ഉവൈസിയുടെ കഴുത്തില്‍ കത്തിവെക്കുമെന്ന് രാജ് താക്കറെ

09:39am 10/04/2016
raj thackeray
മുംബൈ: ഭാരത് മാതാ കീ ജയ് വിളിക്കില്‌ളെന്ന് പറഞ്ഞ അസദുദ്ദീന്‍ ഉവൈസി മഹാരാഷ്ട്രയിലേക്ക് വന്നാല്‍ ഉവൈസിയുടെ കഴുത്തില്‍ താന്‍ കത്തിവെക്കുമെന്ന് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന അധ്യക്ഷന്‍ രാജ് താക്കറെ. ഉവൈസി സഹോദരന്മാര്‍ക്ക് സാമ്പത്തികസഹായം നല്‍കുന്നത് ബി.ജെ.പിയാണെന്നും രാജ് ആരോപിച്ചു. ശിവജി പാര്‍ക്കില്‍ നടന്ന പാര്‍ട്ടി റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ വഞ്ചിക്കുകയാണ്. ‘അച്ഛേ ദിന്‍’ എവിടെയെന്നും ഇത്രയധികം വിദേശയാത്രകള്‍ നടത്തിയ വേറൊരു പ്രധാനമന്ത്രിയില്‌ളെന്നും രാജ് കുറ്റപ്പെടുത്തി.
തിരികെ കൊണ്ടുവരുമെന്ന് പറഞ്ഞ കള്ളപ്പണമെവിടെയെന്നും രാജ്യത്തെ കോടികളുമായി മല്യ കടന്നില്‌ളേയെന്നും രാജ് ചോദിച്ചു. സ്വര്‍ണവ്യാപാരികള്‍ ഇപ്പോള്‍ പറയുന്നത് ബി.ജെ.പിയെ വോട്ട് ചെയ്ത് അധികാരത്തിലത്തെിച്ചത് അബദ്ധമായിയെന്നാണ്. കാരണം അവര്‍ക്കുമേല്‍ നിയമം കൊണ്ടുവരുന്നതിനെ എതിര്‍ക്കുമെന്ന് പറഞ്ഞിരുന്ന മോദി പ്രധാനമന്ത്രിയായപ്പോള്‍ അത് നടപ്പാക്കി. അധികാരത്തിലേറി നൂറ് ദിവസത്തിനുള്ളില്‍ അദ്ഭുതം കൊണ്ടുവരുമെന്ന് മോദി പറഞ്ഞിരുന്നു. എവിടെയാണ് ആ അദ്ഭുതങ്ങള്‍. ഇപ്പോള്‍ ദേശീയത പോലുള്ള വിഷയങ്ങളില്‍ ആര്‍.എസ്.എസിന്റെ സഹായം തേടിയിരിക്കുകയാണെന്നും ആര്‍.എസ്.എസ് ദേശീയതക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുമോയെന്നും താക്കറെ ചോദിച്ചു.