എം.ബി.ബി.എസ് പരീക്ഷയില്‍ ഹൈടെക് കോപ്പിയടി

09:15 am 26/9/2016
images (4)
തിരുവനന്തപുരം: ആരോഗ്യ സര്‍വകലാശാല നടത്തുന്ന എം.ബി.ബി.എസ് പരീക്ഷയില്‍ കൂട്ടകോപ്പിയടി അരങ്ങേറുന്നു. തിരുവനന്തപുരത്തെ സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളജിലാണ് ഹൈടെക് കോപ്പിയടി. ഇതുസംബന്ധിച്ച് വ്യാപക പരാതി ഉയര്‍ന്നെങ്കിലും ഇതുവരെ ആരോഗ്യ സര്‍വകലാശാല നടപടിയെടുത്തിട്ടില്ല.
എം.സി റോഡില്‍ നഗര അതിര്‍ത്തിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കോളജിലാണ് കോപ്പിയടി അരങ്ങേറിയത്. വെള്ളിയാഴ്ച നടന്ന എം.ബി.ബി.എസ് പരീക്ഷയുടെ ജനറല്‍ മെഡിസിന്‍ പേപ്പര്‍ ഒന്നിലാണ് കോപ്പിയടി. ഏഴ് വിദ്യാര്‍ഥികള്‍ വയര്‍ലെസ് ബ്ളൂടൂത്ത് ചെവിയില്‍ ഘടിപ്പിച്ചാണ് പരീക്ഷാഹാളില്‍ എത്തിയത്. ചോദ്യങ്ങള്‍ ഇതുവഴി പറഞ്ഞുകൊടുക്കുകയും ഉത്തരങ്ങള്‍ തിരികെ പറഞ്ഞുകൊടുക്കുകയും ചെയ്യുന്ന രീതിയാണ് പരീക്ഷിച്ചത്. കോളജ് അധികൃതരുടെ ഒത്താശയോടെയാണ് കോപ്പിയടി നടക്കുന്നത്. മാനേജ്മെന്‍റ് ക്വോട്ട സീറ്റില്‍ പ്രവേശം നേടിയ വിദ്യാര്‍ഥികളാണ് സംഘടിതമായി കോപ്പിയടി നടത്തുന്നത്. ഇതിനു പുറമേ രഹസ്യമായി പരീക്ഷാ ഹാളില്‍ കയറ്റുന്ന മൊബൈലില്‍ പി.ഡി.എഫ് രൂപത്തില്‍ ഉത്തരങ്ങള്‍ കൊണ്ടുവന്നും കോപ്പിയടി നടത്തുന്നു.
കോളജ് അധികൃതരുടെ അറിവോടെ നടക്കുന്ന കോപ്പിയടിയായതിനാല്‍ പഠിച്ച് പരീക്ഷ എഴുതാനത്തെുന്ന വിദ്യാര്‍ഥികള്‍ വിവരം പുറത്തുപറയാന്‍ ഭയക്കുകയാണ്. ഇവര്‍ വഴിയാണ് കൂട്ടകോപ്പിയടിയുടെ വിവരം ചോര്‍ന്നത്. സര്‍വകലാശാലാ പരീക്ഷാ മേല്‍നോട്ടത്തിനായി പുറമേനിന്നുള്ള അധ്യാപകരെ നിയമിച്ചിട്ടുണ്ടെങ്കിലും ഇവരെ കോളജ് അധികൃതര്‍ ‘വേണ്ട രൂപത്തില്‍’ കണ്ടതോടെ നടപടി ഇല്ലാതെ പോവുകയാണ്. കോപ്പിയടിക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ആരോഗ്യ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ.എം.കെ.സി. നായര്‍ പറഞ്ഞു. ഇതുസംബന്ധിച്ച് പരീക്ഷാ കണ്‍ട്രോളര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം എം.സി റോഡിലെ മറ്റൊരു സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളജില്‍ പരീക്ഷക്കിടെ കോപ്പിയടി നടത്തിയ രണ്ടുപേരെ ആരോഗ്യ സര്‍വകലാശാലയുടെ പ്രത്യേക സ്ക്വാഡ് പിടികൂടുകയും അയോഗ്യരാക്കുകയും ചെയ്തിരുന്നു. പരീക്ഷാ ഹാളില്‍നിന്ന് ഇടക്കിടെ മൂത്രപ്പുരയില്‍ പോയ വിദ്യാര്‍ഥികളെയാണ് സംശയം തോന്നി പിടികൂടിയത്.