ഉറി ഭീകരാക്രമണം: പരിക്കേറ്റ ഒരു സൈനികന്‍ കൂടി മരിച്ചു; മരണം 18 ആയി

07:38 pm 19/9/2016

images (6)

ദില്ലി: ഉറി ഭീകരാക്രമണത്തിൽ മരണസംഖ്യ 18 ആയി. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ദില്ലിയിലെ സൈനിക ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഒരു സൈനികന്‍ കൂടി ഇന്ന് മരിച്ചു. മഹാരാഷ്ട്ര സ്വദേശിയായ കെ വികാസ് ജനാർദ്ധനാണ് ഇന്ന് മരിച്ച സൈനികൻ. പരിക്കേറ്റ 18 ജവാന്‍മാർ ശ്രീനഗറിലെ സൈനിക ആശുപത്രിയിൽ ഇപ്പോഴും ചികിത്സയിലാണ്.
ഭീകരാക്രമണത്തെക്കുറിച്ചുള്ള അന്വേഷണം ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറി. അന്വേഷണച്ചുമത ഏറ്റെടുത്ത എൻഐഎയുടെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന തുടങ്ങി. അതിനിടെ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 20 ആയെന്ന് പറഞ്ഞ പ്രതിരോധ സഹമന്ത്രി സുഭാഷ് ബാമ്റെ പിന്നീട് ഇത് തിരുത്തി.
ഉറിയിൽ ഭീകരാക്രമണത്തിൽ മരിച്ച സൈനികർക്ക് ശ്രീനഗറിലെ ബിബി കന്റോൺമെന്റിൽ പ്രതിരോധ സേനകൾ അന്ത്യാഭിവാദ്യം അർപ്പിച്ചു. ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹ്‍‍ബൂബ മുഫ്തി ഉൾപ്പടെയുള്ള നേതാക്കളും ധീരജവാൻമാർക്ക് ആദരാഞ്ജലി അ‍ർപ്പിക്കാനെത്തിയിരുന്നു. പിന്നീട് ജവാൻമാരുടെ മൃതദ്ദേഹം ജന്മനാടുകളിലേക്ക് കൊണ്ടു പോയി. മഹാരാഷ്ട്രയിലെയും ജാർഖണ്ടിലെയും ബിഹാറിലെയുമൊക്കെ ഗ്രാമങ്ങളിൽ ആയിരങ്ങളാണ് അന്ത്യാഭിവാദ്യം അർപ്പിക്കാനെത്തിയത്. ഇതിനിടെ വീരമൃത്യുവരിച്ച സൈനികർക്ക് ആദരാഞ്ജലി അർപ്പിച്ചും പാകിസ്ഥാന് മറുപടി നല്‍കുമെന്ന് വ്യക്തമാക്കിയുമുള്ള ഒരു ജവാന്റെ കവിത സോഷ്യൽ മീഡിയയിൽ വൈറലായി.