എന്‍.എ.ജി.സി ഓണാഘോഷം പ്രൗഢഗംഭീരമായി

09;20 pm 28/9/2016

– സതീശന്‍ നായര്‍
Newsimg1_84999312
ഷിക്കാഗോ: നായര്‍ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഷിക്കാഗോയുടെ ഓണാഘോഷപരിപാടികള്‍ ഡസ്‌പ്ലെയിന്‍സിലുള്ള അപ്പോളോ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ചു വിപുലമായി ആഘോഷിച്ചു.

താലപ്പൊലിയുടേയും, ചെണ്ടമേളങ്ങളുടേയും അകമ്പടിയോടുകൂടി മഹാബലി തമ്പുരാനെ വേദിയിലേക്ക് ആനയിച്ചു. പ്രസിഡന്റ് എം.എന്‍.സി നായര്‍, സെക്രട്ടറി സുരേഷ് ബാലചന്ദ്രന്‍, ട്രഷറര്‍ രാജഗോപാല്‍ നായര്‍, കമ്മിറ്റി അംഗങ്ങളായ ഡോ. സുനിതാ നായര്‍, വിജി നായര്‍, സ്‌പോണ്‍സറായ അശോക് ലക്ഷ്മണന്‍ തുടങ്ങിയവര്‍ ചേര്‍ന്നു ഭദ്രദീപം കൊളുത്തി ആഘോഷപരിപാടികള്‍ക്ക് തുടക്കംകുറിച്ചു. പ്രസിഡന്റ് എം.എന്‍.സി നായര്‍ സദസിന് സ്വാഗതം ആശംസിക്കുകയും, ഏവര്‍ക്കും സര്‍വ്വ മംഗളങ്ങളും നേര്‍ന്നു.

ഓണപ്പാട്ട്, തിരുവാതിര, മോഹിനിയാട്ടം, സ്കിറ്റുകള്‍, മറ്റു നൃത്തനൃത്യങ്ങള്‍ എന്നിവ ചടങ്ങിനു കൊഴുപ്പേകി. ഗ്രാന്റ് സ്‌പോണ്‍സര്‍ അശോക് ലക്ഷ്മണന്‍, സന്ധ്യാ രാധാകൃഷ്ണന്‍, ശ്രീദേവി, ശ്രീവിദ്യ, ഗോവിന്ദ് പ്രഭാകര്‍, നന്ദിനി നായര്‍ തുടങ്ങിയവരെ ചടങ്ങില്‍ ആദരിച്ചു. കലാ ജയന്‍, ലക്ഷ്മി നായര്‍ എന്നിവര്‍ ആശംസാപ്രസംഗം നടത്തി. ദേവി ചടങ്ങില്‍ മാസ്റ്റര്‍ ഓഫ് സെറിമണി നിര്‍വഹിച്ചു.

സംഘടനയിലെ കുടുംബാംഗങ്ങള്‍ പാകംചെയ്തുകൊണ്ടുവന്ന ഓണസദ്യ കേരളത്തനിമ വിളിച്ചറിയിച്ചു. വിജി. എസ്. നായരുടെ നേതൃത്വത്തില്‍ രഘു നായര്‍, രാജി നായര്‍, കലാ ജയന്‍ എന്നിവര്‍ ഫുഡ് കോര്‍ഡിനേറ്റേഴ്‌സായി പ്രവര്‍ത്തിച്ചു. ഓംകാരം ചിക്കാഗോയുടെ ചെണ്ടമേളം ഓണാഘോഷപരിപാടികള്‍ക്ക് കേരളത്തനിമ നല്‍കി. ജയന്‍ മുളങ്ങാട് പ്രോഗ്രാം കോര്‍ഡിനേറ്ററായിരുന്നു. മഹാബലിയായി മഹേഷ് കൃഷ്ണന്‍ വേഷമിട്ടു. സെക്രട്ടറി സുരേഷ് ബാലചന്ദ്രന്‍ ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി.