ഉദ്വേഗഭരിതമായ യാത്രയുടെ കഥയുമായി ‘എ സ്‌പെഷല്‍ ഡേ’ ചിത്രീകരണം തുടങ്ങി

12.11 AM 20-07-2016
aspecial_1
ജോയിച്ചന്‍ പുതുക്കുളം
ടൊറന്റോ (കാനഡ): ഹൃസ്വചിത്രങ്ങളുടെ ശ്രേണിയിലേക്ക് വടക്കന്‍ അമേരിക്കയില്‍നിന്നു ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ ‘ഐ മലയാളി’യുടെ ഒന്‍പതാമത് സംരംഭത്തിനു തുടക്കമായി. ബാലതാരങ്ങളാല്‍ സന്പന്നവും കുട്ടികളുമായി ബന്ധപ്പെട്ട പ്രമേയവുമാണെന്നതാണു ഇത്തവണത്തെ പ്രത്യേകത. ഒരു പെണ്‍കുട്ടിയുടെ ക്ഷണം സ്വീകരിച്ച്, അവള്‍ നല്‍കിയ ഭൂപടത്തിലെ അടയാളങ്ങള്‍ പിന്തുടര്‍ന്ന്, കാടും മലയും പുഴകളും മാത്രമല്ല, ഒട്ടേറെ മാനസിക സംഘര്‍ഷങ്ങളും കടന്ന്, ഒരു ആണ്‍കുട്ടി നടത്തുന്ന യാത്രയുടെ കഥയാണ് ‘എ സ്‌പെഷല്‍ ഡേ’. അവന്റെ ചോദ്യത്തിന്, യാത്രയ്‌ക്കൊടുവില്‍ അവള്‍ ഉത്തരം നല്‍കുമെന്ന പ്രതീക്ഷയായിരുന്നു വഴിനീളെ നിറഞ്ഞ തടസങ്ങള്‍ തട്ടിമാറ്റുന്നതിന് ഊര്‍ജമേകിയത്. ഒടുവില്‍ അവന്‍ എത്തപ്പെട്ടത് എവിടെ? ആ ചോദ്യത്തിന് ഉത്തരം കിട്ടുമോ? കിട്ടിയോ?
ആകാംക്ഷയുടെ പരന്പരകളിലൂടെ മുന്നേറുന്ന ‘എ സ്‌പെഷല്‍ ഡേ’ എന്ന ചിത്രത്തിന്റെ പൂജ നിര്‍വഹിച്ചത് പ്രമുഖ സംവിധായകന്‍ ലാല്‍ ജോസാണ്. പ്രവാസലോകത്തെ മികച്ച അഭിനേതാവിനുള്ള പുരസ്‌കാരം നേടിയിട്ടുള്ള ബിജു തയ്യില്‍ച്ചിറ ഒരുക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് ഇംഗഌഷ് ഡോക്യുമെന്ററികള്‍ക്കും ഇംഗഌഷ് ചിത്രങ്ങള്‍ക്കുള്‍പ്പെടെ കാനഡയിലെ വിവിധ പ്രൊഡക്ഷന്‍ കന്പനികള്‍ക്കായി പ്രവര്‍ത്തിച്ചുപരിചയമുള്ള ജോര്‍ജ് ലൊമാഗയാണ്. ഇതൊഴിച്ചാല്‍, എ സ്‌പെഷല്‍ ഡേ ഒരുക്കുന്ന സംഘത്തിലെ അണിയറക്കാരെല്ലാം മലയാളികളാണ്. സന്തോഷ് പുളിക്കലാണ് സഹസംവിധായകന്‍. തിരക്കഥ മാത്യു ജോര്‍ജിന്റേതാണ്. വടക്കന്‍ അമേരിക്കയിലെ തന്നെ ഏറ്റവും വലിയ മലയാള സംഗീത, നൃത്ത നാടകമായിരുന്ന ‘ദ് ടെന്‍ കമാന്‍ഡ്‌മെന്റ്‌സി’നായി തിരക്കഥ ഒരുക്കിയതിലൂടെയാണ് മാത്യു ജോര്‍ജ് ശ്രദ്ധേയനായത്.
നിഥിന്‍ ബിജു ജോസഫ്, എല ജോസഫ്, ടിനാ മാത്യൂസ്, ഐറീന്‍ മേരി മാത്യു, ഫെബിന്‍ ബിജു ജോസഫ്, നിഖില്‍ ജോര്‍ജ്, ജെഫ് ആന്റണി മാനില, അലീന സണ്ണി കുന്നപ്പിള്ളി, എയ്ബല്‍ ബോബി, ബഞ്ചമിന്‍ ബാബു, ബെവിന്‍ ബാബു എന്നിവരാണ് അഭിനേതാക്കള്‍.
ഗിരീഷ് ബാബു (അസോഷ്യേറ്റ് ഡയറക്ടര്‍), ഫെബിന്‍ ജോസഫ് (അസിസ്റ്റന്റ് ഡയറക്ടര്‍), സജി ജോര്‍ജ്, സിദ്ധാര്‍ഥ് നായര്‍ (ക്യാമറ), സലിന്‍ ജോസഫ്, സണ്ണി കുന്നപ്പിള്ളി (ആര്‍ട്) എന്നിവരാണ് അണിയറക്കാരിലെ മറ്റു പ്രമുഖര്‍. രാജു ജോസഫ് യുഎസ്എ (അഡ്വൈസര്‍), തോമസ്‌കുട്ടി (ക്രൂ), സാം കരികൊന്പില്‍ (ട്രാന്‍സ്പര്‍ട്ടേഷന്‍), റോയ് ദേവസ്യ (സ്റ്റില്‍സ്), ഷാജന്‍ ഏലിയാസ് (ഡിസൈന്‍), വിന്‍ജോ മീഡിയ, സി. ജി. പ്രദീപ് (പബഌക് റിലേഷന്‍സ്) എന്നിവരും സഹകരിക്കുന്നു.
കാനഡയുടെ മനോഹാരിതയിലേക്കുകൂടി പ്രേക്ഷകരെ ആകര്‍ഷിക്കുന്ന ഉദ്വേഗജനകമായ ഒരു യാത്രയാകും ‘എ സ്‌പെഷല്‍ ഡേ’ എന്ന പ്രതീക്ഷയിലാണ് അണിയറക്കാര്‍ ഹിറ്റ് മേക്കര്‍ കെ. മധു സംവിധാനം ചെയ്ത ഹൃസ്വചിത്രമായ ‘ഓള്‍വേസ് വിത് യു’ വിനുശേഷമുള്ള ‘ഐ മലയാളി’യുടെ സംരംഭമെന്ന പ്രത്യേകതയുമുണ്ട് ഇതിനെന്ന് സംവിധായകന്‍ ബിജു തയ്യില്‍ച്ചിറ പറഞ്ഞു.