ഉറി ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ പാക് ഹൈക്കമ്മീഷണര്‍ അബ്ദുള്‍ ബാസിതിനെ വിളിച്ച് വരുത്തി ഇന്ത്യ തെളിവുകള്‍ കൈമാറി

09;12 pm 27/9/2016
download (1)

ന്യൂഡൽഹി: ഉറി ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ പാക് ഹൈക്കമ്മീഷണര്‍ അബ്ദുള്‍ ബാസിതിനെ വിളിച്ച് വരുത്തി ഇന്ത്യ തെളിവുകള്‍ കൈമാറി. പാക് അധീന കശ്മീരിലെ മുസാഫറാബാദ് സ്വദേശി ഹഫീസ് സയ്യിദാണ് ആക്രമണം നടത്തിയ ഭീകരരില്‍ ഒരാളെന്ന് ഇന്ത്യ വ്യക്തമാക്കി.

കൂടാതെ, ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറാന്‍ ഭീകരരെ സഹായിച്ച രണ്ട് ഗൈഡുകളെ പ്രദേശവാസികള്‍ പിടികൂടി സൈന്യത്തിനെ ഏല്‍പിച്ചെന്നും ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കര്‍ പാക് ഹൈക്കമ്മീഷണര്‍ അബ്ദുള്‍ ബാസിതിനെ അറിയിച്ചു. ഫൈസല്‍ ഹുസൈന്‍ അവാന്‍ (20), യാസിന്‍ ഖുര്‍ഷിദ് (19) എന്നീ മുസാഫറാബാദ് സ്വദേശികളാണ് ഭീകരരെ കശ്മീരിലേക്ക് നുഴഞ്ഞ് കയറാന്‍ സഹായിച്ചതെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ഒപ്പം, ഭീകരരുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന മുഹമ്മദ് കബീര്‍ അവാന്‍, ബഷറാത്ത് എന്നിവരെ കുറിച്ചുള്ള വിവരങ്ങളും ഇന്ത്യ പാകിസ്താന് കൈമാറിയിട്ടുണ്ട്. പാകിസ്താനില്‍ നിന്നുമുള്ള തുടര്‍ച്ചയായ ഭീകരാക്രമണങ്ങള്‍ ഇന്ത്യക്ക് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി എസ് .ജയശങ്കര്‍ പാക് ഹൈക്കമ്മീഷണറെ അറിയിച്ചു.