എന്‍ജിനീയറിങ് ട്രയല്‍ അലോട്ട്മെന്‍റ് മാറ്റി

09:45 AM 27/06/2016
download (2)
തിരുവനന്തപുരം: എന്‍ജിനീയറിങ് പ്രവേശത്തിനായുള്ള ട്രയല്‍ അലോട്ട്മെന്‍റ് പ്രസിദ്ധീകരിക്കുന്നത് മാറ്റി. വേണ്ടത്ര വിദ്യാര്‍ഥികളില്‍നിന്ന് ഓപ്ഷന്‍ ലഭിക്കാത്ത സാഹചര്യത്തിലാണ് ഞായറാഴ്ച പ്രസിദ്ധീകരിക്കാനിരുന്ന ട്രയല്‍ അലോട്ട്മെന്‍റാണ് നീട്ടിയത്. ഞായറാഴ്ച വൈകീട്ട് വരെ 30000ത്തോളം പേരാണ് ഓപ്ഷന്‍ സമര്‍പ്പിച്ചത്. 55914 വിദ്യാര്‍ഥികളാണ് ഇത്തവണ പ്രവേശ പരീക്ഷയുടെ റാങ്ക് പട്ടികയില്‍ ഇടംപിടിച്ചത്. മെഡിക്കല്‍ അനുബന്ധ കോഴ്സുകളിലേക്കുള്ള അലോട്ട്മെന്‍റ് വൈകുന്നത് എന്‍ജിനീയറിങ് ഓപ്ഷന്‍ സമര്‍പ്പണത്തെ ബാധിച്ചതായാണ് വിലയിരുത്തല്‍.
രണ്ട് റാങ്ക് പട്ടികയിലും ഇടംപിടിച്ച വിദ്യാര്‍ഥികള്‍ മെഡിക്കല്‍ പ്രവേശത്തിലെ സാധ്യത കൂടി നോക്കിയായിരിക്കും എന്‍ജിനീയറിങ് ഓപ്ഷന്‍ സമര്‍പ്പിക്കുന്നത്. ട്രയല്‍ അലോട്ട്മെന്‍റ് നീട്ടിയതോടെ ഓപ്ഷന്‍ സമര്‍പ്പണ സമയവും ഒന്നാം അലോട്ട്മെന്‍റും നീട്ടേണ്ടിവരും. 28വരെ ഓപ്ഷന്‍ സമര്‍പ്പണവും 30ന് ആദ്യ അലോട്ട്മെന്‍റുമായിരുന്നു നേരത്തേ അറിയിച്ചത്.