്ഥ കുറ്റകൃത്യങ്ങളുടെ ദൃശ്യങ്ങള്‍ വില്‍പ്പനക്ക് വെക്കുന്നത് സാധാരണക്കാരെ ഞെട്ടിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്നും റെയ്ഡ് നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരുമെന്നും പൊലീസ് അറിയിച്ചു.