ഉദയംപേരൂര്‍: പ്രശ്നം പ്രാദേശികവിഷയം മാത്രമെന്ന് സി.പി.ഐ

03:38pm 3/8/2106
download (2)

തിരുവനന്തപുരം: എറണാകുളം ഉദയംപേരൂരില്‍ സി.പി.എം പ്രവര്‍ത്തകര്‍ സി.പി.ഐയില്‍ ചേര്‍ന്നതിനെതുടര്‍ന്നുള്ള പ്രശ്നത്തെ പ്രാദേശികവിഷയമായി കണ്ടാല്‍ മതിയെന്ന ധാരണയില്‍ സി.പി.ഐ സംസ്ഥാന നിര്‍വാഹക സമിതി. അതേസമയം, ഉദയംപേരൂരിനെ പിന്തുടര്‍ന്ന് കാസര്‍കോട് ബേഡകം, കുറ്റികോല്‍, ബന്തടുക്ക എന്നിവിടങ്ങളിലും സി.പി.എം വിട്ടുവരുന്നവരെ സ്വീകരിക്കാനാണ് സി.പി.ഐ നേതൃത്വത്തിന്‍െറ തീരുമാനം. ഈ വിഷയങ്ങളടക്കം സി.പി.എം സംസ്ഥാനനേതൃത്വത്തെ സി.പി.ഐ നേതൃത്വം അറിയിച്ചുകഴിഞ്ഞു. ഇരു പാര്‍ട്ടി സംസ്ഥാനനേതൃത്വങ്ങളും തമ്മില്‍ ഏറ്റുമുട്ടല്‍ ഒഴിവാക്കുന്നതിന്‍െറ ഭാഗമായാണ് സി.പി.ഐയുടെ ഈ നടപടി.
അവിടെ സംഭവിച്ചത് ദേശീയ, സംസ്ഥാനതലത്തില്‍ ഉണ്ടായ രാഷ്ട്രീയമാറ്റങ്ങളുടെ അടിസ്ഥാനത്തിലുണ്ടായ പാര്‍ട്ടിവിടലല്ല, മറിച്ച് പ്രാദേശികനേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്നാണെന്ന നിലപാടാണ് സി.പി.ഐ നേതൃത്വത്തിന്‍േറത്. മുമ്പ് സി.പി.എം നേതൃത്വവുമായി നടന്ന ഉഭയകക്ഷിചര്‍ച്ചയില്‍ ഉദയംപേരൂരിലും കാസര്‍കോട്ടും സി.പി.എം പ്രവര്‍ത്തകര്‍ സി.പി.ഐയില്‍ ചേരുന്നത് അടക്കം അറിയിച്ചു. തങ്ങള്‍ നടപടിക്ക് വിധേയരാക്കിയവരാണ് ഉദയംപേരൂരില്‍ പാര്‍ട്ടി വിട്ടുപോകാന്‍ നില്‍ക്കുന്നതെന്നാണ് സി.പി.എം നേതൃത്വം വിശദീകരിച്ചത്. കമ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ നിന്ന് പരസ്പരം പ്രവര്‍ത്തകര്‍ വിട്ടുപോരുന്നതും ചേരുന്നതും ദോഷകരമല്ല. വര്‍ഗീയപ്രസ്ഥാനത്തിലേക്ക് പോകുന്നതാണ് നാടിന് ആപത്തെന്ന നിലപാടാണ് സി.പി.ഐ നേതൃത്വം ചര്‍ച്ചയിലെടുത്തത്. ജില്ലയില്‍ സി.പി.എം-സി.പി.ഐ ജില്ലാ നേതൃത്വങ്ങള്‍ തമ്മില്‍ ഈ വിഷയത്തെച്ചൊല്ലി തര്‍ക്കം ഉയര്‍ന്നിരുന്നു.
എന്നാല്‍, ഇതിനെ കൂടുതല്‍ ചര്‍ച്ചയാക്കേണ്ടെന്ന നിലപാടിലാണ് നേതൃത്വം എത്തിയത്. പ്രത്യേകിച്ചും കാസര്‍കോട് ജില്ലയില്‍ നിന്ന് സി.പി.എം പ്രവര്‍ത്തകര്‍ സി.പി.ഐയില്‍ ചേരാനിരിക്കെ. സംസ്ഥാന നേതൃത്വത്തിനെതിരെ ഒരു അഭിമുഖത്തില്‍ നടത്തിയ ആക്ഷേപത്തിന് ഇ.എസ്. ബിജിമോളോട് കൂടുതല്‍ വിശദീകരണം സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ആ വിഷയം ചൊവ്വാഴ്ച ചര്‍ച്ചയായില്ല.