10.41 PM 20-06-2016
മെഡിക്കല്‍ എന്‍ട്രന്‍സ് ഫലത്തിന് പിന്നാലെ എഞ്ചിനീയറിങ് പരീക്ഷ ഫലത്തിലും എറണാകുളം ജില്ലക്ക് അഭിമാനമായ നേട്ടം. ഒന്നാം റാങ്ക് നേട്ടത്തിന് പുറമേ ആദ്യ പത്തു റാങ്കുകാരിലെ രണ്ടു പേരും ജില്ലക്കാരാണ്. ഇതിന് പുറമേ എസ്.സി വിഭാഗത്തില്‍ രണ്ടാം റാങ്കും ഇടുക്കി ജില്ലയിലെ ഒന്നാ റാങ്കും ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ നേടി. സംസ്ഥാന തലത്തില്‍ ആദ്യ 1000 റാങ്കുകാരില്‍ ഏറ്റവും കൂടുതല്‍ പേരുള്ളതും (185) കൂടുതല്‍ പേര്‍ എഞ്ചിനീയറിങ് പ്രവേശനത്തിന് യോഗ്യത നേടിയതും (6971) ജില്ലയില്‍ നിന്ന് തന്നെ. ഒന്നാം റാങ്ക് നേടിയ വി രാം ഗണേഷും ഏഴാം റാങ്ക് നേടിയ ജോര്‍ഡി ജോസും ഒന്‍പതാം റാങ്ക് നേടിയ റിതേഷ് കുമാറും എസ്്ടി വിഭാഗത്തില്‍ രണ്ടാം റാങ്ക്്‌നേടിയ എസ് നമിതയുമാണ് ജില്ലയുടെ യശസ് ഉയര്‍ത്തിയത്. ഇടുക്കി ജില്ലയില്‍ ഒന്നാമാനായ ജേക്കബ് വി.സിജുവും എറണാകുളം സ്വദേശിയാണ്. ഒന്നാം റാങ്ക് നേടിയ വി റാം ഗണേഷ് തൃപ്പൂണിത്തുറ ചിന്‍മയ വിദ്യാലയയില്‍ നിന്നാണ് പ്ലസ് ടു 98.4ശതമാനം മാര്‍ക്കോടെ ജയിച്ചത്. തൃപ്പൂണിത്തുറ ശ്രീഹരിറാമില്‍ ഫാക്ടിറ്റിലെ കെമിക്കല്‍ എന്‍ജിനിയറായ ആര്‍ വെങ്കിടേഷിന്റെയും ബിഎസ്എന്‍എല്‍ ജീവനക്കാരി ആര്‍ റോജയുടെയും മകനായ രാം ഗണേഷിന് ഇലക്ട്രിക്കല്‍ എന്‍ജിനീയറാവാനാണ് താല്‍പ്പര്യം. അനുജന്‍ ഹരി ഗണേഷ് പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. പ്രവേശനപരീക്ഷയില്‍ 945/960 മാര്‍ക്ക് വാങ്ങിയാണ് രാം ഗണേഷ് ഒന്നാം റാങ്കിന് അര്‍ഹനായത്. ഓള്‍ ഇന്ത്യ തലത്തില്‍ 271 റാങ്കും ഈ മിടുക്കന്‍ സ്വന്തമാക്കിയിരുന്നു. മുംബൈ, മദ്രാസ് ഐ.ഐ.ടികളിലൊന്നില്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറിങിന് ചേരാനാണ് താല്‍പര്യമെന്ന് റാം ഗണേഷ് പറഞ്ഞു. ആദ്യ പത്തിലൊരു റാങ്ക് പ്രതീക്ഷിച്ചിരുന്നതായും രാം കൂട്ടിചേര്‍ത്തു.
