എപ്പിസ്‌ക്കോപ്പല്‍ നാമനിര്‍ദ്ദേശം-സമയ പരിധി ജൂണ്‍ 15ന് അവസാനിക്കും.

06:55pm 01/6/2016

– പി.പി.ചെറിയാന്‍

ന്യൂയോര്‍ക്ക്: മാര്‍ത്തോമാ സഭയുടെ മേല്‍പട്ട സ്ഥാനത്തേക്ക്(എപ്പിസ്‌ക്കോപ്പ) തിരഞ്ഞെടുക്കുവാന്‍ അര്‍ഹതയുള്ള പട്ടക്കാരുടെ പേര്‍ നിര്‍ദ്ദേശിക്കുന്നതിന് സഭാ അംഗങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന കാലാവധി ജൂണ്‍ 15ന് അവസാനിക്കുന്നു.
തിരുവല്ല ഡോ. അലക്‌സാണ്ടര്‍ മാര്‍ത്തോമാ വലിയ മെത്രാപോലീത്താ സ്മാരക ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സഭാപ്രതിനിധി മണ്ഡല തീരുമാനപ്രകാരം എപ്പിസ്‌ക്കോപ്പാ സ്ഥാനത്തേക്ക് യോഗ്യതയുള്ള പട്ടക്കാരുടെ പേരുകള്‍ നിര്‍ദേശിക്കുന്നതിന് നിയമിച്ചിരിക്കുന്ന ബോര്‍ഡിനു മുമ്പാകെയാണ് നാമനിര്‍ദേശം സമര്‍പ്പിക്കേണ്ടത്. ബോര്‍ഡിന്റെ ഉപാദ്ധ്യക്ഷന്‍ ഗീവര്‍ഗീസു മാര്‍ അത്താനോസ്യോസ് സഫ്രഗന്‍ മെത്രാപോലീത്തായും, അദ്ധ്യക്ഷന്‍ മെത്രാപോലീത്തായും ആയിരിക്കും.
ലോകത്തിന്റെ അഞ്ചുവന്‍കരകളിലായി കുടിയേറി പാര്‍ക്കുന്ന മാര്‍ത്തോമാ സഭാംഗങ്ങള്‍ നേരിട്ട് എപ്പിസ്‌ക്കോപ്പാമാരെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികളില്‍ ഭാഗഭാക്കുകളാകുവാന്‍ അവസരം ലഭിക്കുന്ന എന്നതു അപൂര്‍വ്വ ബഹുമതിയാണ്.
ഉത്തമ സ്വഭാവം, പഥ്യോപദേശം, വിശ്വാസസ്ഥിരത, ദൈവഭക്തി, പക്വബുദ്ധി, കാര്യപ്രാപ്തി, സഭയുടെ വിശ്വാസാചാരങ്ങളേയും, മേലദ്ധ്യക്ഷാധികാത്തേയും, പതിനഞ്ചുവര്‍ഷത്തെ പട്ടത്വ സേവനവും പൂര്‍ത്തീകരിക്കുകയും ചെയ്തവരെയാണ് നാമനിര്‍ദ്ദേശം ചെയ്യേണ്ടതെന്ന് മെത്രാപോലീത്താ ഉത്‌ബോധിപ്പിച്ചു.
കാലാകാലങ്ങളില്‍ ഇത്തരം സ്വഭാവവൈശിഷ്ട്യം ഉള്ളവരെ തിരഞ്ഞെടുക്കുവാന്‍ കഴിഞ്ഞു എന്നുള്ളതാണ് സഭയുടെ ഇന്ന് കാണുന്ന വളര്‍ച്ചക്കു നിദാനമായിരിക്കുന്നത്.
2011ലാണ് മാര്‍ത്തോമാ സഭ മൂന്ന് എപ്പിസ്‌ക്കോപ്പാമാരെ അവസാനമായി തിരഞ്ഞെടുത്തു.

നോര്‍ത്ത് അമേരിക്കാ-യൂറോപ്പ് ഭദ്രാസന ഇടവകകളില്‍ നിന്നുള്ള അംഗങ്ങള്‍ വളരെ സജ്ജീവമായാണ് എപ്പിസ്‌ക്കോപ്പല്‍ തിരഞ്ഞെടുപ്പിന് യോഗ്യരായവരെ നാമനിര്‍ദ്ദേശം ചെയ്തത്. ഈ വര്‍ഷം നടക്കുന്ന തിരഞ്ഞെടുപ്പിലും നിരവധി പേര്‍ ഇതിനകം തന്നെ പേരുകള്‍ നിര്‍ദ്ദേശിച്ചു കഴിഞ്ഞിട്ടുണ്ട്. ജൂണ്‍ 15ന് സമയപരിധി അവസാനിക്കുന്നതിനു മുമ്പ് കൂടുതല്‍ അംഗങ്ങള്‍ ഈ തിരഞ്ഞെടുപ്പു പ്രക്രിയയില്‍ പങ്കാളികളാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.