എമിറേറ്റ്‌സിലെ ലഗേജ് വീഡിയോ ചിത്രീകരിച്ചതു റിയാ ജോര്‍ജ്

05:44 pm 14/8/2016

Riya_george_nri
ദുബായ്: അപകടത്തില്‍പെട്ട എമിറേറ്റ്‌സ് വിമാനത്തില്‍ നിന്നു ഇറങ്ങാന്‍ കൂട്ടാക്കാതെ സ്വന്തം ലഗേജ് തിരയുന്ന മലയാളികളുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എന്നാല്‍, ഈ വീഡിയോ ചിത്രീകരിച്ചത് ആരാണെന്നു മാത്രം ആര്‍ക്കുമറിയില്ല. അമേരിക്കയില്‍ വിദ്യാര്‍ഥിനിയായ റിയാ ജോര്‍ജ് എന്ന പതിനേഴുകാരിയാണു വിമാനത്തിനുള്ളില്‍ തിക്കിത്തിരക്കുന്നവരുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. അപ്പോഴത്തെ അവസ്ഥയോടു യാത്രക്കാര്‍ പ്രതികരിച്ച രീതി തന്നെയാണു അതു ക്യാമറയിലാക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്നു റിയ പറയുന്നു.

ഇവരെ പരിഹസിക്കുകയെന്ന ലക്ഷ്യമുണ്്ടായിരുന്നില്ല. പക്ഷേ, അപകടവേളയില്‍ എങ്ങനെ പെരുമാറാന്‍ പാടില്ല എന്നു ലോകത്തെ കാണിച്ചു കൊടുക്കാനാണു താന്‍ രംഗങ്ങള്‍ ഷൂട്ട് ചെയ്തത്. വിമാനത്തില്‍ നിന്നു ആളുകളെ ഒഴിപ്പിക്കാന്‍ ജീവനക്കാര്‍ ശ്രമിക്കുന്നതിനിടെ മറ്റുള്ളവരുടെ ജീവന്‍ പോലും തൃണവല്‍ഗണിച്ചു ലഗേജ് തെരഞ്ഞ പ്രവര്‍ത്തി സ്വാര്‍ഥതയുടെ ലക്ഷണമാണ്.

വിമാനത്തിനു തീപിടിച്ചിരുന്നുവെന്ന കാര്യം പല യാത്രക്കാര്‍ക്കും അറിയില്ലായിരുന്നുവെന്ന കാര്യം അംഗീകരിക്കുന്നു. പക്ഷേ, അടിയന്തിര ലാന്‍ഡിംഗ് ആണെന്ന കാര്യം ഓര്‍ക്കേണ്്ടിയിരുന്നു. വിമാനത്തില്‍ നിന്നു പുറത്തിറങ്ങുന്നതിനിടയില്‍ ലഗേജ് ചുമക്കുന്നതു മറ്റ് യാത്രക്കാര്‍ക്കു ബുദ്ധിമുട്ടുണ്്ടാക്കുകയും പരിക്കേല്‍പ്പിക്കുകയും ചെയ്യുമെന്നു ചിന്തിക്കണമായിരുന്നുവെന്നും റിയ പറഞ്ഞു. ഭാവിയില്‍ എയര്‍ഹോസ്റ്റസുമാരെ ട്രെയിന്‍ ചെയ്യാനും വീഡിയോ ഉപകരിക്കുമെന്നു അവര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.