സോള്‍: മറ്റു രാജ്യങ്ങള്‍ എതിര്‍പ്പുമായി രംഗത്തത്തെിയതോടെ, ആണവ ദാതാക്കളുടെ ഗ്രൂപ്പില്‍ (എന്‍.എസ്.ജി) അംഗമാകാനുള്ള ഇന്ത്യയുടെ നീക്കത്തിന് തിരിച്ചടി. ദക്ഷിണ കൊറിയന്‍ തലസ്ഥാനമായ സോളില്‍ വ്യാഴാഴ്ച ആരംഭിച്ച എന്‍.എസ്.ജി പ്ളീനറി യോഗത്തില്‍ ചൈനക്ക് പുറമേ, ബ്രസീല്‍, ഓസ്ട്രിയ, ന്യൂസിലന്‍ഡ്, അയര്‍ലന്‍ഡ്, തുര്‍ക്കി എന്നീ രാജ്യങ്ങളും എതിര്‍പ്പുയര്‍ത്തി. ആണവ നിരായുധീകരണ ഉടമ്പടിയില്‍ ഇന്ത്യ ഒപ്പുവെക്കാത്തത് ചൂണ്ടിക്കാട്ടിയാണ് ഈ രാജ്യങ്ങള്‍ ഇന്ത്യക്കെതിരെ രംഗത്തത്തെിയത്. അതേസമയം, അടുത്തിടെ സന്ദര്‍ശനത്തിനത്തെിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നല്കിയ ഉറപ്പ് പാലിച്ച് മെക്സികോ ഇന്ത്യയെ പിന്തുണച്ചു. ഇന്ത്യയും ഉള്‍പ്പെടുന്ന ബ്രിക്സ് ഗ്രൂപ്പിലെ അംഗമായ ബ്രസീല്‍ എതിര്‍ത്തത് ഇന്ത്യക്ക് കനത്ത ആഘാതമാണ്. അതേസമയം, ചൈനയുടെ പിന്തുണയുണ്ടായിട്ടും പാകിസ്താനെ അംഗമാക്കുന്ന കാര്യത്തില്‍ പ്ളീനറി യോഗത്തില്‍ ചര്‍ച്ച നടന്നില്ല.
ഇന്ത്യയുടെ എന്‍.എസ്.ജി അംഗത്വത്തിന് പിന്തുണ തേടി പ്രധാനമന്ത്രി നരേന്ദ്ര മോദി, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി വ്യാഴാഴ്ച കൂടിക്കാഴ്ച നടത്തിയെങ്കിലും ഫലമുണ്ടായില്ളെന്നാണ് പുതിയ സംഭവവികാസങ്ങള്‍ സൂചിപ്പിക്കുന്നത്. ഉസ്ബകിസ്താന്‍ തലസ്ഥാനമായ താഷ്കന്റില്‍ ആരംഭിച്ച ഷാങ്ഹായ് സഹകരണ സംഘടന (എസ്.സി.ഒ) ഉച്ചകോടിക്കിടെയായിരുന്നു കൂടിക്കാഴ്ച. ഇന്ത്യയുടെ അപേക്ഷ ന്യായമായി പരിഗണിക്കണമെന്ന് മോദി ചൈനീസ് പ്രസിഡന്റിനോട് അഭ്യര്‍ഥിച്ചു. ഇന്ത്യയുടെ അപേക്ഷയില്‍ തങ്ങള്‍ ‘ക്രിയാത്മക പങ്ക്’ വഹിക്കുമെന്ന് ചൈന കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ഇന്ത്യയുടെ അംഗത്വ വിഷയം എന്‍.എസ്.ജി പ്ളീനറി യോഗത്തില്‍ ചര്‍ച്ചക്കെടുക്കാന്‍ തീരുമാനിച്ചത് മികച്ച നേട്ടമായാണ് വിലയിരുത്തപ്പെട്ടത്. ഒന്നൊഴികെ മറ്റു രാജ്യങ്ങള്‍ക്കിടയില്‍ സമവായമുണ്ടായെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുകയും ചെയ്തു. എതിര്‍പ്പ് ചൈനക്ക് മാത്രമാണെന്ന സൂചനയാണ് ഇത് നല്‍കിയത്. എന്നാല്‍, ഇന്ത്യയുടെ പ്രതീക്ഷകള്‍ അസ്ഥാനത്താണെന്നാണ് പ്ളീനറി യോഗത്തിലെ സംഭവവികാസങ്ങള്‍ തെളിയിക്കുന്നത്. ഇന്ത്യയുടെ അംഗത്വ വിഷയത്തില്‍ സമാപന ദിവസമായ വെള്ളിയാഴ്ചയും തീരുമാനമുണ്ടാകാന്‍ സാധ്യത കുറവാണ്. അടുത്ത വര്‍ഷം നടക്കുന്ന പ്ളീനറി യോഗത്തിലേക്ക് തീരുമാനം നീട്ടുമെന്നാണ് സൂചന. ഈ വര്‍ഷം അവസാനം പ്രത്യേക പ്ളീനറി ചേരാനും സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍, ആ യോഗത്തിലേക്ക് തീരുമാനം നീട്ടിവെക്കാനാണ് സാധ്യത. 48 അംഗങ്ങളില്‍ അമേരിക്കയും ഫ്രാന്‍സും ജപ്പാനും ഉള്‍പ്പെടെ 20 രാജ്യങ്ങള്‍ ഇന്ത്യയുടെ അംഗത്വ അപേക്ഷയെ പിന്തുണക്കുന്നുണ്ട്. അതിനിടെ, എന്‍.എസ്.ജിയില്‍ ഇന്ത്യയുടെ അംഗത്വത്തെ എതിര്‍ക്കുന്ന ചൈനയുടെ നിലപാട് ഇരു രാജ്യങ്ങള്‍ക്കുമിടയിലെ നയതന്ത്ര ബന്ധവുമായി കൂട്ടിക്കുഴക്കരുതെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഹുവ ചുന്‍യിങ് ആവശ്യപ്പെട്ടു.