എടിഎം മെഷീനാണെന്നു കരുതി പാസ്ബുക്ക് പ്രിന്റിംഗ് മെഷീന്‍ മോഷ്ടിച്ച സംഘം അറസ്റ്റില്‍

09.51 PM 01-09-2016
atm_pass_0109
എടിഎം മെഷീനാണെന്നു കരുതി പാസ്ബുക്ക് പ്രിന്റിംഗ് മെഷീന്‍ മോഷ്ടിച്ച സംഘം അറസ്റ്റില്‍. ഗോഹട്ടിയിലെ ബിനോവാനഗര്‍ എസ്ബിഐ ശാഖയില്‍നിന്നാണ് എടിഎം മെഷീനാണെന്ന് കരുതി പാസ്ബുക്ക് പ്രിന്റ് ചെയ്യുന്ന മെഷീന്‍ സംഘം തട്ടിയെടുത്തത്.
മോഷണം നടത്തി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ നാലംഗസംഘം പോലീസ് പിടിയിലാവുകയായിരുന്നു. സാഹബ് അലി, സൈഫുള്‍ റഹ്മാന്‍, മെയ്‌നുള്‍ ഹേഗ്, സാദം ഹുസൈന്‍ എന്നിവരാണ് പിടിയിലായത്. ഉപഭോക്താക്കളുടെ പണമിടപാടുകളുടെ വിവരങ്ങള്‍ പാസ്ബുക്കില്‍ രേഖപ്പെടുത്തുന്നതിനുള്ള മെഷീനാണ് ഇവര്‍ മോഷ്ടിച്ചത്. എടിഎം മെഷീനും പാസ്ബുക്ക് പ്രിന്റിംഗ് മെഷീനും തമ്മിലുള്ള വ്യത്യാസം മനസിലാവാതെ പോയതാണ് സംഘത്തിന് അബദ്ധം പിണയാന്‍ കാരണം.
വിഐപികള്‍ക്കു നല്‍കുന്ന കാര്‍ പാസ് ഉപയോഗിച്ചാണ് മോഷണം നടത്തിയശേഷം ഇവര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചത്. സംഘത്തിന് എങ്ങനെയാണ് ഈ പാസ് ലഭിച്ചതെന്നു പോലീസ് അന്വേഷിച്ചുവരികയാണ്.