വാഴക്കുളം ആലക്കാട്ട് ഹൗസില്‍ ജിയോ ജോസിന്റെയും ഡീനയുടെയും ഏക മകനാണ് ഏഴാം റാങ്ക് നേടിയ ജോര്‍ഡി ജോസ്. ജിയോ ജോസ് അധ്യാപകനും ഡീന കൃഷി ഓഫീസറുമാണ്. രണ്ടു വര്‍ഷത്തെ കഠിന പരിശ്രമത്തിനൊടുവിലാണ് റാങ്ക് നേട്ടം. മാന്നാനം കെഇ സ്‌കൂളിലായിരുന്നു ജോര്‍ഡിയുടെ പ്ലസ്ടു പഠനം. പ്ലസ് ടുവിന് 99 ശതമാനം മാര്‍ക്ക് വാങ്ങിയ ജോര്‍ഡിക്ക് 895/960 മാര്‍ക്കാണ് പ്രവേശനപരീക്ഷക്ക് ലഭിച്ചത്. ഇലക്ട്രിക്കല്‍ എന്‍ജിനിയറിങില്‍ പ്രവേശനം നേടാന്‍ ആഗ്രഹമെന്ന് ജോര്‍ഡി പറഞ്ഞു. സംസ്ഥാന എന്‍ജിനിയറിങ് പരീക്ഷയില്‍ ഒന്‍പതാം റാങ്ക് നേടിയ റിതേഷ് കുമാര്‍ കൊച്ചിയിലാണ് താമസമെങ്കിലും മലയാളിയല്ല. കൊച്ചി നേവല്‍ ബേസിലെ ഉദ്യോഗസ്ഥനായ അച്ഛന്‍ രാകേഷ് കുമാറിന്റെ ജോലി സംബന്ധമായാണ് റിതേഷ് നേവല്‍ ബേസ് കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥിയാകുന്നത്. അമ്മ രാജ്ബാല വീട്ടമ്മയാണ്. പ്രവേശന പരീക്ഷയില്‍ 898/960 മാര്‍ക്ക് വാങ്ങിയ റിതേഷിന് പ്ലസ്ടുവിന് 96.8 ശതമാനം മാര്‍ക്കാണ് ലഭിച്ചത്. കാണ്‍പൂര്‍, ഗോവ ഐ.ഐ.ടികളിലൊന്നില്‍ പഠിക്കാനാണ് റിതേഷിന്റെ തീരുമാനം.
എസ്ടി വിഭാഗത്തില്‍ രണ്ടാം റാങ്ക് ലഭിച്ച എസ്. നമിത എറണാകുളം പൂണിത്തുറ സ്വദേശിയാണ്. കരിമുണ്ടക്കല്‍ വീട്ടില്‍ കെ.എ സജീവിന്റെയും സുപ്രഭയുടെയും മകളാണ്. അമ്പലമുകള്‍ കൊച്ചിന്‍ റിഫൈനറി സ്‌കൂളില്‍ നിന്നാണ് പ്ലസ്ടു പഠനം പൂര്‍ത്തിയാക്കിയത്. ആകെ 449 മാര്‍ക്ക് നേടിയ നമിത സംസ്ഥാന തലത്തില്‍ 1605ാം റാങ്കും നേടി. ഇടുക്കി ജില്ലയില്‍ ഒന്നാമാനായ ജേക്കബ് വി.സിജുവും എറണാകുളം സ്വദേശിയാണ്. കൂത്താട്ടുകുളം വലിയകുളങ്ങര വീട്ടില്‍ ഡോ. സിജു ജോസഫിന്റെയും സ്വപനയുടെയും മകനായ സിജു 565 മാര്‍ക്ക് നേടി 23ാം റാങ്കും സ്വന്തമാക്കി. മാന്നാനം കെ.എ സ്‌കൂളിലായിരുന്നു പ്ലസ്ടു പഠനം. ചെന്നൈ ഐ.ഐ.ടിയില്‍ തുടര്‍ പഠനം നടത്താനാണ് ആഗ്രഹമെന്ന് സിജു പറഞ്ഞു.