എന്‍.സി.ആര്‍.ഐ ചെയര്‍മാന്‍: തൊഴില്‍ മന്ത്രിയുടെ ശിപാര്‍ശ വെട്ടി സ്മൃതി ഇറാനി

04:34pm 6/4/2016
download (2)
ന്യൂഡല്‍ഹി: കേന്ദ്ര തൊഴില്‍ വകുപ്പ് മന്ത്രി ബംദാരു ദത്തത്രേയയുടെ ശിപാര്‍ശ വകവെക്കാതെ നാഷണല്‍ കൗണ്‍സില്‍ ഓഫ് റൂറല്‍ ഇന്‍സ്റ്റിറ്റിയൂട്ട് (എന്‍.സി.ആര്‍.ഐ) ചെയര്‍മാനായി ഡോ. ജി. പ്രസന്നകുമാറിനെ നിയമിച്ചു. മാനവ വിഭവശേഷി വകുപ്പ് മന്തി സ്മൃതി ഇറാനിയുടേതാണ് തീരുമാനം. ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിച്ച അന്തിമ പട്ടികയില്‍ മൂന്നാളില്‍ ഒരാള്‍ ബംദാരു ശിപാര്‍ശ ചെയ്ത കെ. സുധാകര്‍ ആയിരുന്നു.

ഫെബ്രുവരി ഒമ്പതിന് നടന്ന അഭിമുഖത്തില്‍ 11പേരില്‍ നിന്ന് കെ. സുധാകര്‍, പ്രസന്നകുമാര്‍, ഐ. ലോകാനന്ദ റെഡ്ഡി എന്നിവരടങ്ങിയ മൂന്ന് പേരെ മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ എം.കെ. കോവ് തലവനായ കമ്മിറ്റി ശിപാര്‍ശ ചെയ്തിരുന്നു. സുധാകര്‍ 2014ല്‍ എന്‍.സി.ആര്‍.ഐ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കിലും ജനവരി 13ന് ബംദാരു സ്മൃതി ഇറാനിക്ക് അയച്ച കത്തില്‍ സുധാകറിനെ ശിപാര്‍ശ ചെയ്യുന്നതിന് പ്രത്യേക കാരണമൊന്നും സൂചിപ്പിച്ചിട്ടില്ല.

എന്‍.സി.ആര്‍.ഐയുടെ ചുമതല പലപ്പോഴും നല്‍കാറുള്ളത് ഹൈദരാബാദ് സര്‍വകലാശാല വൈസ് ചാന്‍സ്ലര്‍ക്കാണ്. മുന്‍ ചെയര്‍മാന്‍ ഡോ. ദുര്‍ഘപ്രസാദിന്റെ കാലാവധി കഴിയുന്നതിനെ തുടര്‍ന്ന് അദ്ദേഹം അവധിയില്‍ പ്രവേശിച്ചതിനാല്‍ ഹൈദരാബാദ് സര്‍വകലാശാല വി.സി അപ്പ റാവുവിനാണ് ഇപ്പോള്‍ ചുമതല.

ബംദാരുവിന്റെ നിര്‍ദേശപ്രകാരം സുധാകറിനെ നിയമിച്ചാല്‍ അക്കാദമിക മേഖലകളില്‍ രാഷ്ട്രീയ ഇടപെടലുകള്‍ നടത്തുന്നുണ്ടെന്ന് ആക്ഷേപമുയരും എന്നുള്ളതിനാലാണ് പ്രസന്ന കുമാറിനെ നിയമിച്ചതെന്നും അദ്ദേഹം ഹൈദരാബാദുമായി ബന്ധമില്ലാത്ത വ്യക്തിയാണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അഭിപ്രായപ്പെടുന്നു.

കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വയം ഭരണ സ്ഥാപനമാണ് എന്‍.സി.ആര്‍.ഐ. ഗ്രാമീണ മേഖലയിലെ വിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുകയാണ് എന്‍.സി.ആര്‍.ഐയുടെ ലക്ഷ്യം.